ഭക്തരായ യഹൂദ മാതാപിതാക്കന്മാര്‍ തങ്ങളുടെ കുട്ടികളെ ദൈവത്തിനു കാഴ്ചവയ്ക്കുക, വളരെ സാധാരണമാണ്. ചിലര്‍ തങ്ങളുടെ കുട്ടികളെ ദേവാലയത്തില്‍ പുരോഹിതന്മാരുടെ സംരക്ഷണത്തില്‍ ഭക്തസ്ത്രീകളുടെ മേല്‍നോട്ടത്തില്‍ താമസിപ്പിക്കാറുണ്ട്. അവര്‍ക്കായി പ്രത്യേക മുറികള്‍ ദേവാലയത്തിലുണ്ടായിരുന്നു. ഹേലി എന്ന പുരോഹിതനോടുകൂടെ സാമുവല്‍ താമസിച്ചിരുന്ന കാര്യം സാമുവലിന്റെ ഒന്നാം പുസ്തകത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. യോയാദയുടെ ഭാര്യ ജോസബെത്തും ഫാനുവലിന്റെ മകള്‍ അന്നായും ദൈവാലയ ശുശ്രൂഷയ്ക്കായി താമസിച്ചിരുന്നതിനെപ്പറ്റി വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ട് (4 രാജാ 11: 2; 2 ദിന 22: 11; ലൂക്കാ 2: 27).
അന്നാ തന്റെ മകളെ ദൈവാലയത്തില്‍ വളരാനാണ് അനുവദിച്ചത്. മൂന്നു വയസ്സുള്ളപ്പോള്‍ കന്യകാമറിയത്തെ നസറത്തില്‍ നിന്നു 128 കിലോമീറ്ററോളം യാത്രചെയ്ത് ജെറുസലം ദേവാലയത്തില്‍ കൊണ്ടുവന്ന് കാഴ്ചവച്ചുവെന്നാണ് പാരമ്പര്യം. അമലോല്‍ഭവയായ ആ ശിശു പ്രസാദവരപൂര്‍ണ്ണയായിരുന്നു; മാലാഖമാരുടെ വിസ്മയപാത്രമായിരുന്നു. പിതാവ് തന്റെ മകളായും പുത്രന്‍ തന്റെ അമ്മയായും പരിശുദ്ധാത്മാവ് തന്റെ മണവാട്ടിയായും ആ കുഞ്ഞിനെ വീക്ഷിച്ചു. മറിയം നിത്യകന്യാത്വം വാഗ്ദാനം ചെയ്തു; വരാനിരിക്കുന്ന രക്ഷകന്റെ അമ്മയുടെ ദാസിയായി തന്നെ തിരഞ്ഞെടുക്കണമെന്ന് താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടാണിരുന്നതെന്നു തന്നെ വിശുദ്ധ ബ്രിഡ്‌ജെറ്റിനു വെളിപ്പെടുത്തിയിട്ടുണ്ട്.