അഖില കേരള ബാലജന സഖ്യത്തിന്റെ കണ്ണൂരില്‍ നടന്ന ഉത്തര മേഖല ക്യാംപില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി. ലളിത
ജീവിതവും ഉയര്‍ന്ന ചിന്തയും എന്ന വിഷയത്തില്‍ ഗാന്ധിജിയെ പരാമര്‍ശിച്ച് സംസാരിച്ചപ്പോള്‍ ബിഷപ് പറഞ്ഞു.
‘ഓരോരുത്തര്‍ക്കും അഞ്ചും ആറും സാരിയൊക്കെയാണുള്ളത്. എന്തിനാ ഇത്രയും സാരി? ഇതെല്ലാം ഒന്നിച്ച് ഉടുക്കാന്‍ പറ്റുമോ?’
ഹൈസ്‌കൂള്‍ മുതല്‍ പ്രീഡിഗ്രി തലം വരെയുള്ള കുട്ടികളാണ് ക്യാംപില്‍. കൂടുതലും പെണ്‍കുട്ടികള്‍.
പിതാവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ ചിരി ഉയര്‍ന്നു.
‘എന്താ, എന്താ നിങ്ങള്‍ ചിരിക്കുന്നത്?’
അപ്പോള്‍ ചിരി കുറച്ചു കൂടി പടര്‍ന്നു. പിതാവിന് ചിരിയുടെ കാരണം പിടികിട്ടിയില്ല. അപ്പോള്‍ ഒരു കുട്ടി പറഞ്ഞു.
”എന്റെ വീട്ടില്‍ അലമാരിയുടെ മൂന്ന് കള്ളി മുഴുവന്‍ മമ്മിയുടെ സാരികളാ”
”എന്റെ വീട്ടില്‍ ഒരു അലമാര സാരി വയ്ക്കാന്‍ മാത്രമാണ്” – മറ്റൊരു പെണ്‍കുട്ടി.
ഓരോരുത്തരും വീട്ടിലെ സാരിക്കഥകള്‍ പുറത്തിറക്കിയപ്പോള്‍ ക്യാംപ് ഒരു ചിരിക്യാംപായി മാറി.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനായി ഖദര്‍ വസ്ത്രം ധരിക്കുകയും പിന്നീട് ഖദര്‍ ളോഹ ധരിക്കുകയും ചെയ്ത വള്ളോപ്പിള്ളി പിതാവിന് അതൊരു പുതിയ അറിവായിരുന്നു.
നിങ്ങള്‍ വളരുമ്പോള്‍ ഇങ്ങനെ സാരി വാങ്ങിക്കൂട്ടരുതെന്ന് പിതാവ് ഉപദേശിച്ചു. എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, പക്ഷെ ആര്‍ത്തി തീര്‍ക്കാനുള്ളത് ഇല്ലെന്ന് ഓര്‍മിപ്പിച്ചാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്.
(ഈ ക്യാംപ് നടന്നത് 27 വര്‍ഷം മുമ്പാണ്. ഇപ്പോള്‍ സാരിവയ്ക്കാ
ന്‍ ഒന്നില്‍ കൂടുതല്‍ അലമാരകള്‍ പലവീടുകളിലും ഉണ്ടത്രേ. പട്ടുസാരിക്കൊന്ന്, കോട്ടണ് മറ്റൊന്ന് ഈ രീതിയില്‍)
ഈ ക്യാംപിന്റെ ഉദ്ഘാടകന്‍ സംസ്ഥാനത്തെ പോലീസ് മേധാവിയായി വിരമിച്ച ജേക്കബ് പുന്നൂസ് ആയിരുന്നു. അദ്ദേഹത്തിന്റെ വല്യപ്പന്‍ മരിച്ചപ്പോള്‍ അവശേഷിപ്പിച്ച സ്വകാര്യ സ്വത്തുക്കളുടെ കഥ അദ്ദേഹം പറഞ്ഞു.
2 മുറിക്കയ്യന്‍ ഷര്‍ട്ട്, രണ്ടു മുണ്ട്, ഒരു ഊന്നു വടി. ഏക്കറു കണക്കിന് ഭൂമിയും കൃഷിയും ഉണ്ടായിരുന്നു. മക്കളെയെല്ലാം പഠിപ്പിച്ചു നല്ല നിലയിലാക്കി. പക്ഷെ സ്വന്തമായി വാഹനമൊന്നും വാങ്ങിയില്ല. അനന്തര തലമുറയ്ക്ക് ഭദ്രമായ സാമ്പത്തിക അടിത്തറയിട്ട്, സംതൃപ്തനായി അദ്ദേഹം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.
ലളിത ജീവിതം നയിച്ച ജന സമൂഹമായിരുന്നു നമ്മള്‍. ഉള്ളത് പുറത്തു കാണിക്കരുത്. നിഗളിക്കരുത്. അത് ദൈവ നിഷേധമാണ്. എന്നൊക്കെയായിരുന്നു അന്ന് കാരണവന്മാര്‍ ഉപദേശിച്ചിരുന്നത്.
എന്നാല്‍ ഇല്ലെങ്കിലും പൊലിപ്പിച്ചു കാണിക്കണമെന്നതാണ് പുതുകാലത്തിന്റെ തത്വശാസ്ത്രം. കൃഷി ആവശ്യത്തിന് വായ്പ നല്‍കാന്‍ മടിയാണെങ്കിലും വാഹനം വാങ്ങാനോ മറ്റ് അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കോ ബാങ്കുകള്‍ ഇഷ്ടം പോലെ വായ്പ നല്‍കുകയും ചെയ്യും.
ഒരു നാട്ടിന്‍പുറത്തുകാരന്‍ പന്ത്രണ്ടു ലക്ഷത്തിന്റെ കാര്‍ വാങ്ങിയപ്പോള്‍ എന്തിനാ ഇത്രയും വിലയുള്ള കാര്‍ വാങ്ങിയതെന്നു ചോദിച്ചു. പള്ളിയില്‍ പോകാനാണെന്നു മറുപടി. പള്ളിയിലേക്ക് അര കിലോമീറ്റര്‍ പോലുമില്ല. അദ്ദേഹത്തിനാണെങ്കില്‍ ഡ്രൈവിംഗും വശമില്ല. നാലഞ്ചു ലക്ഷത്തിന്റെ കാര്‍ മതിയായിരുന്നല്ലോ എന്നു പറഞ്ഞപ്പോള്‍ വിദേശത്തുള്ള മക്കളുടെ നിര്‍ബന്ധം കാരണമാണ് ബാങ്കുവായ്പ എടുത്ത് കാര്‍ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കുറച്ചു കാലം ഡ്രൈവറെ വച്ച് ടാക്‌സിയായി ഓടിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് കാര്‍ വില്‍ക്കേണ്ടി വന്നു.
വീടു വയ്ക്കുമ്പോഴും വാഹനം വാങ്ങുമ്പോഴും അയല്‍വക്കത്തേക്കാണ് നോട്ടം. ഗള്‍ഫ് പണമോ അമേരിക്കന്‍ പണമോ വരുന്ന അയല്‍ക്കാരന്റെ വീടിനോട് മത്സരിക്കുമ്പോള്‍ സ്വന്തം സാമ്പത്തിക നിലയെ നിഷ്പക്ഷമായി വിലയിരുത്താനുള്ള കഴിവാണ് നഷ്ടപ്പെടുന്നത്.
ഇടത്തരക്കാരന് കൃഷി ഒരിക്കലും പണം വാരിയെടുക്കുന്ന തൊഴിലായിരുന്നില്ല. ഭക്ഷണത്തിനുള്ള വക സ്വന്തം ഉണ്ടാക്കും. കുരുമുളക്, ചുക്ക്, റബര്‍ തുടങ്ങിയവ വിറ്റു കിട്ടുന്ന തുക മക്കളുടെ വിദ്യാഭ്യാസ-കല്ല്യാണ ആവശ്യങ്ങള്‍ക്കായി സ്വരുക്കൂട്ടി വയ്ക്കും. ഫോണില്ല, വൈദ്യുതിയില്ല. നല്ല റോഡുകളില്ലാത്തതിനാല്‍ വാഹനവും വാങ്ങേണ്ട. കുട്ടികളുടെ പഠനം തൊട്ടടുത്ത സര്‍ക്കാര്‍ -എയ്ഡഡ് സ്‌കൂള്‍ കൊണ്ട് തീരും.
മൊത്തത്തില്‍ ജീവിതചിലവ് വളരെ കുറവ്. എന്തെങ്കിലും മിച്ചം പിടിക്കാന്‍ കഴിയും.
ഇപ്പോള്‍ ഫോണ്‍ ഒന്നല്ല. ഓരോ അംഗത്തിനും മൊബൈല്‍. വിദ്യാഭ്യാസ ആവശ്യത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. വാഹനവും അത്യാവശ്യമായി. വിദ്യാഭ്യാസം പണച്ചിലവുള്ള കാര്യമായി.
ഈ പെരുകുന്ന ചിലവുകള്‍ക്ക് അനുസൃതമായി മണ്ണില്‍ നിന്ന് വരുമാനമില്ല. കൂട്ടത്തില്‍ വരവറിയാത്ത ചിലവും കൂടിയായാലോ.
വിവാഹം മാത്രമല്ല, ഒത്തുകല്ല്യാണവും മാമോദീസയും വിവാഹച്ചിലവുകളെ മറികടക്കുന്ന രീതിയിലേക്ക് ആഡംബരപൂര്‍ണ്ണമായി. സ്ഥാപനങ്ങള്‍ പോലും പൊങ്ങച്ചം കാണിക്കുന്ന രീതിയിലാണ് ഇപ്പോള്‍ അണിയിച്ചൊരുക്കുന്നത്. ധൂര്‍ത്ത് പലപ്പോഴും ആത്മവിശ്വാസ ക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ഇത് വര്‍ജ്ജിക്കപ്പെടേണ്ട തിന്മയാണെന്ന കാര്യം പോലും മറന്നുപോകുന്നുണ്ടോ?
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ നായര്‍ സമുദായം കേരളത്തിലെ പ്രബല വിഭാഗമായിരുന്നു. ഭൂപ്രഭുക്കളും, രാജാക്കന്മാരോടു ചേര്‍ന്ന് പ്രവര്‍ത്തിച്ചവരും, പടയാളികളുമെല്ലാമായിരുന്നു അവര്‍. ഈ സമുദായത്തിലെ ധൂര്‍ത്തിനെതിരെ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍ ആഞ്ഞടിച്ചു. കെട്ടുകല്ല്യാണവും അടിയന്തരങ്ങളും തിരണ്ടു കല്ല്യാണവും നടത്തി കുടുംബങ്ങള്‍ ക്ഷയിച്ചു പോകുന്നതിനെതിരെ ശക്തമായ താക്കീതാണ് അദ്ദേഹം നല്‍കിയത്. പഴയ പ്രൗഢിയിലേക്കും ഗാംഭീര്യത്തിലേക്കും മടങ്ങാന്‍ ആ സമുദായത്തിന് കഴിഞ്ഞില്ല എന്നത് നമുക്കും പാഠമാകണം.