വെള്ളിയാഴ്ച മാംസവര്‍ജ്ജനം ആവശ്യമോ?

ചോദ്യം: വെള്ളിയാഴ്ചകളിലുള്ള മാംസവര്‍ജ്ജനം ഇപ്പോഴും പാലിക്കപ്പെടുന്നുണ്ടോ? മാംസവര്‍ജ്ജനത്തെക്കുറിച്ചുള്ള നിയമം ഒന്നു വിശദീകരിക്കാമോ?

പഴയകാലങ്ങളില്‍ അപൂര്‍വമായും, ഇപ്പോള്‍ കൂടുതലായും കേള്‍ക്കുന്ന ഒരു ചോദ്യമാണിത്. പഴയ തലമുറ മാംസവര്‍ജ്ജനമെന്ന നിയമം കര്‍ശനമായി പാലിച്ചിരുന്നു. ഇപ്പോള്‍ ഈ നിയമത്തില്‍ അയവു വന്നിരിക്കുന്നു, അല്ലെങ്കില്‍ വിശ്വാസികള്‍ സ്വയം അയവു വരുത്തിയിരിക്കുന്നു. എല്ലാറ്റിനെയും വ്യക്തികളുടെ സൗകര്യാര്‍ത്ഥം വ്യാഖ്യാനിക്കുന്ന പ്രവണത കൂടിവരുന്നു എന്നതും സാന്ദര്‍ഭികമായി പറയേണ്ടതുണ്ട്.

വര്‍ജ്ജനം (abstinence) എന്നത് മാംസവും മാംസമടങ്ങിയ മറ്റ് ഭഷ്യവസ്തുക്കളും ഉപേക്ഷിക്കലാണ്. ക്രൈസ്തവരുടെയിടയില്‍ പുരാതനകാലം മുതല്‍ നിലന്നിരുന്ന ഒരു ജീവിതശൈലിയാണിത്. കര്‍ത്താവിശോമിശിഹാ ദുഃഖവെള്ളിയാഴ്ച മരിച്ചതുകൊണ്ട്, അവിടുത്തോടുള്ള ബഹുമാനത്തിന്റെ പേരിലാണ് വെള്ളിയാഴ്ചകളില്‍ മാംസം ഉപേക്ഷിക്കുന്ന സമ്പ്രദായം തുടങ്ങിയത്. പിന്നീട് ഇത് സഭാ നിയമത്തിന്റെ ഭാഗമായി മാറി.

പൗരസ്ത്യസഭകള്‍ക്കുള്ള കാനന്‍ നിയമത്തില്‍ 882-ാം കാനോന പ്രകാരം മാംസവര്‍ജ്ജനത്തെക്കുറിച്ചുള്ള നിയമങ്ങള്‍ ഓരോ വ്യക്തിസഭയും പ്രാബല്യത്തില്‍ വരുത്തേണ്ടവയാണ്. ഓരോ സംസ്‌കാരത്തിന്റെയും പ്രദേശത്തിന്റെയും പ്രത്യേകതകള്‍ കണക്കിലെടുക്കുവാന്‍ ഇത് അവസരം നല്‍കുന്നു. ലത്തീന്‍ കാനന്‍ നിയമത്തില്‍ (cc. 1251, 1252) ഇത് സംബന്ധിച്ച പൊതുവായ നിര്‍ദ്ദേശം നല്‍കുന്നുണ്ടെങ്കിലും പ്രാദേശിക മെത്രാന്‍ സംഘങ്ങള്‍ക്ക് അവശ്യാനുസരണം ഭേദഗതി വരുത്താനുള്ള സാധ്യത നല്‍കുന്നുണ്ട്. സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം മാംസവര്‍ജ്ജനത്തെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. സഭയുടെ പ്രത്യേക നിയമം (art. 196 §2) മാംസത്തില്‍ നിന്നും, മാംസം അടങ്ങിയ മറ്റ് വസ്തുക്കളില്‍ നിന്നുമുള്ള വര്‍ജ്ജനത്തെക്കുറിച്ച് പറയുന്നു.

ഏതൊക്കെ ദിവസങ്ങളിലാണ് മാംസവര്‍ജ്ജനം പാലിക്കേണ്ടത്?
പ്രത്യേക നിയമം art. 198§1 പ്രകാരം എല്ലാ വെള്ളിയാഴ്ചകളിലും മാംസവര്‍ജ്ജനം നിര്‍ബന്ധമായും പാലിച്ചിരിക്കണം. എന്നാല്‍ നിയമം തന്നെ ചില വെള്ളിയാഴ്ചകളെ ഒഴിവാക്കുന്നുണ്ട്. ക്രിസ്തുമസ്സിനും ദനഹാത്തിരുനാളിനുമിടയില്‍ (ഡിസംബര്‍ 25 – ജനുവരി ആറ്) വരുന്ന വെള്ളിയാഴ്ചകളില്‍ മാംസം വര്‍ജ്ജിക്കേണ്ടതില്ല. അതുപോലെ തന്നെ ഉയിര്‍പ്പുതിരുനാള്‍ കഴിഞ്ഞുവരുന്ന ആദ്യത്തെ വെള്ളിയാഴ്ചയും ഈ നിയമം പാലിക്കേണ്ടതില്ല. മറ്റെല്ലാ വെള്ളിയാഴ്ചകളിലും മാംസം വര്‍ജ്ജിക്കാന്‍ സഭാ നിയമം വിശ്വാസികളെ കടപ്പെടുത്തുന്നു. ഇതിനുപുറമേ, മാംസവര്‍ജ്ജനം പാലിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്ന അഥവാ പ്രോത്സാഹിപ്പിക്കുന്ന ദിവസങ്ങളുമുണ്ട്. പ്രത്യേക നിയമം art. 198 §2 അനുസരിച്ച് താഴെപ്പറയുന്ന ദിവസങ്ങളില്‍ മാംസം ഒഴിവാക്കാന്‍ സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
1) വലിയ നോമ്പിന്റെ ദിവസങ്ങള്‍ (വിഭൂതി മുതല്‍ ഈസ്റ്റര്‍ വരെ).
2) ഇരുപ്പത്തിയഞ്ച് നോമ്പിന്റെ ദിവസങ്ങള്‍
3) മൂന്ന് നോമ്പ് (യോനാ മല്‍സ്യത്തിന്റെ ഉദരത്തില്‍ ആയിരുന്ന ദിവസങ്ങളുടെ അനുസ്മരണം. ഈസ്റ്ററിന് മുമ്പുള്ള 10-ാമത്തെ ആഴ്ചയിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്ന് നോമ്പ് ക്രമപ്പെടുത്തിയിരിക്കുന്നത്)
4) എട്ട് നോമ്പ് (മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ടു വരെ)
5) പതിനഞ്ച് നോമ്പ് (ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളിനൊരുക്കമായി)
മുകളില്‍ പറഞ്ഞിരിക്കുന്ന നോമ്പിന്റെ ദിവസങ്ങളില്‍ മാംസം വര്‍ജ്ജിക്കുവാന്‍ കടമയില്ല. എന്നാല്‍ ആത്മീയ വളര്‍ച്ചയ്ക്ക് ഉപകരിക്കുമെന്നതിനാല്‍ ഈ ദിവസങ്ങളും മാംസവര്‍ജ്ജനത്തിനായി സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.

ആരൊക്കെയാണ് മാംസവര്‍ജ്ജനത്തിന് കടപ്പെട്ടവര്‍?
പൗരസ്ത്യ കാനന്‍ നിയമമോ, സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമമോ ഇക്കാര്യം വ്യക്തമാക്കുന്നില്ലെങ്കിലും, കത്തോലിക്കാ സഭയുടെ പൊതുനിര്‍ദ്ദേശമനുസരിച്ച് 14 വയസിനു മുകളിലുള്ളവരെയാണ് മാംസം വര്‍ജ്ജിക്കുവാന്‍ സഭ കടപ്പെടുത്തുന്നത്.

മാംസവര്‍ജ്ജനം, ഉപവാസം തുടങ്ങിയ സഭാനിയമങ്ങള്‍ വിശ്വസ്തയോടെ പാലിക്കുന്നത് നമ്മുടെ വിശ്വാസത്തെ പ്രഘോഷിക്കലും സാക്ഷ്യപ്പെടുത്തലുമാണ് എന്നത് നമുക്ക് ഓര്‍മ്മിക്കാം. ദൈവസ്‌നേഹവും സഹോദരസ്‌നേഹവും, ഒരു ക്രൈസ്തവന്‍ നിശ്ചിത ദിവസങ്ങളില്‍ മാംസം വര്‍ജ്ജിക്കുന്നതിനുള്ള പ്രചോദനങ്ങളായി നിലകൊള്ളുന്നു.

Exit mobile version