2023 ജൂലൈ എട്ടിന് കേരള സംസ്ഥാന പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ആഗസ്റ്റ് 08 ലെ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സ. ഉ. കൈ (നമ്പര്‍) 109/2023/പൊ.ഭ.വ. ഉത്തരവുപ്രകാരം സീറോ മലബാര്‍ സഭാംഗങ്ങളായ സുറിയാനി കത്തോലിക്കരുടെ സമുദായനാമം ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നതായി സംസ്ഥാന സര്‍ക്കാര്‍ നിജപ്പെടുത്തിയിരിക്കുന്നു.
2021 ജൂണ്‍ മൂന്നിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സ. ഉ. (എംഎസ്.) നമ്പര്‍ 114/2021 പൊ.ഭ.വ. ഉത്തരവുപ്രകാരമുള്ള സംസ്ഥാനത്തെ സംവരണരഹിത (General Category) വിഭാഗങ്ങളുടെ പട്ടികയില്‍ 163-ാം നമ്പരായി സീറോമലബാര്‍ സഭയിലെ സുറിയാനി കത്തോലിക്കാ വിഭാഗത്തെ ‘സിറിയന്‍ കാത്തലിക് (സീറോ മലബാര്‍ കാത്തലിക്)’ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതു പരിഷ്‌കരിച്ചാണ് സമുദായത്തിന് പുതിയപേരു നല്‍കിയിരിക്കുന്നത്.
സീറോമലബാര്‍ സഭയിലെ സുറിയാനി കത്തോലിക്കര്‍ നാളിതുവരെ RC, RCS, RCSC, SC, റോമന്‍ കാത്തലിക്, സിറിയന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, Christian RC, Christian RCSC, സീറോമലബാര്‍ തുടങ്ങിയ വിവിധ പേരുകളാണ് സമുദായനാമമായി എസ്എസ്എല്‍സി ബുക്കിലും മറ്റ് ഔദ്യോഗിക രേഖകളിലും ഉപയോഗിച്ചുപോന്നിരുന്നത്. ഇനിമുതല്‍ സ്‌കൂള്‍ രേഖകളിലും മറ്റ് ഔദ്യോഗികരേഖകളിലും ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്ന സമുദായനാമമാണ് ഉപയോഗിക്കേണ്ടത്.
നിലവില്‍, RCSC മുതലായ പേരുകള്‍ ഔദ്യോഗികരേഖകളില്‍ ഉപയോഗിക്കുന്നവര്‍ അവ തിരുത്തേണ്ടിവരുന്ന നിര്‍ബന്ധിത സാഹചര്യമില്ല. എന്നാല്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന എല്ലാ രേഖകളിലും മാട്രിമോണിയല്‍ പോലെയുള്ള അനൗദ്യോഗിക ഉപയോഗങ്ങളിലും ഈ പേരുമാറ്റം വരുത്തേണ്ടതാണ്. മാത്രമല്ല കുട്ടികളുടെ വിവരങ്ങള്‍ പുതിയതായി ഔദ്യോഗികരേഖകളില്‍ ചേര്‍ക്കുമ്പോള്‍ ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്ന സമുദായനാമം തന്നെയാണ് ഉപയോഗിക്കേണ്ടത്. നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ രജിസ്റ്ററുകളിലും ഈ തിരുത്തല്‍ എത്രയുംവേഗം വരുത്തേണ്ടതാണ്. എസ്എസ്എല്‍സി ബുക്ക് ആധികാരിക ജാതിരേഖയായി ഉപയോഗിക്കുന്നതിനാല്‍ എസ്എസ്എല്‍സി ബുക്കിലും സമാന സര്‍ട്ടിഫിക്കറ്റുകളിലും പേരുവിവരങ്ങള്‍ ചേര്‍ക്കുന്ന സമയത്ത് വിദ്യാര്‍ത്ഥിളും രക്ഷാകര്‍ത്താക്കളും സ്‌കൂള്‍ അധികൃതരും ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ ‘Syro Malabar Syrian Catholic’ എന്ന സമുദായനാമം തന്നെ നിര്‍ബന്ധമായും ഉപയോഗിക്കേതാണ്. സ്‌കൂള്‍ അധികൃതര്‍ക്ക് രക്ഷാകര്‍ത്താവിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഈ തിരുത്തല്‍ വരുത്താവുന്നതാണ്. (ആവശ്യമെങ്കില്‍ മാത്രം റവന്യു അധികാരിയുടെ സാക്ഷ്യപത്രം വാങ്ങിയാല്‍ മതിയാവും.) എസ്എസ്എല്‍സി/തതുല്യം കഴിഞ്ഞവര്‍ റവന്യു അധികാരികളില്‍ നിന്നു ലഭിക്കുന്ന തുല്യതാസാക്ഷ്യപത്രമാണ് അവശ്യസമയത്ത് ഹാജരാക്കേണ്ടത്.സമുദായാംഗങ്ങള്‍ ഇനിമുതല്‍ ഇഡബ്ല്യുയുഎസ് സര്‍ട്ടിഫിക്കറ്റ്സ് പോലെയുള്ള ആവശ്യങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഈ ഔദ്യോഗികനാമം തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം.
ഈ പേരുമാറ്റം സംബന്ധിച്ച് ഏതാനും സംശയങ്ങളും അവയ്ക്കുള്ള വിശദീകരണം ചുവടെ:
- പുതിയ സമുദായനാമത്തില്‍ ‘സിറിയന്‍’ ആവര്‍ത്തിക്കുന്നതെന്തുകൊണ്ട്? ‘സീറോ മലബാര്‍’ എന്നതിലെ ‘സീറോ’ സുറിയാനിയെ സൂചിപ്പിക്കുന്നു, ‘സിറിയന്‍ കാത്തലിക്’ എന്നതിലെ ‘സിറിയന്‍’ എന്നതും സുറിയാനിയെ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് ഇപ്രകാരം ആവര്‍ത്തിച്ചിരിക്കുന്നതെന്ന് ധാരാളം പേര്‍ ചോദ്യമുന്നയിക്കുന്നുണ്ട്. ഇതിനു രണ്ടുകാരണങ്ങളാണ് പ്രധാനമായുമുള്ളത്.
ഒന്നാമത്തെ കാരണം ‘സീറോ മലബാര്‍’ എന്നത് സഭയുടെ പേരാണെങ്കില്‍ ‘സിറിയന്‍ കാത്തലിക്’ എന്നത് സഭയ്ക്കുള്ളിലെ ഒരു ഉപവിഭാഗത്തിന്റെ പേരാണ്. സീറോമലബാര്‍സഭ, ‘സിറിയന്‍ കാത്തലിക്’ വിഭാഗത്തെ കൂടാതെ ‘ക്നാനായ കാത്തലിക്’, ‘ദളിത് കാത്തലിക്’, ‘നാടാര്‍ കാത്തലിക്’ എന്നീ മൂന്നു പ്രധാന ഉപവിഭാഗങ്ങള്‍ക്കൂടി ഉള്‍ക്കൊള്ളുന്ന വ്യക്തിസഭയാണ്. ‘സിറിയന്‍ കാത്തലിക്’ ഒഴികെ ബാക്കി മൂന്നുവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ രേഖകള്‍പ്രകാരം വ്യക്തമായ സമുദായനാമങ്ങളുമുണ്ട്. ഇപ്രകാരം സീറോ മലബാര്‍ സഭയില്‍ ഈ മൂന്നു വിഭാഗങ്ങളില്‍പെടാത്തതും സംവരണ രഹിതരും (General Category) ആയ സഭാംഗങ്ങളെ പ്രത്യേകമായി സൂചിപ്പി ക്കുന്നതിനാണ് ‘സിറിയന്‍ കാത്തലിക്’ എന്ന പേരുകൂടി ചേര്‍ത്ത് ഉപയോഗിച്ചിരിക്കുന്നത്.
രണ്ടാമത്തെ കാരണം ‘സിറിയന്‍ കാത്തലിക്’ അഥവാ സുറിയാനി കത്തോലിക്കര്‍ എന്ന പേര് സഭാംഗങ്ങളുടെ ചരിത്രവും പാരമ്പര്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന പേരാണ്. സഭാംഗങ്ങളെ സംബന്ധിച്ച ചരിത്രരേഖകളിലെല്ലാം തന്നെ ആ പേരോ അതിന്റെ വിവിധ രൂപങ്ങളോ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ ആ പേര് നിലനിര്‍ത്തിയിരിക്കുന്നു.
- ‘ക്രിസ്ത്യന്‍’ എന്ന മതനാമംകൂടി പേരില്‍ ഉള്‍പ്പെടുത്തേണ്ടതല്ലായിരുന്നോ?
‘സിറിയന്‍ കാത്തലിക്’ എന്നതിനുപകരം ‘സിറിയന്‍ ക്രിസ്ത്യന്‍’ എന്നാണ് ഉപയോഗിക്കേണ്ടിയിരുന്നത് എന്നു ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഔദ്യോഗികരേഖകളില്‍ ‘മതം’ എന്ന കോളം പൂരിപ്പിക്കേണ്ടതുണ്ട് അവിടെയാണ് ‘ക്രിസ്ത്യന്‍’എന്നുചേര്‍ക്കേണ്ടത്. തുടര്‍ന്നുവരുന്ന ജാതി/ഉപവിഭാഗം/Denomination എന്നിങ്ങനെയുള്ള കോളത്തിലാണ് ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നുചേര്‍ക്കേണ്ടത്. ഇവിടെ ‘സിറിയന്‍ ക്രിസ്ത്യന്‍’ എന്നതിനേക്കാള്‍ ‘സിറിയന്‍ കാത്തലിക്’ എന്ന പേരിനാണ് കൂടുതല്‍ സൂക്ഷ്മതയുള്ളത് എന്നതുകൂടി പരിഗണിച്ചാണ് ഇപ്രകാരം പേരു രൂപപ്പെടുത്തിയിരിക്കുന്നത്. - RCSC തുടങ്ങിയ പഴയപേരുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയില്ലേ?
ഇഡബ്ല്യുഎസ് സംവരണം, മുന്നാക്ക വികസന കോര്‍പ്പറേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയാണ് സാധാരണയായി സംവരണരഹിത വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. ഇവ ലഭിക്കുന്നതിന് ഒരു വ്യക്തിയുടെ സമുദായനാമം 2021 ജൂണ്‍ 03 ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച 164 സംവരണരഹിത വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടേണ്ട കാര്യമില്ലെന്നും എസ്സ്സി/എസ്ടി, ഒബിസി വിഭാഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാതിരുന്നാല്‍ മാത്രം മതിയെന്നും സര്‍ക്കാര്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. അതിനാല്‍ ജാതിസംവരണത്തിന് അര്‍ഹതയില്ലാത്ത ആര്‍ക്കും സാമ്പത്തിക മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ സംവരണരഹിത വിഭാഗങ്ങള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ട്. ഇക്കാര്യം 03/08/2021 ല്‍ കേരള നിയമസഭയില്‍ റോജി എം. ജോണ്‍ എംഎല്‍എയുടെ സബ്മിഷന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 21/06/2021 ല്‍ സര്‍ക്കാര്‍ സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ക്ക് നല്‍കിയ ഉത്തരവിലും ഇക്കാര്യം വ്യക്തമാണ്. കൂടാതെ 07/05/2022 സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സ. ഉ. (ssI) നം. 216/2022/ഒഋഉച നമ്പര്‍ ഉത്തരവുപ്രകാരം ഇഡബ്ല്യുഎസ് സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവുകളിലെ ‘മുന്നാക്കവിഭാഗങ്ങളിലെ’ എന്നപദം ഒഴിവാക്കി പകരം ‘സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ വിഭാഗം എന്നു ചേര്‍ത്തിരിക്കുന്നു. അതിനാല്‍ സമുദായനാമം കൃത്യമായി ‘സീറോ മലബാര്‍ കാത്തലിക്ക്’ എന്ന് ഔദ്യോഗിക രേഖകളില്‍ ചേര്‍ക്കാത്തവര്‍ക്കും ഇഡബ്ല്യൂഎസ് സംവരണത്തിനും സംവരണരഹിത വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും അര്‍ഹത ഉണ്ടായിരിക്കും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും തടസവാദങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ സംസ്ഥാന മുന്നാക്ക കമ്മീഷന് പപരാതി നല്‍കാവുന്നതാണ്.
- ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്ക്’ എന്നതിന് ചുരുക്കരൂപമുണ്ടോ?
ഇല്ല, ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ (ഇംഗ്ലീഷില്‍ syro malabar syrian catholic) എന്ന് പൂര്‍ണമായും എഴുതേണ്ടതാണ്. RCSC എന്ന് ഉപയോഗിച്ചതുപോലെ ഒരു ചുരുക്കരൂപം ഇതിന് ഉദ്ദേശിച്ചിട്ടില്ല.
- ഔദ്യോഗിക രേഖകളില്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും സമുദായനാമം വിഭിന്നമാകുന്നതില്‍ ആശങ്കപ്പെടേണ്ടതുണ്ടോ?
കുട്ടികളുടെ ഔദ്യോഗികരേഖകളില്‍ ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്ന പുതിയ സമുദായ നാമം ചേര്‍ക്കുമ്പോള്‍ മാതാപിതാക്കളുടെ ഔദ്യോഗിക രേഖകളില്‍ RCSC മുതലായ പേരുകളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. ജനറല്‍ കാറ്റഗറിയില്‍ നാളിതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന RC, RCS, RCSC, SC റോമന്‍ കാത്തലിക്, സിറിയന്‍ കാത്തലിക്, ക്രിസ്ത്യന്‍ റോമന്‍ കാത്തലിക്, ക്രിസ്ത്യന്‍ ആര്‍സി, ക്രിസ്ത്യന്‍ ആര്‍സി എസ് സി, സീറോ മലബാര്‍ എന്നിങ്ങനെയുള്ള സമുദായ നാമങ്ങള്‍ ‘സീറോ മലബാര്‍ സിറിയന്‍ കാത്തലിക്’ എന്നതിന് തത്തുല്യമായിരിക്കും എന്നൊരു തുടര്‍ ഉത്തരവുകൂടി അനുവദിച്ചു കിട്ടുന്നതിന് പബ്ലിക്ക് അഫയേഴ്സ് കമ്മീഷന്‍ പരിശ്രമം തുടരുന്നതാണ്.
ഇതു സംബന്ധിച്ച സംശയങ്ങള്‍ക്ക് പബ്ലിക്ക് അഫയേഴ്സ് കമ്മീഷനെ സമീപിക്കാവുന്നതാണ്. ഫോണ്‍- 6238214912