ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുശോചിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുശോചനം രേഖപ്പെടുത്തി. താമരശ്ശേരി രൂപതയുടെ പന്ത്രണ്ടാമത് വൈദിക സമിതിയുടെ മൂന്നാമത് സമ്മേളന വേദിയിലാണ് രൂപത കുടുംബത്തിന്റെ അനുശോചനം ബിഷപ് ഔദ്യോഗികമായി അറിയിച്ചത്.

കര്‍ഷകരെയും മലയോര ജനതയെയും അനുഭാവപൂര്‍വ്വം പരിഗണിച്ച ഭരണാധികാരിയായിരുന്നു ഉമ്മന്‍ചാണ്ടി എന്ന് ബിഷപ് അനുസ്മരിച്ചു. ‘ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയ നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. രാഷ്ട്രീയ ഭേദമന്യേ ഏവര്‍ക്കും സഹായം എത്തിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണ്. സൗമ്യതയും ലാളിത്യവും ആയിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. അടിയുറച്ച ദൈവ വിശ്വാസിയായിരുന്നു ഉമ്മന്‍ചാണ്ടി. ദൈവവിശ്വാസം മുറുകെ പിടിച്ചാണ് പ്രതിസന്ധിഘട്ടങ്ങളെ അദ്ദേഹം തരണം ചെയ്തത്.” – ബിഷപ് പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. അനുശോചന സന്ദേശത്തിന്റെ പൂര്‍ണ രൂപം:

ശ്രീ ഉമ്മന്‍ ചാണ്ടി സാറിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. അമ്പത്തിമൂന്നു വര്‍ഷം എം.എല്‍.എ എന്ന നിലയിലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രി എന്ന നിലയിലും ഉമ്മന്‍ ചാണ്ടി സാര്‍ ചെയ്ത സേവനം കേരള ജനതയുടെ ഹൃദയങ്ങളില്‍ ആഴമായ മുദ്ര പതിപ്പിച്ചിട്ടുള്ളതാണ്. കേരള ജനതയെ അദ്ദേഹം സ്‌നേഹിച്ചു, കേരളത്തിലെ ജനം അദ്ദേഹത്തെയും. പുതുപ്പള്ളിയുടെ സ്വന്തമായിരുന്നു അദ്ദേഹം. ജനപ്രിയനായ രാഷ്ട്രീയ സാമൂഹിക സേവകന്‍.

രാഷ്ട്രീയപ്രവത്തകരുടെയിടയില്‍ അദ്ദേഹം ഒരു ആചാര്യനായിരുന്നു. ഭരണപക്ഷ പ്രതിപക്ഷ വേര്‍തിരിവില്ലാതെ എല്ലാവരെയും ബഹുമാനത്തോടെ കണ്ടു പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. രാഷ്ട്രീയപ്രതിയോഗികളോടുപോലും പ്രതികാരചിന്ത ഒരിക്കലും അദ്ദേഹം പുലര്‍ത്തിയിരുന്നില്ല.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തന്റെ ആഴമായ ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങള്‍ കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അപരിഹാര്യമായ പ്രശ്‌നങ്ങളില്‍ ദൈവഹിതത്തിനു അവയെ വിട്ടുകൊടുത്തുകൊണ്ടു സമചിത്തതയോടെ ജീവിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പുതുപ്പള്ളിയും കേരളവും അദ്ദേഹത്തിന്റെ സുഹൃത്തുവലയവും ഉമ്മന്‍ ചാണ്ടിയെ തങ്ങളുടെ സ്മരണയില്‍ എന്നും നിലനിര്‍ത്തുമെന്നതില്‍ സംശയമില്ല. ഉമ്മന്‍ ചാണ്ടിസാറിന്റെ പാവനസമരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍!

Exit mobile version