ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനം ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറല്‍ മോണ്‍. എബ്രഹാം വയലില്‍, ദീപിക മാനേജിങ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട് എന്നിവര്‍ സഹകാര്‍മികരായി.
സഹനങ്ങള്‍ വിശുദ്ധിയിലേക്കുള്ള വഴിയാണെന്ന് ബിഷപ് വചന സന്ദേശത്തില്‍ പറഞ്ഞു. ”അല്‍ഫോന്‍സാമ്മ എളിമയുടെ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നത്. ദൈവം സഹനങ്ങള്‍ അനുവദിക്കുന്നത് നമ്മെ എളിമപ്പെടുത്താനാണ്. അത് വിശുദ്ധിയിലേക്ക് നമ്മെ നയിക്കും. എളിമയുടെ വഴിയേ സഞ്ചരിക്കണമെങ്കില്‍ ഈശോയെ പൂര്‍ണമായും സ്‌നേഹിക്കണമെന്ന് സ്വജീവിതത്തിലൂടെ അല്‍ഫോന്‍സാമ്മ കാണിച്ചു തന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതൃകയാണ് അല്‍ഫോന്‍സാമ്മ പിന്തുടര്‍ന്നിരുന്നത്. അല്‍ഫോന്‍സാമ്മ സഹനങ്ങളെ സ്വീകരിച്ചതുപോലെ നമുക്കും സഹനങ്ങളെ സ്വീകരിക്കാന്‍ കഴിയണം. ഈ തിരുനാള്‍ ദിനങ്ങളില്‍ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥ്യം യാചിക്കുന്നതോടൊപ്പം വിശുദ്ധയുടെ മാതൃക ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് സാധിക്കണം. വിശുദ്ധരെ സ്‌നേഹിക്കുമ്പോള്‍ അവര്‍ നമ്മെയും സ്‌നേഹിക്കും” – ബിഷപ് പറഞ്ഞു.
”കൃതജ്ഞതയോടെയാണ് അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ നില്‍ക്കുന്നത്. താമരശ്ശേരി രൂപതയുടെ ഓരോ ചുവടുവയ്പ്പിലും വിശുദ്ധയുടെ മാധ്യസ്ഥ്യമുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ വിശുദ്ധയുടെ മാധ്യസ്ഥ്യം യാചിക്കുമ്പോള്‍ അത്ഭുതങ്ങളാണ് നടക്കുന്നത്” – ബിഷപ് കൂട്ടിച്ചേര്‍ത്തു.