‘ഫേസ് ഓഫ് ദ് ഫേസ്‌ലെസ്’ പ്രവര്‍ത്തകര്‍ക്ക് സീറോ മലബാര്‍ സഭയുടെ ആദരം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സന്യാസ ജീവിതം തെറ്റായി ചിത്രീകരിക്കപ്പെടുന്ന കാലത്ത് ഇത്തരം ചിത്രങ്ങള്‍ മറുപടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബര്‍ 20ന് വത്തിക്കാനില്‍ ഇറ്റാലിയന്‍ സബ്‌ടൈറ്റിലോടെ ‘ഫേസ് ഓഫ് ദ് ഫേസ്‌ലെസ്’ ഫ്രാന്‍സീസ് മാര്‍പാപ്പ കാണുമെന്നും കര്‍ദ്ദിനാള്‍ വെളിപ്പെടുത്തി.
നല്ല മൂല്യങ്ങള്‍ സമൂഹത്തിന് പ്രദാനം ചെയ്യുന്ന ചിത്രമാണ് ‘ഫേസ് ഓഫ് ദ് ഫേസ്‌ലെസ്’ എന്ന് സീറോ മലബാര്‍ സഭ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു. നടന്‍ സിജോയ്‌സ വര്‍ഗീസ് ചലച്ചിത്ര ആസ്വാദനം നടത്തി. ചിത്രം മാര്‍പാപ്പ കാണാന്‍ പോകുന്നു എന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സിസ്റ്റര്‍ റാണി മരിയയായി വേഷമിട്ട നടി വിന്‍സി അലോഷ്യസ് പറഞ്ഞു. ചിത്രത്തിന്റെ മേക്കിങ് വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും സംവിധായകന്‍ പ്രഫ. ഡോ. ഷെയ്സണ്‍ ഔസേപ്പും നിര്‍മ്മാതാവ് സാന്ദ്ര ഡിസൂസയും നന്ദി അറിയിച്ചു.
സമൂഹത്തില്‍ മുഖമില്ലാതായിപ്പോയ ഒരു ജനതയുടെ മുഖമായി മാറിയ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ അനുഭവ കഥ പറയുന്ന ‘ദ് ഫേസ് ഓഫ് ദ് ഫേസ്ലസ്’ കേരളത്തില്‍ നവംബര്‍ 17-ന് റിലീസ് ചെയ്യും.