കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം നാളെ (സെപ്റ്റംബര്‍ 8) സമാപിക്കും. നാളെ രാവിലെ ആറിനും 10നും വിശുദ്ധ കുര്‍ബാനയും രണ്ടാമത്തെ കുര്‍ബാനയ്ക്കു ശേഷം ജപമാല റാലിയുമുണ്ടാകും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം.
മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി അര്‍പ്പിച്ചിരുന്നു. വിവിധ ദിവസങ്ങളിലായി നടന്ന മരിയന്‍ പ്രഭാഷണങ്ങള്‍ക്ക് ഫാ. ബിനു പുളിക്കല്‍, ഫാ. രാജേഷ് പള്ളിക്കാവയലില്‍, സിസ്റ്റര്‍ ലിസി ടോം എംഎസ്എംഐ, സജിത്ത് ജോസഫ്, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ നേതൃത്വം നല്‍കി.
എട്ടുനോമ്പിന്റെ ദിവസങ്ങളില്‍ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയും ജപമാലയുമുണ്ടായിരുന്നു. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കോടഞ്ചേരി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, അസി. വികാരി ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, കൈക്കാരന്മാരായ ബാബു വേലിക്കകത്ത്, ജോസ് കപ്യാരുമലയില്‍, സേവ്യര്‍ വലിയമറ്റം, തങ്കച്ചന്‍ പുലയന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.