നവംബര്‍ 28: വിശുദ്ധ സ്റ്റീഫന്‍ ജൂനിയറും കൂട്ടരും


പ്രതിമാവന്ദനം വിഗ്രഹാരാധനയാണെന്ന് വാദിച്ചിരുന്നവരുടെ കൈകളിലകപ്പെട്ട് രക്തസാക്ഷികളായവരില്‍ മുഖ്യനാണ് സ്റ്റീഫന്‍. 714-ല്‍ കോണ്‍സ്‌ററാന്റിനോപ്പിളില്‍ അദ്ദേഹം ജനിച്ചു. സമ്പന്നരും സുകൃതികളുമായ മാതാപിതാക്കന്മാര്‍ മകന് ഉത്തമ ശിക്ഷണം നല്കി. കാല്‍സെഡനു സമീപമുള്ള വിശുദ്ധ ഓക്‌സെന്‍സിയൂസിന്റെ ആശ്രമത്തിലാണ് സ്‌ററീഫന്‍ 15-ാമത്തെ വയസ്സുമുതല്‍ താമസിച്ചുപോന്നത്.

പിതാവ് ദിവംഗതനായപ്പോള്‍ സ്റ്റീഫന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പോയി തന്റെ ഓഹരി വിറ്റ് ദരിദ്രര്‍ക്ക് കൊടുത്ത് തിരിച്ചുവന്നു. ദൈവശാസ്ത്രവും വിശുദ്ധഗ്രന്ഥവും സ്റ്റീഫന്‍ ആര്‍ത്തിയോടെ പാരായണം ചെയ്തുകൊണ്ടിരുന്നു.

മുപ്പതാമത്തെ വയസ്സില്‍ താന്‍ പഠിച്ചിരുന്ന ആശ്രമത്തില്‍ അദ്ദേഹം ആബട്ടായി; ഒരു മലയില്‍ സ്ഥാപിച്ചിരുന്ന കൊച്ചുകൊച്ചു പര്‍ണ്ണശാലകളുടെ സമാഹാരമായിരുന്നു ആശ്രമം. പ്രസ്തുത മലയിലെ ഒരു ഗുഹയിലായിരുന്നു സ്റ്റീഫന്‍ താമസിച്ചിരുന്നത്. ആട്ടിന്‍ തോലായിരുന്നു അദ്ദേഹത്തിന്റെ ഉടുപ്പ്; ഒരു ഇരുമ്പു പട്ടയായിരുന്നു അരക്കെട്ട്. കുറേനാള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ ഏകാന്തത്തിനുവേണ്ടി സ്റ്റീഫന്‍ ആബട്ടുസ്ഥാനം രാജിവച്ചു ഗിരിശൃംഗത്തില്‍ ശരിക്കു നിവര്‍ന്നുനില്ക്കാന്‍ പാടില്ലാത്ത ഒരു ഗുഹയില്‍ താമസമുറപ്പിച്ചു.

അക്കാലത്താണ് ലെയോയുടെ പിന്‍ഗാമിയായ കൊണ്‍സ്റ്റന്റയിന്‍ കൊപ്രോണിനൂസ് പ്രതിമകള്‍ക്കെതിരായ സമരം ആരംഭിച്ചത്. 754-ല്‍ കുറെ മെത്രാന്മാരെ വിളിച്ചുകൂട്ടി പ്രതിമാവന്ദനം വിഗ്രഹാരാധനയാണെന്ന് പാസാക്കി. ഇത് സ്റ്റീഫനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കലിസ്റ്റസ്സ് എന്ന ഒരുദ്യോഗസ്ഥനെ സൈന്യത്തോടുകൂടെ രാജാവ് അയച്ചു. ഭീഷണികളും തര്‍ക്കങ്ങളും സ്റ്റീഫനെ മാനസാന്തരപ്പെടുത്തുന്നില്ലെന്നു കണ്ടപ്പോള്‍ ശിരച്ഛേദനം ചെയ്യാന്‍ കല്പനയുണ്ടായി. കൂടെ 764-ല്‍ ബാസിന്‍, പീറ്റര്‍, ആന്‍ഡു തുടങ്ങിയ 300 സന്യാസികളെ വധിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version