കരുണയും കരുതലും കൈമുതലാക്കിയ കര്‍ത്താവിന്റെ കാര്യസ്ഥന്‍

ആഗസ്റ്റ് 25: ഫാ. ജോസഫ് കോഴിക്കോട്ട് ഓര്‍മ്മദിനം

പള്ളികളും പള്ളിക്കൂടങ്ങളും കൊണ്ട് ഒതുങ്ങുന്നതായിരുന്നില്ല ഫാ. ജോസഫ് കോഴിക്കോട്ടിന്റെ സേവന രംഗങ്ങള്‍. റോഡുകളും പാലങ്ങളും നിര്‍മിച്ച് നാടിന് നല്ലതു ചെയ്യാന്‍ ജോസഫ് അച്ചന് എന്നും ഉത്സാഹമായിരുന്നു. സേവനം ചെയ്ത പല പ്രദേശങ്ങളിലും ബസ് ഗതാഗതം ആരംഭിക്കുന്നതിനും വൈദ്യുതി ലഭിക്കുന്നതിനും അച്ചന്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചു.

പാലാ കാവുകണ്ടം ഇടവകയില്‍ 1938 മേയ് 27ന് അച്ചന്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ആലുവ സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്നു. 1966 മാര്‍ച്ച് 12ന് പൗരോഹിത്യം സ്വീകരിച്ചു. കുളത്തുവയല്‍ അസി. വികാരിയായി സേവനം ആരംഭിച്ച ജോസഫച്ചന്റെ കര്‍മ്മമണ്ഡലങ്ങളില്‍ അധികവും ഗ്രാമപ്രദേശങ്ങളായിരുന്നു. തലശേരി രൂപതയിലെ ചന്ദനക്കാംപാറ, കൊട്ടിയൂര്‍, പരപ്പ, താമരശേരി രൂപതയിലെ ആനക്കാംപൊയില്‍, പശുക്കടവ്, ഈരൂട്, മാവൂര്‍, നെന്മേനി, പയ്യനാട്, പെരിന്തല്‍മണ്ണ എന്നീ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു.

ഒരു ഇടവക എന്നതിലുപരി താന്‍ ആയിരിക്കുന്ന പ്രദേശത്തിന്റെ സമ്പൂര്‍ണ ക്ഷേമം അച്ചന്റെ വലിയ സ്വപ്‌നമായിരുന്നു. ആത്മികവും ഭൗതികവുമായ വികസനത്തിലുപരി ആ നാട്ടിലെ മുഴുവന്‍ ജനവിഭാഗങ്ങളുടെയും നന്മയും ഐശ്വര്യവും അച്ചന്‍ കാംക്ഷിച്ചു.

സഹസമുദായത്തില്‍പ്പെട്ട ആളുകളും അച്ചനെ വലിയൊരു അധ്യാത്മിക ആചാര്യനായിക്കണ്ട് ഏറെ ആദരിച്ചിരുന്നു. രോഗം, മരണം, ദുരന്തം തുടങ്ങിയ വേളകളിലെല്ലാം പ്രദേശവാസികള്‍ക്കു പൊതുനാഥനായി മാറാന്‍ അച്ചനു കഴിഞ്ഞു. ജീവിതത്തിലെ വിവിധ പ്രതിസന്ധികളില്‍ മനുഷ്യര്‍ നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളിലും കോഴിക്കോട്ടച്ചന്റെ ഉപദേശങ്ങള്‍ തേടുകയെന്നത് അച്ചന്‍ സേവനം അനുഷ്ഠിച്ച പ്രദേശങ്ങളിലെ ഒരു സാധാരണ സംഭവമായിരുന്നു. പ്രാര്‍ത്ഥനയും ഉപദേശവും സൗഖ്യവും തേടി വരുന്നവരുടെ നീണ്ടനിരയില്‍ എല്ലാ ജാതി മതസ്ഥരായ ആളുകളുമുണ്ടായിരുന്നു.

തീരാവേദനയും മാറാരോഗവുമായി എത്തുന്നവര്‍ക്ക് അച്ചന്‍ സൗഖ്യദായകനായൊരു വൈദ്യനായിരുന്നുവെന്ന് അനേകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വസ്തുക്കള്‍ മോഷണം പോകുമ്പോള്‍ അത് ആരെന്ന ചോദ്യവുമായി ആളുകള്‍ അച്ചനെ സമീപിക്കുന്ന കാഴ്ചയും അന്നു സാധാരണമായിരുന്നു. വീടുകളില്‍ നിന്നു കുട്ടികള്‍ പുറപ്പെട്ടുപോകുമ്പോള്‍ അവര്‍ എവിടെയെന്നറിയാനും ആളുകള്‍ അച്ചനെ സമീപിച്ചു. പ്രാര്‍ത്ഥനയും ഉപദേശവും മാത്രമല്ല വേദനിക്കുന്ന അനേകരെ അക്ഷരാര്‍ത്ഥത്തില്‍ ആ കരങ്ങള്‍ താങ്ങിയിട്ടുണ്ട്. കോഴിക്കോട് -മാവൂര്‍ ഗ്വോളിയോര്‍ റയോണ്‍സ് ഫാക്ടറി തൊഴിലാളി സമരത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയപ്പോള്‍ പട്ടിണിയും ദാരിദ്ര്യവുംമൂലം ആത്മഹത്യയുടെ മുനമ്പിലായിരുന്ന അനേകം തൊഴിലാളി കുടുംബങ്ങളില്‍ ഒരു നേരത്തെ അന്നവുമായി അവരെ ആശ്വസിപ്പിക്കുന്ന, അവരുടെ കാവലാളായി മാറുവാന്‍ അച്ചനു സാധിച്ചു.

1998 ജനുവരി 24 മുതല്‍ മേരിക്കുന്നിലെ ഗുഡ്‌ഷെപ്പേര്‍ഡ് വൈദിക മന്ദിരത്തില്‍ രോഗ-പീഡകളെത്തുടര്‍ന്ന് അച്ചന്‍ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചു. നീണ്ട 12 വര്‍ഷക്കാലത്തെ വിശ്രമജീവിതത്തിനിടയില്‍ ആരോഗ്യം തോന്നിയിരുന്ന അവസരങ്ങളിലെല്ലാം അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ബലി അര്‍പ്പിക്കുകയും തന്നാലാകുംവിധം അവര്‍ക്കായി അന്നദാനവും വസ്ത്രദാനവുമൊക്കെ നടത്തുന്നതില്‍ അച്ചന്‍ ഏറെ ആനന്ദം കണ്ടെത്തിയിരുന്നു.

ഒരു വ്യാഴവട്ടക്കാലത്തോളം നീണ്ടുനിന്ന തന്റെ വിശ്രമജീവിത വേളയിലെല്ലാം ദൈവജനത്തിനായി ബലിയര്‍പ്പിക്കാന്‍ ലഭിച്ചിരുന്ന അവസരങ്ങളെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയും അനുരഞ്ജന ശുശ്രൂഷയ്ക്ക് തന്റെ പക്കലണയുന്ന സകല വിശ്വാസികള്‍ക്കും യഥേഷ്ടം അതു നിര്‍വഹിച്ചുകൊണ്ടും മറ്റുള്ളവരുടെ പ്രശ്‌നങ്ങളെ സാകൂതം പഠിച്ച് വിലയിരുത്തി പ്രാര്‍ത്ഥനയും കൗണ്‍സലിങും വഴിയായി അവരെ ആശ്വസിപ്പിച്ചും ആശുപത്രികളിലും വിശ്രമ മന്ദിരത്തിന്റെ പ്രാന്തപ്രദേശങ്ങിലും കഴിഞ്ഞിരുന്ന രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കാവശ്യമായ ശുശ്രൂഷകള്‍ നല്‍കിയും ചിട്ടയായ പ്രാര്‍ത്ഥനാ ജീവിതം വഴിയായും തന്റെ ജീവിത സായാഹ്നം ഏറെ സുകൃത സമ്പന്നമാക്കുവാന്‍ അച്ചന്‍ ഏറെ ശ്രമിച്ചിരുന്നു.

2010 ആഗസ്റ്റ് 25ന് 72-ാം വയസില്‍ ആ വന്ദ്യ വൈദികന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

Exit mobile version