പത്ത് കഴിഞ്ഞ് വേഗം ജോലി വേണമെന്ന് കരുതുന്നവര്‍ക്കും പ്ലസ്ടു കഴിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യവുമായി നില്‍ക്കുന്നവര്‍ക്കുമുള്ള മികച്ച ഓപ്ഷനാണ് മൂന്നു വര്‍ഷ പോളിടെക്‌നിക് കോഴ്‌സുകള്‍. ഇന്ത്യന്‍ റെയില്‍വേ, വാട്ടര്‍ അഥോറിറ്റി, പൊതുമരാമത്ത് വകുപ്പ്, എച്ച്എംടി എന്നിങ്ങനെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരവധി തൊഴില്‍ സാധ്യതകളാണ് പോളിടെക്‌നിക്കുകാരെ കാത്തിരിക്കുന്നത്. സ്വകാര്യ മേഖലയിലും തൊഴില്‍ സാധ്യത ഏറെയാണ്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും പോളിടെക്‌നിക്ക് ഡിപ്ലോമ ഉപകരിക്കും.
All India Council for Technical Education നു കീഴിലാണ് പോളിടെക്‌നിക് കോളജുകള്‍ പ്രവര്‍ത്തിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, സൈബര്‍ ഫോറന്‍സിക് ഇന്‍ഫോര്‍മേഷന്‍ തുടങ്ങി 27 കോഴ്‌സുകള്‍ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളജുകളില്‍ പഠിപ്പിച്ചു വരുന്നു. 46 ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജുകളും ആറ് ഏയ്ഡഡ് കോളജുകളും 40 സെല്‍ഫിനാന്‍സിങ് കോളജുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് അഡ്മിഷന് അപേക്ഷിക്കാം. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് പ്രധാന വിഷയങ്ങളായെടുത്ത് പ്ലസ്ടു വിജയിച്ചവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യമുണ്ട്. ഉപരിപഠന സാധ്യത നോക്കിയാല്‍ പോളിടെക്‌നിക് വിജയിച്ചവര്‍ക്ക് ബി.ടെക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രി ലഭിക്കും. കുറഞ്ഞ തുക മാത്രമേ സര്‍ക്കാര്‍ കോളജുകളില്‍ പോളി പഠനത്തിനായി ആവശ്യമുള്ളു.
പോളിടെക്‌നിക് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. കേരളത്തിലെ സര്‍ക്കാര്‍/IHRD/CAPE പോളികളിലെ മുഴുവന്‍ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്നിക് കോളജുകളിലെ 50% സര്‍ക്കാര്‍ സീറ്റിലേക്കുമാണ് പ്രവേശനം. ഭിന്നശേഷിയുള്ളവര്‍ക്ക് 5% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ലഭിക്കും.
പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി http://www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും ശേഷം വിവിധ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കും എന്‍സിസി, സ്‌പോര്‍ട്‌സ് ക്വാട്ടകളിലേക്കും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നതുമാണ്. എന്‍സിസി, സ്‌പോര്‍ട്‌സ് ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമം എന്‍സിസി ഡയറക്ടറേറ്റിലേക്കും, സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കും നല്‍കണം. സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളജ്, സര്‍ക്കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളജിലേക്കും ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകും. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാകും.