താമരശ്ശേരി: രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ കത്തീഡ്രലില്‍ നടന്നു. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
വിശുദ്ധനായ വൈദിക ശ്രേഷ്ഠനായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് മാര്‍ ജോര്‍ജ് വലിയമറ്റം അനുസ്മരിച്ചു. ”ദൈവജനത്തെ വിശുദ്ധീകരിക്കാന്‍ വിശുദ്ധിയുള്ളവര്‍ക്കേ സാധിക്കൂ. അറിവുള്ളവര്‍ക്കേ അത് പകര്‍ന്നു നല്‍കാനാകൂ. ചിറ്റിലപ്പിള്ളി പിതാവ് വിശുദ്ധനും പണ്ഡിതനുമായിരുന്നു. നല്ല ഇടയനായി തന്റെ അജഗണത്തെ ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുവാന്‍ പിതാവിന് കഴിഞ്ഞതും അതുകൊണ്ടാണ്.” മാര്‍ ജോര്‍ജ് വലിയമറ്റം പറഞ്ഞു.
വിശുദ്ധ കുര്‍ബാനയിലും ശ്രാദ്ധ ശുശ്രൂഷയിലും വൈദികരും സന്യസ്തരും അല്‍മായരും പങ്കെടുത്തു.