സകല മരിച്ചവരെയും പ്രത്യേകിച്ച് ശുദ്ധീകരണാത്മാക്കളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന നല്ല പതിവ് ആഗോള സഭയിലെന്നപോലെ നമ്മുടെ സഭയിലും നിലവിലുണ്ട്. ട്രെന്റ് സൂനഹദോസ് അതിന്റെ 25-ാമത്തെ സെക്ഷനില്‍ ശുദ്ധീകരണ സ്ഥലം ഉണ്ട് എന്നും, വിശ്വാസികളുടെ പ്രാര്‍ത്ഥന വഴിയും പ്രത്യേകിച്ച് അള്‍ത്താരയില്‍ അനുദിനമര്‍പ്പിക്കുന്ന ദിവ്യബലികളിലൂടെയും ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ സാധിക്കുമെന്നും വ്യക്തമായി പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ ശുദ്ധീകരണ സ്ഥലമുണ്ടെന്നും അവിടെയുള്ളവരുടെ പാപക്കറകളും താല്‍ക്കാലിക ശിക്ഷകളും തീരുന്നതിനായി ഈ ലോകത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ പ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും വഴി സാധിക്കുമെന്നും തിരുസഭ പഠിപ്പിക്കുന്നു.
പഴയ നിയമത്തില്‍, യുദ്ധത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പാപപരിഹാര കര്‍മ്മം ചെയ്യുന്നതിന് യൂദാസ് രണ്ടായിരത്തോളം ദ്രാക്മ വെള്ളി പിരിച്ചെടുത്ത് ജറുസലേം ദൈവാലയത്തിലേയ്ക്ക് അയച്ചുകൊടുത്തതായി (2 മക്കബായര്‍ 12:43-44) നമ്മള്‍ വായിക്കുന്നു. സഭാ പിതാക്കന്മാരുടെ പഠനങ്ങളിലും മരിച്ചവര്‍ക്കുവേണ്ടിയുള്ള ബലിയര്‍പ്പണത്തെയും പ്രാര്‍ത്ഥനയെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മോനിക്ക പുണ്യവതി തന്റെ മകനായ വിശുദ്ധ അഗസ്റ്റിനോട് പറയുന്ന കാര്യം ശ്രദ്ധേയമാണ്: ”കര്‍ത്താവിന്റെ ബലിപീഠത്തില്‍ എന്നെ ഓര്‍ക്കാന്‍ മറക്കരുത്”. വി. അഗസ്റ്റിന്‍ തന്റെ അമ്മയ്ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: ”എന്റെ ഹൃദയനാഥനായ ദൈവമേ, എന്റെ അമ്മയുടെ പാപങ്ങള്‍ക്കുവേണ്ടി ഞാന്‍ അപേക്ഷിക്കുന്നു… അവര്‍ സമാധാനത്തിലായിരിക്കട്ടെ! ഇതു വായിക്കുന്ന അനേകായിരങ്ങള്‍ അങ്ങേ ബലിപീഠത്തില്‍ അങ്ങയുടെ ദാസിയായ മോനിക്കയെ ഓര്‍മ്മിക്കട്ടെ!”. സഭാപിതാക്കന്മാരായ തെര്‍ത്തുല്ല്യാന്‍, വിശുദ്ധ എഫ്രേം, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എന്നീ പിതാക്കന്മാരും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.
ഈ വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് മരിച്ചവര്‍ക്കുവേണ്ടി ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാകുന്നത്. ഒരു വ്യക്തിയുടെ മരണശേഷം തുടര്‍ച്ചയായ ദിവസങ്ങളിലും, പ്രത്യേക അനുസ്മരണ ദിവസങ്ങളിലും, മരണ വാര്‍ഷികത്തിലും കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മരിച്ച വ്യക്തിയുടെ പരിഹരിക്കപ്പെടാത്ത പാപങ്ങള്‍ ദൈവം ക്ഷമിച്ച് സ്വര്‍ഗ്ഗഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്നു എന്ന് സഭ വിശ്വസിക്കുന്നു.
മരിച്ചുപോയ ഒരു വ്യക്തിക്കുവേണ്ടി എത്രകാലം കുര്‍ബാനയര്‍പ്പിക്കണം എന്ന ചോദ്യം സാധാരണ കേള്‍ക്കുന്നതാണ്. മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നിടത്തോളം എന്നതാണ് ഇതിനുള്ള ഉത്തരം. ഒരു വ്യക്തിയുടെ ആത്മാവിന്റെ അവസ്ഥ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടും, ദൈവിക കാരുണ്യം ചൊരിയപ്പെടുന്ന സമയം മാനുഷികമായി കണക്കുകൂട്ടാന്‍ സാധിക്കാത്തതുകൊണ്ടുമാണിത്. അതേസമയം, നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തി സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് കടന്നുപോയതിനുശേഷം ആ വ്യക്തിക്കുവേണ്ടി അര്‍പ്പിക്കുന്ന ബലികളും പ്രാര്‍ത്ഥനകളും പാഴായിപ്പോകില്ലെന്നും നമുക്കു പ്രിയപ്പെട്ടവരുടെയും ശുദ്ധീകരണാത്മാക്കളുടെയും മോക്ഷപ്രാപ്തിക്കായി പ്രയോജനപ്പെടുമെന്നും തിരുസഭ പഠിപ്പിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനാ സഹായത്താല്‍ ദൈവത്തെ മുഖാമുഖം കാണുന്ന ആത്മാക്കള്‍ പിന്നീട് നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തിലിരുന്ന് പ്രാര്‍ത്ഥിക്കുമെന്നും നമ്മള്‍ വിശ്വസിക്കുന്നു.
കുര്‍ബാന ധര്‍മ്മം അഥവാ കുര്‍ബാനപ്പണം എന്നത് തങ്ങളുടെ നിയോഗങ്ങള്‍ക്കുവേണ്ടിയുള്ള കുര്‍ബാനയര്‍പ്പണത്തിന് വിശ്വാസികള്‍ തങ്ങളുടെതായ രീതിയില്‍ പുരോഹിതന് നല്‍കുന്ന കാഴ്ചയാണ് (CCEO, c. 715). പുരോഹിതന്‍ തങ്ങളുടെ സംരക്ഷണത്തിനായി ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍, സഭാനിയമം c.716 ല്‍ പറയുന്നത് ശ്രദ്ധേയമാണ്. വിശ്വാസികള്‍ നല്‍കുന്ന കുര്‍ബാന ധര്‍മ്മം സ്വീകരിച്ച് വിശുദ്ധ ബലിയര്‍പ്പിക്കുമ്പോള്‍ത്തന്നെ, പ്രത്യേകിച്ച് കുര്‍ബാന ധര്‍മ്മം സ്വീകരിക്കാതെതന്നെ പാവങ്ങള്‍ക്കായി അവരുടെ നി
യോഗാര്‍ത്ഥം ബലിയര്‍പ്പിക്കാന്‍ ഓരോ വൈദികനും തയ്യാറാകണം. അതേ സമയം കുര്‍ബാന ധര്‍മ്മത്തിന്റെ ഏകീകരണം, ഒരേ പ്രദേശത്തുള്ള വിവിധ സഭകള്‍ തമ്മിലുള്ള ധാരണപ്രകാരം (CCEO, c. 1013), നടപ്പില്‍ വരുത്തിയിരിക്കുന്നത് പരസ്പര ധാരണയില്‍ സഭകള്‍ പ്രവര്‍ത്തിക്കുന്നതിനും, സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമാണ്. കേരള കത്തോലിക്ക മെത്രാന്‍ സമിതിയാണ് കേരളത്തിലെ കുര്‍ബാനധര്‍മ്മം നിശ്ചയിക്കുന്നത്.
കുര്‍ബാന ചൊല്ലുന്നതിന് കടമയേല്‍ക്കുന്ന വൈദികന്‍ ഏറ്റെടുത്ത കുര്‍ബാനയെക്കുറിച്ചും, ചൊല്ലിത്തീര്‍ത്ത കുര്‍ബാനയെക്കുറിച്ചുമുള്ള കൃത്യമായ കണക്ക് ഇതിനായി തയ്യാറാക്കിയിരിക്കുന്ന കുര്‍ബാന കണക്കുപുസ്തകത്തില്‍ എഴുതുകയും, ഈ കണക്കുപുസ്തകം വാര്‍ഷിക ധ്യാനാവസരത്തില്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുമാണ്.