ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ലൗദാത്തോ സീ’ (അങ്ങേക്ക് സ്തുതി) യെന്ന ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം ‘ലൗ ദാത്തെ ദേവും’ (ദൈവത്തെസ്തുതിക്കുവിന്‍) വിശുദ്ധ ഫ്രാന്‍സിസ് അസ്സീയുടെ തിരുനാള്‍ ദിനമായ ഇന്ന് (ഒക്ടോബര്‍ 4, 2023) പ്രകാശനം ചെയ്യും.
ലോകത്തെ വിസ്മയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്ത ചിന്താധാരയും ബോധ്യങ്ങളുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ, 2015 മെയ് 24-നു പ്രസിദ്ധീകരിച്ച ‘ലൗദാത്തോ സീ’ (അങ്ങേയ്ക്കു സ്തുതി) യെന്ന ചാക്രികലേഖനം. സ്രഷ്ടാവും പ്രപഞ്ചവും ജീവജാലങ്ങളും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിക്കുന്ന ഉള്‍ക്കാഴ്ചയുള്ള മഹത്തായ ദര്‍ശനമാണ് ഈ ചാക്രികലേഖനം നല്‍കിയത്. തന്റെ മുന്‍ഗാമികളുടെ പാരിസ്ഥിതിക വീക്ഷണത്തെ വികസിപ്പിക്കുക മാത്രമല്ല, അവയ്ക്ക് പുതിയൊരു മാനം കൂടി മാര്‍പാപ്പ ഇതില്‍ നല്‍കി. മാഹാമാരികളും കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതിക്ഷോഭങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇന്നിന്റെ ലോകത്ത്, പ്രവചനാത്മകമായ പ്രസക്തിയാണ് ‘അങ്ങേയ്ക്കു സ്തുതി’ക്കുള്ളത്.
നമ്മുടെ പൊതുഭവനമായ ഭൂമിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയുടെ പ്രതിഫലനങ്ങളാണ് തുടരെത്തുടരെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ശക്തമായി പ്രസ്താവിക്കുന്നു. ഉപഭോഗ ആസക്തിയുടെ ആനന്ദമൂര്‍ച്ഛയില്‍ ദൈവത്തെയും പ്രകൃതിയെയും പരിത്യജിച്ചുകൊണ്ടുള്ള ഈ പ്രയാണം സര്‍വ്വനാശത്തിലേയ്ക്കാണെന്ന് ചാക്രിക ലേഖനത്തില്‍ പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു. ഭൂമിയുടെ നിലവിളിയും പാവങ്ങളുടെ കരച്ചിലും വ്യത്യസ്തമല്ലെന്നും, ജനതകളും രാഷ്ട്രങ്ങളും സമൂഹങ്ങളും ഇതിനോട് പ്രതികരിക്കേണ്ടത് എങ്ങനെയെന്നും പാപ്പാ ‘ലൗദാത്തോ സീ’യിലൂടെ വരച്ചുകാട്ടുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ക്കിടയില്‍ മാനവരാശിയും ഉള്‍പ്പെടുമെന്ന തിരിച്ചറിവും ഈ ചാക്രികലേഖനം നല്‍കി.
‘ലൗദാത്തേ ദേവും’ മാര്‍പാപ്പയുടെ ‘ലൗദാ ത്തോ സീ’ക്ക് പൂരകമാകുന്ന അപ്പോസ്തലിക പ്രബോധനമാണ്. ഭൂമിയെ നമ്മുടെ പൊതുഭവനമായി സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ചിന്താ പ്രവാഹത്തിന്റെ തുടര്‍ച്ചയാണ് പുതിയ അപ്പസ്‌തോലിക പ്രബോധനം.