താമരശ്ശേരി: മണിപ്പൂരില്‍ കലാപം തുടരുമ്പോഴും അധികാരികള്‍ നിസംഗത പാലിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ” മണിപ്പൂര്‍ കത്തുമ്പോള്‍ ഭരണാധികാരികള്‍ ഉറങ്ങുകയാണ്. പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലേക്കല്ല പോകേണ്ടത്, കത്തുന്ന മണിപ്പൂരിലേക്കാണ്. 1947-ല്‍ സ്വാതന്ത്ര്യം ലഭിക്കുന്ന വേളയില്‍ ഗാന്ധിജി കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമാധാനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ആ മാതൃക പകര്‍ത്താന്‍ പ്രധാനമന്ത്രിയും അധികാരികളും തയ്യാറാകണം. അധികാരികള്‍ അലസരായി കണ്ണു മൂടിയിരുന്നാല്‍ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടും. ഭരണ ഘടനയെ നോക്കുകുത്തിയാക്കി ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ഭയത്തോടെയാണു കാണുന്നത് – ബിഷപ് പറഞ്ഞു. മണിപ്പൂരിലെ നരനായാട്ടിനെതിരെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
മണിപ്പൂരിലെ കഷ്ടതയനുഭവിക്കുന്ന ജനതയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ആഹ്വാനം ചെയ്തു. മണിപ്പൂരിലെ ആയിരം കുടുംബങ്ങളെ പാര്‍പ്പിക്കാന്‍ തയ്യാറാണെന്നും ബിഷപ് പറഞ്ഞു. ”ന്യൂനപക്ഷങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം മണിപ്പൂരിലെ ജനതയ്ക്ക് ലഭിക്കണം. അതിനായി ഒറ്റക്കെട്ടായി പൊരുതണം. കുരിശില്‍ മരിച്ച ക്രിസ്തുവിന്റെ മാതൃക നമ്മെ ശക്തിപ്പെടുത്തും. സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല, അവകാശമാണ്.” ബിഷപ് കൂട്ടിച്ചേര്‍ത്തു.
മേരി മാതാ കത്തീഡ്രലില്‍ നിന്ന് പഴയ ബസ്റ്റാന്റിലേക്ക് നടത്തിയ പ്രതിഷേധ റാലിയില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് ആയിരങ്ങള്‍ അണി നിരന്നു. പ്രതിഷേധ സംഗമത്തില്‍ ഡോ. ചാക്കോ കാളാംപറമ്പില്‍ വിഷയാവതരണം നടത്തി. എകെസിസി രൂപതാ ഡയറക്ടര്‍ ഫാ. മാത്യു തൂമുള്ളി, കെസിവൈഎം രൂപതാ പ്രസിഡന്റ് അഭിലാഷ് കുടിപാറ, മാതൃവേദി രൂപതാ പ്രസിഡന്റ് ലിസി ടീച്ചര്‍, മരിയന്‍ പ്രൊ-ലൈഫ് രൂപതാ പ്രസിഡന്റ് സജീവ് പുരയിടത്തില്‍, ഷില്ലി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. ചാക്കോ കാളാംപറമ്പില്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രൂപതാ വികാരി ജനറല്‍ മോണ്‍. ജോയ്‌സ് വയലില്‍, രൂപതാ ചാന്‍സിലര്‍ ഫാ. ജിബി പൊങ്ങന്‍പാറ, കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. മെല്‍ബിന്‍ വെള്ളയ്ക്കാക്കുടിയില്‍, ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.