തലശ്ശേരി അതിരൂപതയിലെ കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ നടന്ന ഫാ. ജോസഫ് കാപ്പില്‍ അനുസ്മരണ ശുശ്രൂഷകള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വചന സന്ദേശ മധ്യേ ഫാ. ജോസഫ് കാപ്പിലിന്റെ സേവനങ്ങളെ ബിഷപ് അനുസ്മരിച്ചു. വിശുദ്ധനാട് മലബാറിന് പരിചയപ്പെടുത്തിയ പ്രേഷിതനായിരുന്നു കാപ്പിലച്ചനെന്ന് ബിഷപ് പറഞ്ഞു.
വികാരി ഫാ. ജോസ് പൂവന്നിക്കുന്നേല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. താമരശ്ശേരി രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് പാമ്പയ്ക്കല്‍, ഫാ. സഞ്ജയ് കുരീക്കാട്ടില്‍ വിസി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
താമരശ്ശേരി രൂപതാ വൈദികനായിരുന്ന ഫാ. ഫ്രാന്‍സിസ് കള്ളികാട്ടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഫാ. ഫ്രാന്‍സിസിന്റെ ഇടവകയായ കോട്ടയം തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കും സിമിത്തേരിയില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്കും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
താമരശ്ശേരി രൂപത ചാന്‍സിലര്‍ ഫാ. സെബാസ്റ്റ്യന്‍ കാവളക്കാട്ട്, ഫാ. ആന്റണി ചെന്നിക്കര, ഫാ. തോമസ് കളരിക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.
തുടങ്ങനാട് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോണ്‍സണ്‍ പുളളീറ്റ്, ഫാ. ജീവന്‍ കദളിക്കാട്ടിൽ എന്നിവര്‍ നേതൃത്വം നല്‍കി.
വിശുദ്ധനാട് വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തുവാന്‍ നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശ്ശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി. വാര്‍ധക്യസഹജ രോഗങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. അജപാലന ശുശ്രൂഷയില്‍ നിന്ന് വിരമിച്ചശേഷം ഈരൂട് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.
ഇന്ന് (28.09.2024) വൈകുന്നേരം നാലു മുതല്‍ ഈരൂട് സെന്റ് ജോസഫ്‌സ് പള്ളിയില്‍ പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച (29.09.2024) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭൗതികദേഹം തലശ്ശേരി അതിരൂപതയിലെ തേര്‍ത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരന്‍ ജോസ് കാപ്പിലിന്റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ തിങ്കള്‍ (30.09.2024) രാവിലെ 10-ന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.
വിശുദ്ധനാട് യാത്രകളുടെ അമരക്കാരന്
ക്രിസ്തുവിന്റെ വിയര്‍പ്പും രക്തവും മണവുമുള്ള നാട്ടിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകുവാനുള്ള നിയോഗം ഫാ. ജോസഫ് കാപ്പില്‍ ഏറ്റെടുക്കുന്നത് 29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇതിനോടകം 50-ല്‍ അധികം തവണ വിശുദ്ധനാട് യാത്രകള്‍ നടത്തി.
വിശ്വാസം ആഴത്തില്‍ ഉറപ്പിക്കുവാന്‍ ഉതകുന്ന പ്രാര്‍ത്ഥനാരൂപിയിലുള്ള ആത്മീയ യാത്രയായിരുന്നു കാപ്പിലച്ചനൊപ്പമുള്ള വിശുദ്ധനാട് യാത്രകളെന്ന് ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.
തൊടുപുഴയ്ക്കടുത്ത് നെടിയശാലയില്‍ ദേവസ്യ-അന്ന ദമ്പതികളുടെ മകനായി 1944-ല്‍ ജനിച്ചു. കൂടപ്പിറപ്പുകളായി രണ്ട് സഹോദരിമാരും, ഒരു സഹോദരനും. മൂന്നു വയസുള്ളപ്പോഴാണ് കുടുംബം മലബാറിലേക്ക് പോരുന്നത്. കൂരാച്ചുണ്ടിലും കുളത്തുവയലിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് അള്‍ത്താര ബാലനായിരുന്നു.
സ്‌കൂള്‍ പഠനം കഴിഞ്ഞ് തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. കുന്നോത്തും തലശേരിയിലുമായി മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. മംഗലാപുരത്തായിരുന്നു മേജര്‍ സെമിനാരി പഠനം. പിന്നീട് തിയോളജി പഠനത്തിനായി റോമിലേക്ക് പോയി.
1970-ലെ പന്തക്കുസ്ത ദിവസം റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി തിരിച്ചെത്തി. മാനന്തവാടി ഇടവകയില്‍ അസി. വികാരിയായി. ബിഷപ്പിന്റെ സെക്രട്ടറിയായും സേവനം ചെയ്തു. പിന്നീട് പെരുംപുന്ന, ഷീരാടി, നെല്ലികുറ്റി, ചാപ്പന്‍തോട്ടം ഇടവകകളില്‍ വികാരിയായി. 1985-ല്‍ തേക്കുംകുറ്റി വികാരിയായി. ആ സമയത്താണ് താമരശേരി രൂപത ആരംഭിക്കുന്നത്.
ലിറ്റര്‍ജി പഠിക്കാന്‍ 1988-ലാണ് ഫാ. ജോസഫ് കാപ്പില്‍ റോമിലെത്തുന്നത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1991 ഒക്ടോബറില്‍ ജറുസലേമില്‍ ഒരു വര്‍ഷത്തെ ബിബ്ലിക്കല്‍ ഫോര്‍മേഷന്‍ കോഴ്‌സിനു ചേര്‍ന്നു. ആഴ്ചയില്‍ മൂന്നു ദിവസമായിരുന്നു ക്ലാസ്. പിന്നീടുള്ള രണ്ടു ദിവസം ബൈബിളില്‍ പറയുന്ന സ്ഥലങ്ങളിലൂടെ യാത്ര. അവിടെ പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള അവസരവും ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ജെറുസലേമിലുള്ള ഫ്രാന്‍സിസ്‌ക്കന്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബൈബിള്‍ പഠനത്തിനായി ചേര്‍ന്നു. ഒരു വര്‍ഷ കോഴ്‌സ് ആയിരുന്നു അത്.
1993 ഒക്‌ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി. ബഥാനിയ റിന്യൂവല്‍ സെന്റര്‍ ഡയറക്ടറായി നിയമിതനായി. 1994-ല്‍ തീര്‍ത്ഥയാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പിറ്റേ വര്‍ഷം 36 പേര്‍ ഉള്‍പ്പെടുന്ന സംഘവുമായി റോമും വത്തിക്കാനും വിശുദ്ധനാടും ഉള്‍പ്പെടുന്ന വിശുദ്ധനാട് തീര്‍ത്ഥയാത്ര ഫാ. കാപ്പില്‍ നടത്തി. ഇസ്രായേലിലെ അംഗീകൃത ടൂര്‍ ഗൈഡായിരുന്നു ഫാ. കാപ്പില്‍.
താമരശ്ശേരി രൂപതയുടെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുമ്പോഴാണ് താമരശേരിയില്‍ കത്തീഡ്രല്‍ നിര്‍മിച്ചത്. പിന്നീട് പിഎംഒസിയുടെ ഡയറക്ടറായി. പ്രീസ്റ്റ് ഹോം, ബൈബിള്‍ അപ്പോസ്തലേറ്റ്, മതബോധനം എന്നിവയുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
തുടര്‍ന്ന് താമരശേരി കത്തീഡ്രല്‍ വികാരിയായി. മരുതോങ്കരയില്‍ വികാരിയായിരിക്കെയാണ് അവിടെ പള്ളി നിര്‍മിക്കുന്നത്. 2009-ല്‍ തിരുവമ്പാടി ഫൊറോന വികാരിയായി നിയമിതനായി. തുടര്‍ന്ന് പെരിന്തല്‍മണ്ണ വികാരിയായി. 2012-ല്‍ മുക്കത്ത് വികാരിയായിരിക്കെയാണ് വിരമിക്കുന്നത്.
താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു ഓണയാത്തന്‍കുഴി (92) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം ബുധനാഴ്ച (31-07-2024) രാവിലെ 9.30-ന് കാഞ്ഞിരപ്പള്ളി പഴയിടത്തുള്ള ചെറിയാന്‍ ഓണയാത്തന്‍കുഴിയുടെ ഭവനത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10-ന് പഴയിടം സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍.
ഇന്ന് (29-07-2024) വൈകിട്ട് നാലര മുതല്‍ നാളെ (30-07-2024) രാവിലെ 11 -വരെ മേരിക്കുന്ന് പിഎംഒസിയില്‍ പൊതുദര്‍ശനം. നാളെ രാവിലെ 9-ന് പിഎംഒസിയില്‍ വിശുദ്ധ കുര്‍ബാന ക്രമീകരിച്ചിട്ടുണ്ട്.
വിടപറഞ്ഞത് ജനകീയ പുരോഹിതന്‍
ആദ്യകാല കുടിയേറ്റ ജനതയുടെ വേദനകള്‍ കണ്ടറിയുകയും നേരിട്ട് അനുഭവിക്കുകയും ചെയ്ത് അവരിലൊരാളായാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി ജീവിച്ചത്. മലബാറിലെ പതിനഞ്ചോളം ഇടവകകളില്‍ അദ്ദേഹം വികാരിയായിരുന്നു. സേവനം ചെയ്ത ഇടവകകളിലെല്ലാം വിശ്വാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് ഉചിതമായ പരിഹാരമാര്‍ഗങ്ങള്‍ അദ്ദേഹം കെണ്ടത്തിയിരുന്നു. ഭിന്നിച്ചു നില്‍ക്കുന്നവരെ ഒന്നിപ്പിച്ചും ശ്രമദാനത്തിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചും അദ്ദേഹം വിശ്വാസികളുടെ ഹൃദയത്തില്‍ ഇടം നേടി. വിശ്വാസ സമൂഹം സ്നേഹപൂര്‍വം ജനകീയ പുരോഹിതനെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
1932 ഒക്ടോബര്‍ 17-ന് കാഞ്ഞിരപ്പള്ളി രൂപതയിലെ പഴയിടം ഇടവകയില്‍ ഓണയാത്തന്‍കുഴി വര്‍ക്കി ജോസഫ്-ഏലി ഉണ്ണിച്ചെറിയത് ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് ജനനം. അഞ്ചു വയസുള്ളപ്പോള്‍ പിതാവ് മരിച്ചു. പാല സെന്റ് തോമസ് കോളജില്‍ നിന്ന് ഇന്റര്‍ മീഡിയറ്റ് പാസായി. തലശേരി രൂപതയ്ക്കുവേണ്ടി പാലായിലെ കുമ്മണ്ണൂര്‍ മൈനര്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായി ചേര്‍ന്നു. ആലുവ സെന്റ് ജോസഫ്സ് മേജര്‍ സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി.
പഠന കാലത്ത് നിരന്തര വെല്ലുവളികള്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നു. സെമിനാരി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ടിബി ബാധിച്ച് ഒരു വേള പഠനം തന്നെ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായി. ഒരു വര്‍ഷത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത് വീണ്ടും പഠനം തുടര്‍ന്നു. വൈദികനായ ശേഷം പത്തില്‍ അധികം ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്.
1964 മാര്‍ച്ച് പതിമൂന്നിന് തലശേരി രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍ നിന്നാണ് വൈദിക പട്ടം സ്വീകരിച്ചത്. പെരുവണ്ണാമൂഴി ഇടവക വികാരിയായും കുളത്തുവയല്‍ ഇടവക അസി. വികാരിയുമായി ആദ്യ നിയമനം.
1964-ല്‍ ഇടവകയായി ഉയര്‍ത്തപ്പെട്ട പെരുവണ്ണാമൂഴിയില്‍ ഇല്ലായ്മകളുടെ നടുവിലേക്കാണ് ഫാ. മാത്യു ഓണയാത്തന്‍കുഴി ആദ്യവികാരിയായി എത്തുന്നത്. അന്ന് വൈദിക മന്ദിരമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ അവിടെ ഉണ്ടായിരുന്നില്ല. വിശ്വാസികള്‍ തലച്ചുമടായി കല്ലും മണലും കൊണ്ടുവന്ന് വൈദിക മന്ദിരമുണ്ടാക്കാന്‍ കൂട്ടായ്മ ഒരുക്കി. ഇതിനുനേതൃത്വം നല്‍കിയത് അച്ചനായിരുന്നു.
പല ഇടവകകളിലും അദ്ദേഹം വീടുകള്‍ നിര്‍മിച്ചുനല്‍കി പാവപ്പെട്ടവരെ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തി. പെരുവണ്ണാമൂഴി അണക്കെട്ട് നിര്‍മിക്കാന്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ കിടപ്പാടവും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനു മുന്നില്‍നിന്നു പ്രവര്‍ത്തിച്ചത് അച്ചനായിരുന്നു.
തലശേരി അതിരൂപതയിലെ പൈസക്കരി, ചെറുപുഴ, നെല്ലിക്കാംപൊയില്‍, വിമലശേരി, വെള്ളരിക്കുണ്ട്, താമരശേരി രൂപതയിലെ പന്തല്ലൂര്‍, കാളികാവ്, ഈരൂട്, തേക്കുംകുറ്റി, പശുക്കടവ്, കാറ്റുള്ളമല, കക്കയം, കട്ടിപ്പാറ എന്നീ ഇടവകകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നെല്ലിക്കാംപൊയില്‍ വികാരിയായിരിക്കെ ക്ഷീര കര്‍ഷക സഹകരണ സംഘം ആരംഭിക്കാന്‍ നേതൃത്വം നല്‍കി. പശുക്കടവ് ഇടവകയില്‍ 82 പുതിയ കല്ലറകള്‍ പണിതു. പ്രദേശത്ത് കൊക്കോകൃഷി പ്രോത്സാഹിപ്പിച്ചു. കൊക്കോ വില്‍പ്പനയ്ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കി.
കട്ടിപ്പാറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിച്ചത് ഫാ. മാത്യു ഓണയാത്തന്‍കുഴിയുടെ നേതൃത്വത്തിലാണ്. പുന്നക്കല്‍ ഇടവകയില്‍ പതിനാലുമുറി ഷോപ്പിംഗ് കോംപ്ലക്സും നിര്‍മിച്ചു. കാളികാവ് വികാരിയായിരിക്കെയാണ് വൈദിക മന്ദിരം പണിയിച്ചത്. സമീപ പ്രദേശമായ അടക്കാകുണ്ടില്‍ കുരിശുപള്ളിയും പള്ളിമുറിയും പണിതു.
ഈരൂടില്‍ സേവനം ചെയ്യവേ ഇടവകയ്ക്ക് കൈനടി കുടുംബം നല്‍കിയ ഇരുപതേക്കര്‍ സ്ഥലത്ത് റബ്ബര്‍, കമുക്, തെങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികള്‍ ആരംഭിക്കുന്നതിനു നേതൃത്വം നല്‍കി. കക്കയത്ത് സണ്‍ഡേ സ്‌കൂള്‍ കെട്ടിം പണിയിച്ചു.
എണ്‍പതാം വയസില്‍ കട്ടിപ്പാറ ഇടവകയില്‍ നിന്നു വിരമിച്ച ശേഷം കോഴിക്കോട് മേരിക്കുന്നുള്ള ഗുഡ്‌ഷെപ്പേഡ് പ്രീസ്റ്റ്‌ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. വിശ്രമജീവിതകാലത്ത് ‘മായാത്ത മഷിത്തുള്ളികള്‍’, ‘ചിന്താരത്‌നങ്ങള്‍’ എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.
താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സെബാസ്റ്റ്യന്‍ പൂക്കുളം അന്തരിച്ചു. ഈരൂട് വിയാനി പ്രീസ്റ്റ് ഹോമില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. ആരോഗ്യപരമായ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 10-ന് കോഴിക്കോട് ആംസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ആരോഗ്യനില വഷളായി, തുടര്‍ന്ന് രാവിലെ 11.17-ന് അന്ത്യകൂദാശകകള്‍ സ്വീകരിച്ച ശേഷമായിരുന്നു അന്ത്യം.
ഇന്ന് (19.06.2024) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ പൊതുദര്‍ശനം. മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നാളെ (20.06.2024) രാവിലെ 10-ന് ഈരൂട് സെന്റ് ജോസഫ് ദേവാലയത്തില്‍ ആരംഭിക്കും. ഭൗതികദേഹം ഇരൂട് സെമിത്തേരിയില്‍ സംസ്‌കരിക്കും.
1967 ഡിസംബര്‍ 17-ന് അഭിവന്ദ്യ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും ഡിസംബര്‍ 18-ന് കുളത്തുവയല്‍ ഇടവക ദേവാലയത്തില്‍ പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു. 1968-ല്‍ അവിഭക്ത തലശ്ശേരി അതിരൂപതയിലെ ആലക്കോട് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. തുടര്‍ന്ന് ഈരൂട്, ഷീരാടി, മാടത്തില്‍, പൂഴിത്തോട്, കണ്ണിവയല്‍, മാനടുക്കം, പടുപ്പ്, കല്ലാനോട്, കക്കയം, കട്ടിപ്പാറ, വിളക്കാംതോട്, കണ്ണോത്ത്, കൂരാച്ചുണ്ട്, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, മരിയാപുരം, മഞ്ഞുവയല്‍, കുപ്പായക്കോട് എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചു.
പേഴ്‌സണല്‍ ബോര്‍ഡ് അംഗം, കോര്‍പ്പറേറ്റ് ഏജന്‍സി അഡൈ്വസറി ബോര്‍ഡ് അംഗം, കണ്‍സള്‍ട്ടര്‍, എപ്പാര്‍ക്കിയല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2018ല്‍ ഔദ്യോഗിക അജപാലന ജീവിതത്തില്‍ നിന്ന് വിരമിച്ചു. കുറച്ചുകാലം മരഞ്ചാട്ടി ഇടവകയില്‍ താത്ക്കാലിക വികാരിയായും സേവനം ചെയ്തു.
1940 ജൂലൈ 23-ന് പാലാ രൂപതയിലെ കൊഴുവനാല്‍ ഇടവകയില്‍ പരേതരായ ജോണ്‍ – അന്ന ദമ്പതികളുടെ അഞ്ചുമക്കളില്‍ നാലാമനായാണ് ജനനം. കുളത്തുവയല്‍ എല്‍.പി., യൂ.പി. ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയില്‍ സെമിനാരി പഠനം ആരംഭിച്ചു. തുടര്‍ന്ന് ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി.
സഹോദരങ്ങള്‍: (Late) മത്തായി പൂക്കുളം (നരിനട), (Late) ജോസഫ് പൂക്കുളം (നരിനട), (Late) ജോണ്‍ പൂക്കുളം (നരിനട), ഏലിക്കുട്ടി തീക്കുഴിവയലില്‍ (ചക്കിട്ടപാറ), തോമസ് പൂക്കുളം (നരിനട) എന്നിവര്‍ സഹോദരങ്ങളാണ്.
താമരശ്ശേരി രൂപത മുന്‍ വികാരി ജനറലും, മുന്‍ കോര്‍പ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായിരുന്ന ഫാ. മാത്യു മാവേലിയുടെ സംസ്‌ക്കാരം നാളെ (07-05-2024) നടക്കും. നാളെ ആലപ്പുഴ കൈനകരിയിലുള്ള സഹോദരന്‍ സഖറിയാസ് മാവേലിയുടെ ഭവനത്തില്‍ പൊതുദര്‍ശനം. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ സഹോദരന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് അറുനൂറ്റംപാടം സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ശുശ്രൂഷകള്‍ക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദേവാലയ സെമിത്തേരിയില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
സ്വഭവനമായ കൈനകരിയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനില്‍ ദേഹാസ്ഥ്വാഥ്യം അനുഭവപ്പെട്ട ഫാ. മാത്യു മാവേലിയെ ആലുവയിലെ രാജഗിരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നു രാവിലെ 07.41 ന് മരണമടയുകയായിരുന്നു.
1949 ജൂണ്‍ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലില്‍ മാത്യു – അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1964-ല്‍ അഭിഭക്ത തലശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ വൈദിക പഠനം ആരംഭിച്ചു. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര – ദൈവശാസ്ത്ര പഠനം നടത്തി. തലശ്ശേരി രൂപതയ്ക്കുവേണ്ടി 1973 ഡിസംബര്‍ 18ന് കൈനകരി സെന്റ് ഏലിയാസ് ആശ്രമത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളയില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
1974-ല്‍ കൂടരഞ്ഞി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാവൂര്‍, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റന്റ് വികാരിയായി. തുടര്‍ന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയില്‍, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു. തലശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറായും താമരശ്ശേരി രൂപത മൈനര്‍ സെമിനാരിയില്‍ റെക്ടറായും സ്പിരിച്ച്വല്‍ ഡയറക്ടറായും താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാലായിരുന്നു. 2022 മുതല്‍ കല്ലുരുട്ടി സെന്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
സഹോദരങ്ങള്‍: പരേതനായ ജോസഫ് മാത്യു കൈതവന, പരേതനായ തോമസ് മാത്യു കൈനകരി, സഖറിയാസ് മാത്യു കൈനകരി, തങ്കമ്മ ജെയിംസ് കൂപ്ലിക്കാട്.
അന്തരിച്ച താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജോര്‍ജ് ആശാരിപറമ്പിലിന്റെ മൃതദേഹം നാളെ മേരിക്കുന്ന് പിഎംഒസിയില്‍ പൊതുദര്‍ശനിത്തിനുവെക്കും. രാവിലെ 11 മുതല്‍ 11.30 വരെ ഗുഡ് ഷെപ്പേഡ് പ്രീസ്റ്റ് ഹോമിലും തുടര്‍ന്ന് രാത്രി 11 വരെ പിഎംഒസിയിലുമാണ് പൊതുദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. വൈകിട്ട് 05.15-ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പിഎംഒസിയില്‍ ദിവ്യബലിയര്‍പ്പിക്കും. രാത്രി 11-ന് മൃതദേഹം കുറവിലങ്ങാട്ടേക്ക് കൊണ്ടുപോകും.
വെള്ളി രാവിലെ ആറു മുതല്‍ കുറവിലങ്ങാട്ടെ കുടുംബവീട്ടില്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ ഉച്ച കഴിഞ്ഞ് രണ്ടിന് വീട്ടില്‍ നിന്ന് ആരംഭിച്ച് കുറവിലങ്ങാട് മര്‍ത്താ മറിയം മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കുടരഞ്ഞി ഇടവകയില്‍ അസി. വികാരിയായും കണ്ണോത്ത്, തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമല്‍, കൂരാച്ചുണ്ട്, മാലാപറമ്പ്, മരിയാപുരം, ചക്കിട്ടപാറ, താഴേക്കോട്, വാണിയമ്പലം ഇടവകകളില്‍ വികാരിയായും ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ സേവനം ചെയ്തിരുന്നു.
‘ശുശ്രൂഷിക്കാനും ജീവന്‍ നല്‍കാനും’ എന്ന ആപ്തവാക്യം ജീവിതംകൊണ്ടു കാണിച്ചുതന്ന വൈദികനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. ജോര്‍ജ് ആശാരിപറമ്പില്‍. കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലായുണ്ടായിരുന്ന ഇടവകകളെ ധീരമായി മുന്നോട്ടു നയിക്കുവാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ഏറെയാണ്. ബന്ധുക്കളോ, പരിചയക്കാരോ ഇല്ലാത്ത മലബാറിലേക്ക് വൈദികനായി വന്ന തന്നെ നിറഞ്ഞ സ്‌നേഹത്തോടെയാണ് ഇടവകകളെല്ലാം വരവേറ്റതെന്ന് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.
ദൈവവിളി
കുറവിലങ്ങാട് ഇടവകയില്‍ ആശാരിപ്പറമ്പില്‍ ചെറിയാന്‍-മറിയം ദമ്പതികളുടെ ഒമ്പതു മക്കളില്‍ അഞ്ചാമനായി 1937 ഒക്‌ടോബര്‍ 30-നാണ് ജോര്‍ജ് ജനിക്കുന്നത്. മൂവായിരത്തോളം കുടുംബങ്ങളുള്ള സജീവമായ ഇടവകതന്നെയാണ് ജോര്‍ജില്‍ പൗരോഹിത്യ താല്‍പ്പര്യം വളര്‍ത്തിയത്. പൊതുപ്രവര്‍ത്തകനായ അപ്പന് വൈദികരോടുള്ള ബഹുമാനവും സ്‌നേഹവും മൂത്തപെങ്ങളുടെ പ്രോത്സാഹനവും സെമിനാരിയില്‍ ചേരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
തനിക്ക് ലഭിച്ച ദൈവവിളിയെക്കുറിച്ച് ഫാ. ജോര്‍ജ് ആശാരിപറമ്പില്‍ ഒരിക്കല്‍ പങ്കുവച്ചത് ഇങ്ങനെ: കോട്ടയം കുറവിലങ്ങാട് ഹൈസ്‌ക്കൂളില്‍ വേദപാഠ ക്ലാസിന്റെ സമയം. നിധീരിക്കല്‍ മാണിക്കത്തനാരുടെ കുടുംബത്തില്‍പ്പെട്ട നിധീരിക്കല്‍ ജോണ്‍ മാഷാണ് ക്ലാസെടുക്കുന്നത്. ക്ലാസ് പുരോഗമിക്കുന്നതിനിടെ മുന്‍നിരയിലിരിക്കുകയായിരുന്ന ജോര്‍ജിനു നേരെ കൈചൂണ്ടി മാഷ് പറഞ്ഞു- ‘നീ സെമിനാരിയില്‍ ചേരണം’. അത് ആ ബാലനെ വല്ലാതെ സ്വാധീനിച്ചു. ജോണ്‍ മാഷിന്റെ അഭിപ്രായ പ്രകടനം ഒരു അംഗീകാരമായാണ് കൊച്ചു ജോര്‍ജിനു തോന്നിയത്. വൈദികനാകണമെന്ന ആഗ്രഹത്തെ ഉറപ്പിച്ച സംഭവമായിരുന്നു അത്.
1954-ല്‍ ഉയര്‍ന്ന മാര്‍ക്കോടെ എസ്എസ്എല്‍സി പാസായ ജോര്‍ജിനെ തലശേരി രൂപതയ്ക്കു വേണ്ടി വൈദികനാകാന്‍ പ്രേരിപ്പിച്ചത് കുറവിലങ്ങാട് ഇടവക വികാരിയായിരുന്ന ഫാ. തോമസ് മണക്കാട്ടാണ്. തലശേരി രൂപതാ ബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ ഇടവകയില്‍ വികാരിയായിരുന്ന ഫാ. തോമസ് ബിഷപ്പിന്റെ ഉറ്റ സ്‌നേഹിതന്‍ കൂടിയായിരുന്നു.
ഫാ. തോമസിന്റെ കത്തുമായി തലശേരിയില്‍ എത്തിയ ജോര്‍ജിനെ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി സ്വീകരിച്ചു. പാലാ മൈനര്‍ സെമിനാരിയില്‍ തലശേരി രൂപതയ്ക്കു വേണ്ടി പഠിക്കാനയച്ചു. രണ്ടു വര്‍ഷത്തെ മൈനര്‍ സെമിനാരി പഠനശേഷം മേജര്‍ സെമിനാരി അഡ്മിഷന്‍ ലഭിക്കാന്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതി പാസാകണമായിരുന്നു. ലാറ്റിന്‍ ഭാഷയില്‍ വിദ്യാര്‍ത്ഥിക്കുള്ള പ്രാഗത്ഭ്യം മനസിലാക്കുകയായിരുന്നു പരീക്ഷയുടെ ലക്ഷ്യം. അക്കൊല്ലത്തെ പരീക്ഷയില്‍ ജോര്‍ജിനാണ് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് 1956 ജൂണില്‍ ആലുവാ കര്‍മ്മലഗിരി സെമിനാരിയില്‍ മേജര്‍ സെമിനാരി പഠനം ആരംഭിച്ചു.
ഉപരിപഠനത്തിനായി വിദേശത്തേക്ക്
റോമിലെ പ്രൊപ്പഗാന്ത കോളജില്‍ ഒരു സീറ്റ് ഒഴിവുള്ളതായി വള്ളോപ്പിള്ളി പിതാവിന് അറിയിപ്പു കിട്ടുന്നത് ആയിടയ്ക്കാണ്. പഠനത്തില്‍ മിടുക്കനായ ജോര്‍ജിനെ റോമിലയച്ചു പഠിപ്പിക്കാന്‍ വള്ളോപ്പിള്ളി പിതാവ് തീരുമാനിച്ചു. ബോംബെയില്‍ നിന്ന് വിമാനം കയറി. ഡിസംബര്‍ രണ്ടിന് പാതിരാത്രിയോടെ റോമിലെത്തി. പുറത്തിറങ്ങിയപ്പോള്‍ കഠിനമായ തണുപ്പു കൊണ്ട് വിറയ്ക്കാന്‍ തുടങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത് ജേക്കബ് തൂങ്കുഴി ശെമ്മാശന്‍ (പിന്നീട് മെത്രാന്‍) ആയിരുന്നു. അദ്ദേഹം കൊണ്ടുവന്ന കമ്പിളി വസ്ത്രങ്ങള്‍ ധരിച്ചാണ് വൈദിക വിദ്യാര്‍ത്ഥിയായ ജോര്‍ജ് അന്ന് തണുപ്പകറ്റിയത്.
ഡോക്ടറേറ്റ് ഉള്‍പ്പെടെയുള്ള പഠനങ്ങള്‍ നടത്തിയത് പ്രൊപ്പഗാന്ത യൂണിവേഴ്‌സിറ്റിയിലാണ്. പ്രൊപ്പഗാന്ത ഫീദേ കോളജില്‍ ഏഴു വര്‍ഷവും ഡമഷേനോ കോളജില്‍ രണ്ടു വര്‍ഷവും താമസിച്ചു.
1962 ഡിസംബര്‍ 22ന് കര്‍ദിനാള്‍ പീറ്റര്‍ അഗജിയാനില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. പിറ്റേ ദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു ഫാ. ജോര്‍ജിന്റെ പ്രഥമ ദിവ്യബലി. വിമാനക്കൂലി ഭീമമായിരുന്നതിനാല്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ മാതാപിതാക്കളോ ബന്ധുക്കളോ അന്ന് റോമിലെത്തിയില്ല.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ സഹായി
പീയൂസ് പന്ത്രണ്ടാമന്‍, ജോണ്‍ ഇരുപത്തി മൂന്നാമന്‍, പോള്‍ ആറാമന്‍ എന്നീ മാര്‍പാപ്പമാരെ നേരില്‍ കാണുവാനും അവരുമായി സംസാരിക്കാനും ഫാ. ജോര്‍ജ് ആശാരിപറമ്പിലിന് ഭാഗ്യം ലഭിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ മെത്രാന്മാരുടെ സഹായിയായി നാലു സെഷനുകളിലും പ്രവര്‍ത്തിച്ചു. കൗണ്‍സില്‍ ഹാളില്‍ മെത്രാന്മാര്‍ക്കുള്ള പുസ്തകങ്ങളും രേഖകളും മറ്റു സാധനങ്ങളും കൊണ്ടുപോയി കൊടുക്കുക, ഹാജര്‍ കാര്‍ഡ്, വോട്ടിങ് കാര്‍ഡ് എന്നിവ വിതരണം ചെയ്യുകയും തിരിച്ചു വാങ്ങി ഓഫീസില്‍ എത്തിക്കുകയും ചെയ്യുക എന്നിവയെല്ലാമായിരുന്നു ജോലികള്‍.
കൗണ്‍സില്‍ ഓഫീസില്‍ നിന്നു ലഭിച്ച മെത്രാന്മാരുടെ ഹാജര്‍ കാര്‍ഡ്, വോട്ടിങ് കാര്‍ഡ്, കാര്‍ഡില്‍ ഉപയോഗിക്കേണ്ടപ്രത്യേക പേന, നാലു സെഷനുകളുടെ സ്മാരക മെഡലുകള്‍, കൗണ്‍സില്‍ സ്മാരക വത്തിക്കാന്‍ നാണയം, സ്റ്റാമ്പ് തുടങ്ങിയവ വരും തലമുറയ്ക്കു കാണുന്നതിനായി കാക്കനാട്ടുള്ള സെന്റ് തോമസ് മ്യൂസിയത്തില്‍ ജോര്‍ജച്ചന്‍ പിന്നീട് കൈമാറി.
മലബാറിലെ കര്‍മ്മരംഗം
പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കൂടരഞ്ഞി പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി ആദ്യ നിയമനം. തുടര്‍ന്നു തലശേരി രൂപതാ ചാന്‍സലറായും വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും രണ്ടു വര്‍ഷം പ്രവര്‍ത്തിച്ചു. നാലു വര്‍ഷം തലശേരി മൈനര്‍ സെമിനാരി റെക്ടറായും സേവനമനുഷ്ഠിച്ചു. 1972ല്‍ കണ്ണോത്ത് പള്ളിയില്‍ വികാരിയായി. തുടര്‍ന്ന് തിരുവമ്പാടി, മരുതോങ്കര, കട്ടിപ്പാറ, കല്ലാനോട്, കുണ്ടുതോട്, ചമല്‍, മാലാപറമ്പ്, കൂരാച്ചുണ്ട്, മരിയാപുരം, ചക്കിട്ടപ്പാറ, താഴേക്കോട്, വാണിയമ്പലം എന്നീ പള്ളികളിലും വികാരിയായി.
1974 മുതല്‍ 1981 വരെ തിരുവമ്പാടി വികാരിയായിരുന്നു. പള്ളിക്ക് പുതിയ മുഖവാരവും കുരിശടിയും അക്കാലത്ത് നിര്‍മ്മിച്ചു. തിരുവമ്പാടിയുടെ വികസനത്തിന് അത്യാവശ്യമായിരുന്ന തോട്ടത്തില്‍കടവ് റോഡ് വീതി കൂട്ടിയത് ഫാ. ജോര്‍ജിന്റെ നേതൃത്വത്തിലാണ്.
മരുതോങ്കര അങ്ങാടിയിലെ കുരിശുപള്ളി, പള്ളികെട്ടിടം മുതലായവ ഫാ. ജോര്‍ജ് വികാരിയായിരുന്നപ്പോള്‍ നിര്‍മ്മിച്ചവയാണ്. ചമലില്‍ അപകടാവസ്ഥയിലായിരുന്ന പള്ളിയുടെ മുഖവാരം പൊളിച്ച് സൗകര്യപ്രദമായ പോര്‍ട്ടിക്കോയും മുഖവാരവും പണികഴിപ്പിച്ചു. ചക്കിട്ടപ്പാറയില്‍ സ്ഥിരം സ്റ്റേജ്, സെമിത്തേരിയില്‍ ചാപ്പല്‍ മുതലായവ ജോര്‍ജച്ചന്റെ കാലത്ത് നിര്‍മ്മിച്ചവയാണ്.
കുണ്ടുതോട് വികാരിയായി സേവനം അനുഷ്ഠിക്കവെയാണ് ഫാ. ജോര്‍ജിന് ഏറ്റവും വലിയ പ്രതിസന്ധി നേരിടേണ്ടി വന്നത്. ക്ലാസില്‍ മോശമായി പെരുമാറിയ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥിയെ സ്റ്റാഫ് തീരുമാനപ്രകാരം ഹെഡ്മാസ്റ്റര്‍ പുറത്താക്കി. വിദ്യാര്‍ത്ഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയും പോഷക സംഘടനകളും ശക്തമായ സമരം ആരംഭിച്ചു. അടുത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രവര്‍ത്തനം തടസപ്പെടുത്തുവാന്‍ വന്നുകൊണ്ടിരുന്നു. ഭീഷണിയും തെറിവിളിക്കലുമൊക്കെ പതിവായി നടന്നു. ‘മാനേജരുടെ കുടല്‍ പട്ടി തിന്നും’ എന്ന മുദ്രാവാക്യം ആവേശത്തോടെ ചിലര്‍ വിളിച്ചു. പിന്നീട് സമരം രമ്യമമായി പരിഹരിക്കപ്പെട്ടു. കമ്യൂണിസ്റ്റുകാരുടെ ദൈവവിശ്വാസം സംബന്ധിച്ച ചില ചോദ്യങ്ങള്‍ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇഎംഎസിനോട് ജോര്‍ജച്ചന്‍ കത്തുമുഖേന ചോദിച്ചിരുന്നു. മതവിശ്വാസത്തെ ബഹുമാനിച്ചുകൊണ്ട് സ്വയം ഭൗതികവാദികളായി ജീവിക്കുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതെന്ന് ഇഎംഎസ് മറുപടി കത്ത് അയച്ചു.
വാണിയമ്പലം പള്ളിയുടെ ഇരുവശത്തും ചാര്‍ത്തുണ്ടാക്കി പള്ളി കൂടുതല്‍ സൗകര്യപ്രദമാക്കി. അച്ചന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി വാണിയമ്പലം ഇടവകക്കാര്‍ വളരെ ആഘോഷമായി നടത്തിയത് അച്ചന്‍ സ്‌നേഹത്തോടെ ഓര്‍മ്മിക്കുന്നു.
2013 മുതല്‍ മേരിക്കുന്ന് ഗുഡ്‌ഷെപ്പേഡ് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. വായനയായിരുന്നു ഇഷ്ട വിനോദം. പത്ര മാസികകള്‍ വായിച്ച് കുറിപ്പ് തയ്യാറാക്കുന്ന പതിവുണ്ടായിരുന്നു. ക്രൈസ്തവ മാസികകള്‍ വിതരണം ചെയ്യുന്നതിലും അച്ചന്‍ ശ്രദ്ധിച്ചിരുന്നു. 2024 ഏപ്രില്‍ ഏഴിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
തീയറ്റര്‍ രംഗത്തെ പ്രമുഖനും മുക്കം അഭിലാഷ് തീയറ്റര്‍ ഉടമയുമായ മുക്കം കിഴക്കരക്കാട്ട് കെ. ഒ. ജോസഫ് (അഭിലാഷ് കുഞ്ഞേട്ടന്‍) അന്തരിച്ചു. മലപ്പുറം ചങ്ങരംകുളത്തെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന്കാല്‍വഴുതി വീണാണ് മരണം. താമരശ്ശേരി രൂപതയിലെ അത്മായ പ്രമുഖനും സാമൂഹിക സേവനരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം.
മൃതസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌ക്കാരം കല്ലുരുട്ടി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം ഇന്ന് (31-01-2024-ബുധൻ) വൈകുന്നേരം മുക്കം മുത്തേരിയിലെ വസതിയിൽ പൊതുദർശനത്തിനു വെക്കും.
1979 മേയ് 25-നാണ് മുക്കത്ത് അഭിലാഷ് തീയറ്റര്‍ ആരംഭിക്കുന്നത്. ചലച്ചിത്ര താരം മധുവാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് 1994-ല്‍ റോസ് എന്ന പേരില്‍ മറ്റൊരു തീയറ്റര്‍ കൂടി ആരംഭിച്ചു. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം മാറുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വ്യാജ സിഡികള്‍ വ്യാപകമായ കാലത്ത് തീയറ്റലേക്കുള്ള ജനത്തിന്റെ ഒഴുക്കു കുറഞ്ഞു. പ്രതിസന്ധി മറികടന്നത് വലിയ തീയറ്റര്‍ രണ്ടായി വിഭജിച്ചാണ്. പിന്നീട് ആ മാതൃക പലരും പിന്തുടര്‍ന്നു. എയര്‍ കണ്ടിഷനുകളും പുഷ്ബാക്ക് സീറ്റുകളും കഫറ്റീരിയകളും അടക്കം നഗരങ്ങളിലെ വന്‍കിട തിയറ്ററുകളുടെ ചമയങ്ങള്‍ ഒട്ടും ചോരാതെ മുക്കത്തെ തിയറ്ററുകളിലും ഒരുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍, റോസ് തീയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്‌ക്രീനുകള്‍ കെ. ഒ. ജോസഫിന്റേതാണ്.
താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുണാഭവന്റെ ട്രസ്റ്റ് ബോര്‍ഡ് അംഗവും സഭാ ചരിത്ര പണ്ഡിതനുമായ ഷെവലിയാര്‍ പ്രഫ. ഏബ്രഹാം അറയ്ക്കല്‍ അന്തരിച്ചു. ആലപ്പുഴ രൂപതാംഗമാണ്. സംസ്‌ക്കാരം ജനുവരി 20ന് രാവിലെ ഒമ്പതിന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍.
ഇപ്പോള്‍ കരുണാഭവന്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം പ്രഫ. ഏബ്രഹാം അറയ്ക്കല്‍ കൂടി ഉള്‍പ്പെട്ട ട്രസ്റ്റാണ് താമരശ്ശേരി രൂപതയ്ക്കു കൈമാറിയത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ നിന്ന് ഷെവലിയാര്‍ പദവി ലഭിച്ചിട്ടുണ്ട്. മദ്രാസ് ലെയോള, കൊല്ലം ഫാത്തിമാ മാതാ കോളജുകളിലും പാലക്കാട്, ചിറ്റൂര്‍, എറണാകുളം, തിരുവനന്തപുരം, കാസര്‍കോഡ് ഗവണ്‍മെന്റ് കോളജുകളിലും അധ്യാപകനായിരുന്നു. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്.
അസോസിയേഷന്‍ ഓഫ് ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് ജനറല്‍ സെക്രട്ടറിയും ഗവണ്‍മെന്റ് കോളജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപക പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റിലും കേരള സര്‍വകലാശാല സെനറ്റിലും അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘സദ്‌വാര്‍ത്ത’ ദിനപത്രത്തിന്റെ ചീഫ് എഡിറ്ററായും വോക്‌സ് നോവ എന്ന ചരിത്ര മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.മുന്‍ എംഎല്‍എയും ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. ഈപ്പന്‍ അറയ്ക്കലിന്റെയും ആലപ്പുഴ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായിരുന്ന ഏലിയാമ്മയുടെയും മകനാണ്.