‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് പുറത്തിറങ്ങി

ഫ്രാന്‍സീസ് പാപ്പായുടെ പുതിയ ചാക്രിക ലേഖനം, ‘അവന്‍ നമ്മെ സ്‌നേഹിച്ചു’ എന്നര്‍ത്ഥം വരുന്ന ‘ദിലെക്‌സിത് നോസിന്റെ’ ഇന്ത്യന്‍ പതിപ്പ് ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.

യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെ അധികരിച്ചുള്ള ‘ദിലെക്‌സിത് നോസ്’ എന്ന ചാക്രികലേഖനം പാപ്പാ ഒക്ടോബര്‍ 24-നാണ് പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ പതിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഭാരതത്തിലെ കത്തോലിക്ക മെത്രാന്മാരുടെ സമിതി സിസിബിഐ ആണ്. ഹിന്ദിയിലാണ് ഇത് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

ചാക്രികലേഖനത്തിന്റെ ആദ്ധ്യാത്മിക ഗുണങ്ങള്‍ സ്വീകരിക്കാനും ജീവിതത്തിനാവശ്യമായ പ്രചോദനം അതില്‍ നിന്നുള്‍ക്കൊള്ളാനും വിവര്‍ത്തനം ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികള്‍ക്ക് സഹായകമാകുമെന്ന് സിസിബിഐയുടെ പൊതുകാര്യദര്‍ശി ഡല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ ജോസഫ് കൂത്തൊ പ്രകാശനവേളയില്‍ അനുസ്മരിച്ചു.

ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ

പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ലോകസമാധാനത്തിനായി പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥ്യം യാചിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇസ്രായേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്നതിന്റെ തലേദിവസമായ ഒക്ടബോര്‍ ആറിന് വൈകുന്നേരമാണ് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നത്.

‘അമ്മേ, നമ്മുടെ ലോകത്തിന് വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ, ജീവന്‍ സംരക്ഷിക്കാനും യുദ്ധത്തെ തള്ളിക്കളയുവാനും കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും പ്രതിരോധമില്ലാത്തവരെയും രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും പരിപാലിക്കുകയും പൊതു ഭവനത്തെ സംരക്ഷിക്കുകയും ചെയ്യട്ടെ. സമാധാനത്തിന്റെ രാജ്ഞി, ദൈവത്തിന്റെ കരുണയ്ക്കായി മാധ്യസ്ഥ്യം വഹിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു! വിദ്വേഷം വളര്‍ത്തുന്നവരുടെ ആത്മാക്കളെ പരിവര്‍ത്തനം ചെയ്യുക, മരണത്തിന് കാരണമാകുന്ന ആയുധങ്ങളുടെ ആരവം നിശ്ശബ്ദമാക്കുക, മനുഷ്യഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്ന അക്രമം കെടുത്തുക’ – പാപ്പ പ്രാര്‍ത്ഥിച്ചു.

സമാധാന പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുമ്പ് ലത്തീനില്‍ പരമ്പരാഗത ‘സാല്‍വ റെജീന’ പ്രാര്‍ത്ഥനയും ജപമാലയുടെ അവസാനത്തില്‍ ലൊറേറ്റോയിലെ ലുത്തിനിയായും ആലപിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയായ ഇന്ന് ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയാണ്.
ഒക്ടോബര്‍ 2 സിനഡ് അസംബ്ലിയുടെ രണ്ടാം സെഷന്റെ ഉദ്ഘാടന കുര്‍ബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് ഒക്ടോബര്‍ ഏഴാം തീയതി വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും ഉപവാസ പ്രാര്‍ത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.

1571 ഒക്ടോബര്‍ ഏഴിന് ഗ്രീസില്‍ ലെപ്പാന്തോയില്‍ നടന്ന നാവികയുദ്ധത്തില്‍ യൂറോപ്പ് കീഴടക്കാന്‍ പോയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നാവികപ്പടയെ യൂറോപ്യന്‍ ശക്തികള്‍ അത്ഭുതകരമായി പരാജയപ്പെടുത്തിയ ദിവസമാണ് ജപമാല രാജ്ഞിയുടെ ദിനമായി ആചരിക്കുന്നത്

ഒക്ടോബര്‍ 7 ഉപവാസ പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം

ഇസ്രായേലും ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഒക്ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രദേശത്ത് സമാധാനം പുലരുന്നതിനുമായാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.

ഒക്ടോബര്‍ ഏഴിന്, ലോകസമാധാനത്തിനായി പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിവസമായി ആചരിക്കാന്‍ ഞാന്‍ എല്ലവരോടും അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ഒരുമിച്ച് ചരിക്കാം. നമുക്ക് കര്‍ത്താവിനെ ശ്രവിക്കാം. ആത്മാവിനാല്‍ നയിക്കപ്പെടാന്‍ നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. ഒക്ടോബര്‍ ആറിന്, സമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ സാന്താ മരിയ റോമന്‍ ബസിലിക്കയിലേക്ക് പോകുമെന്നും പാപ്പ സൂചിപ്പിച്ചു.

ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ്, കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ചെലവിടുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു കത്ത് എഴുതിയിരിന്നു. 2023 ഒക്ടോബര്‍ 7-ന്, ഹമാസ് ഭീകരസംഘം ഇസ്രായേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ് ഇപ്പോഴത്തെ അക്രമ പരമ്പരകള്‍ക്ക് തുടക്കമായത്. ആയിരക്കണക്കിന് സാധാരണക്കാരാണ് കൊല്ലപ്പെടുകയും നിരവധി ബന്ദികള്‍ തടങ്കലിലാക്കപ്പെടുകയും ചെയ്തിരിന്നു.

കഴിഞ്ഞ രാത്രി ഇറാന്‍ ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതോടെ വലിയ സംഘര്‍ഷ ഭീതിയിലാണ് വിശുദ്ധ നാട്. യുദ്ധത്തിന്റെ ആരംഭം മുതല്‍, ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തിനായി അഭ്യര്‍ത്ഥിക്കുകയും സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരിന്നു.

സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം: കര്‍ദിനാള്‍ മാരിയോ ഗ്രെഷ്

വത്തിക്കാനില്‍ നടക്കുന്ന 16-ാമത് മെത്രാന്‍ സിനഡിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ധ്യാനം വത്തിക്കാനില്‍ ഇന്ന് സമാപിക്കും. സിനഡ് ദിനങ്ങളായ ഒക്ടോബര്‍ 2 മുതല്‍ 27 വരെ സിനഡ് അംഗങ്ങളും കത്തോലിക്ക വിശ്വാസികള്‍ മുഴുവനും സിനഡിന് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ധ്യാനത്തിന് തുടക്കം കുറിച്ചുകൊണ്ട് സിനഡിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെഷ് പറഞ്ഞു.

വോട്ടവകാശമുളളവരും അല്ലാത്തവരുമായി സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്‍മായരുമുള്‍പ്പടെയുള്ള എല്ലാവരെയും ധ്യാനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ധ്യാനത്തിന്റെ ദിവസങ്ങള്‍ സിനഡിന്റെ മുന്നോടിയായുള്ള ദിവസങ്ങളല്ലെന്നും സിനഡിന്റെ അവിഭാജ്യഘടമകാണെന്നും കര്‍ദിനാള്‍ ഗ്രെഷ് പറഞ്ഞു. വാസ്തവത്തില്‍ സിനഡ് മുഴുവന്‍ പ്രാര്‍ത്ഥനയോ ആരാധനയോ ആയി മനസിലാക്കണമെന്നും മനുഷ്യരല്ല ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് ഇവിടെ പ്രവര്‍ത്തിക്കേണ്ടതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

പുതിയ സിനഡല്‍ ശാലയിലായിരുന്നു ധ്യാനം. ഡൊമിനിക്കന്‍ വൈദികനായ ഫാ. തിമോത്തി റാഡ്ക്ലിഫാണ് ധ്യാനം നയിച്ചത്.

‘പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുക:’ പാപ്പയുടെ ഒക്ടോബര്‍ നിയോഗം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒക്ടോബര്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം പ്രസിദ്ധീകരിച്ചു. പങ്കുവയ്ക്കപ്പെടുന്ന മിഷന്‍ ദൗത്യത്തിനായി പ്രാര്‍ത്ഥിക്കുകയെന്നതാണ് നിയോഗം.

‘നാമെല്ലാവരും സഭയുടെ മിഷനില്‍ പങ്കുകാരാണ്. പുരോഹിതര്‍ വിശ്വാസികളുടെ മേലധികാരികളല്ല. അവരുടെ ഇടയന്മാരാണ്. യേശു നമ്മെ വിളിച്ചിരിക്കുന്നത് പരസ്പര പൂരകമാകാനാണ്. നാം ഒരു സമൂഹമാണ്. നമ്മുടെ ജീവിതംകൊണ്ട് നാം ക്രിസ്തുവിനു സാക്ഷ്യം വഹിക്കണം. സഭയുടെ ദൗത്യത്തിന്റെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണം.’ – പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

2024 ഒക്ടോബറില്‍ 16-ാമത് മെത്രാന്‍ സിനഡിന്റെ സിനഡാലിറ്റിയെക്കുറിച്ചുള്ള പ്രമേയം ‘ഒരു സിനഡല്‍ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, മിഷന്‍’ എന്നതാണ്.

അന്താരാഷ്ട്ര യുവജന ഉപദേശക സമിതി അംഗമായി ഡോ. ഫ്രേയാ ഫ്രാന്‍സിസ്

ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും രാമനാഥപുരം രൂപത ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ഇടവകാംഗവുമായ ഡോ. ഫ്രേയ ഫ്രാന്‍സിസ്, അന്തര്‍ദേശീയ യുവജന ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന്റെ പ്രഖ്യാപനം വത്തിക്കാനിലെ അല്മായര്‍ക്കും, കുടുംബങ്ങള്‍ക്കും, ജീവനും വേണ്ടിയുള്ള കാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ സമിതിയില്‍ ഇന്ത്യയില്‍ നിന്നുളള ഏക പ്രതിനിധിയാണ് ഡോ. ഫ്രേയാ ഫ്രാന്‍സിസ്.

2024 സെപ്റ്റംബര്‍ 25 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. വത്തിക്കാന്റെ യുവജന മന്ത്രാലയത്തിലെ പ്രധാന വിഷയങ്ങളില്‍ കൂടിയാലോചനാ നടത്തി ഉപദേശങ്ങള്‍ നല്കുക എന്നതാണ് പ്രധാന ദൗത്യം.

ജീസസ് യൂത്തിന്റെ കോയമ്പത്തൂര്‍ സോണ്‍ മുന്‍ കോ-ഓഡിനേറ്ററും, ഇപ്പോള്‍ തമിഴ്‌നാട് റീജണല്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുമാണ് ഡോ. ഫ്രേയ. ചാലയ്ക്കല്‍ സി. സി. ഫ്രാന്‍സിസിന്റെയും ജസ്റ്റി ഫ്രാന്‍സിസിന്റയും മകളാണ്.

പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ ബ്രസല്‍സിലെ കിങ് ബൗഡോയിന്‍ സ്റ്റേഡിയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സംസാരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരു വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു.

ലെബനനിലെ സംഘര്‍ഷത്തില്‍ വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തിയ പാപ്പ ഹമാസ് തടവിലാക്കിയ ഇസ്രായേല്‍ക്കാരെ മോചിപ്പിക്കണമെന്നും മാനുഷിക സഹായം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

‘ഈ യുദ്ധം ജനസംഖ്യയില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. പശ്ചിമേഷ്യയില്‍ ദിനംപ്രതി നിരവധി ആളുകള്‍ മരിക്കുന്നത് തുടരുകയാണ്. ലെബനനിലും ഗാസയിലും പലസ്തീനിലെ മറ്റ് ഭാഗങ്ങളിലും ഇസ്രായേലിലും ഉടന്‍ വെടിവയ്പ്പ് അവസാനിപ്പിക്കാന്‍ ഞാന്‍ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം” ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മൂവായിരത്തിലധികം പേര്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

‘പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്’ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പ

ബെല്‍ജിയത്തിലെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനിടെ തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന ‘ഹോപ്പ് ഹാപ്പനിങ്’ യുവജന പരിപാടിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ഫ്രാന്‍സിസ് പാപ്പ. ലോക യുവജന ദിനത്തിന്റെ ഭാഗമായി ബല്‍ജിയം ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പിന്തുണയോടെ 40 ക്രിസ്ത്യന്‍ യുവജന കൂട്ടായ്മകള്‍ സംഘടിപ്പിച്ചതായിരുന്നു ‘ഹോപ്പ് ഹാപ്പനിങ്.’

പ്രാര്‍ത്ഥിക്കാന്‍ മറക്കരുതെന്നും ക്രിസ്തുവിനെ ഹൃദയത്തില്‍ നിലനിര്‍ത്തി വേണം മുന്നോട്ടു പോകുവാനെന്നും യുവജനങ്ങളോട് പാപ്പ പറഞ്ഞു.

ശിശുവിനെപ്പോലെയാകുന്നവനാണ് ഏറ്റവും വലിയവനെന്ന യേശു വചനം അനുസ്മരിച്ച് അവിടെയുണ്ടായിരുന്ന ഒരു നവജാത ശിശുവിനെ ചൂണ്ടിക്കാട്ടി ശിശുസഹജമായ നിഷ്‌കളങ്കതയും വിശുദ്ധിയും വീണ്ടെടുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.

പരിപാടിയില്‍ 6,000 യുവജനങ്ങള്‍ പങ്കെടുത്തു.

സുവിശേഷമൂല്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പാപ്പായുടെ ആഹ്വാനം

സുവിശേഷമൂല്യങ്ങള്‍ ജീവിക്കുക, യൂറോപ്പിലെ തങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ഐക്യത്തിലും കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിലും മാതൃകയായി തുടരുക എന്നീ ആഹ്വാനങ്ങളോടെ ഫ്രാന്‍സിസ് പാപ്പയുടെ ലെക്‌സംബര്‍ഗ് അപ്പസ്‌തോലിക യാത്രയ്ക്ക് സമാപനമായി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ വിവിധ ഭാഷാ, സംസ്‌കാരങ്ങളുടെ അതിര്‍വരമ്പായി നില്‍ക്കുന്ന ലക്‌സംബര്‍ഗ്, യൂറോപ്പുമായി ബന്ധപ്പെട്ട ചരിത്രപരമായ പല സംഭവങ്ങളുടെയും സംഗമവേദിയായി മാറിയിട്ടുണ്ടെന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍, രണ്ടു വട്ടം കൈയേറ്റത്തിന്റെയും, പിടിച്ചടക്കലിന്റെയും, സ്വാതന്ത്ര്യത്തിന്റെയും അനുഭവങ്ങളിലൂടെ രാജ്യം കടന്നുപോയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം, ഒരുമയും ഐക്യവുമുള്ള, ഓരോ രാജ്യങ്ങള്‍ക്കും തങ്ങളുടേതായ ചുമതലയുള്ള, ഒരു യൂറോപ്പിനെ പണിതുയര്‍ത്തുന്നതില്‍ ലക്‌സംബര്‍ഗ് തന്റേതായ പങ്കുവഹിച്ചിട്ടുണ്ട്.

മനുഷ്യാന്തസ്സിന് പ്രാധാന്യം കൊടുക്കുകയും അവന്റെ അടിസ്ഥാനസ്വാതന്ത്രത്തെ ഉറപ്പാക്കുകയും ചെയ്യുന്ന ഈ രാജ്യത്തിന്റെ ശക്തമായ ജനാധിപത്യപ്രസ്ഥാനം, ഇത്തരമൊരു സുപ്രധാനമായ ഉത്തരവാദിത്വത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ഒരു രാജ്യത്തിന്റെ വിസ്തൃതിയോ അവിടുത്തെ ജനസംഖ്യയോ അല്ല, ആ രാജ്യം അന്താരാഷ്ട്രതലത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കാനോ, സാമ്പത്തികരംഗത്തിന്റെ കേന്ദ്രമായി മാറാനോ ഉള്ള യോഗ്യത. മറിച്ച്, അവഗണനയും വിവേചനവും ഒഴിവാക്കി, വ്യക്തിയെയും, പൊതുനന്മയെയും പ്രധാനപ്പെട്ടതായി കണ്ടുകൊണ്ട് തുല്യതയുടെയും നിയമവാഴ്ചയുടെയും അടിസ്ഥാനത്തില്‍ അവരുടെ ജീവിതങ്ങളെ നിയന്ത്രിക്കുന്ന വിവേകപൂര്‍വ്വമുള്ള നിയമങ്ങളും സംഘടനാസ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

യൂറോപ്യന്‍ ഭൂഖണ്ഡത്തിലും, വിഭജനങ്ങളും ശത്രുതാമനോഭാവവും, സന്മനസ്സും, പരസ്പരസംവാദങ്ങളും നയതന്ത്രപ്രവര്‍ത്തനങ്ങളും വഴി പരിഹരിക്കേണ്ടതിനുപകരം, തുറന്ന ശത്രുതയോടെ നാശവും മരണവും വിതയ്ക്കുന്നത് നമുക്ക് കാണാനാകുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു. മനുഷ്യര്‍ക്ക് തങ്ങളുടെ ഓര്‍മ്മകള്‍ കാത്തുസൂക്ഷിക്കാനുള്ള കഴിവില്ലെന്നും, അതുകൊണ്ടുതന്നെ യുദ്ധങ്ങളുടെ പരിതാപകരമായ വഴികളിലൂടെ അവര്‍ വീണ്ടും സഞ്ചരിക്കുന്നതായി തോന്നുന്നുവെന്നും പാപ്പാ അപലപിച്ചു. മനുഷ്യര്‍ വലിയ വില കൊടുക്കേണ്ടിവരുന്നതും രാജ്യങ്ങളെ പതനത്തിലേക്ക് നയിക്കുന്നതുമായ ഇത്തരം രോഗത്തെ മാറ്റാന്‍, നാം ഉന്നതങ്ങളിലേക്ക് നോക്കണമെന്നും, ഇന്നത്തെ മാനവികതയുടെ വളര്‍ന്ന സാങ്കേതികശക്തിയുടെ കൂടെ വെളിച്ചത്തില്‍, പഴയകാലത്തെ തെറ്റുകളിലേക്ക് തിരികെപ്പോകാതിരിക്കാന്‍വേണ്ടി, ജനതകളുടെയും, ഭരണകര്‍ത്താക്കളുടെയും അനുദിനജീവിതം ആഴമേറിയ അദ്ധ്യാത്മികമൂല്യങ്ങളാല്‍ നയിക്കപ്പെടുന്നതുമാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വരും വര്‍ഷങ്ങളിലെ യുവജനദിന പ്രമേയങ്ങള്‍ പ്രസിദ്ധീകരിച്ചു

2025ലും 2027-ലും നടക്കുന്ന യുവജന ദിനങ്ങളുടെ ആദര്‍ശ പ്രമേയങ്ങള്‍ ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തു. 2025-ല്‍ രൂപതാതലത്തില്‍ ആചരിക്കപ്പെടുന്ന യുവജനദിനത്തിനായി ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം ‘നിങ്ങള്‍ എന്നോടുകൂടെയാകയാല്‍ നിങ്ങളും സാക്ഷ്യം നല്കുവിന്‍’ എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ് ഈ പ്രമേയത്തിന് അടിസ്ഥാനം.

2027-ല്‍ ദക്ഷിണ കൊറിയയിലെ സോളില്‍ ആഗോളസഭാതലത്തില്‍ ആചരിക്കപ്പെടുന്ന ലോക യുവജനദിനത്തിനുള്ള പ്രമേയം ‘ധൈര്യമായിരിക്കുവിന്‍, ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു’ എന്നതാണ്. യോഹന്നാന്റെ സുവിശേഷം പതിനാറാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെ വാക്യത്തില്‍ നിന്നുമാണ് പ്രമേയം തയ്യാറാക്കിയത്.

1984, ഏപ്രില്‍ 14, 15 തീയതികളില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍, അന്നത്തെ പാപ്പ ജോണ്‍ പോള്‍ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജന സംഗമം നടന്നത്. സംഗമത്തില്‍ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമന്‍ കുടുംബങ്ങള്‍ തങ്ങളുടെ വീടുകളിലാണ് ഇവര്‍ക്കെല്ലാം ആതിഥേയത്വം ഒരുക്കിയത്. ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലക്ഷകണക്കിന് യുവജനങ്ങളാണ് യുവജന സംഗമത്തില്‍ പങ്കെടുക്കാന്‍ എത്താറുള്ളത്.

Exit mobile version