ലോഗോസ് മെഗാ ക്വിസ് പ്രതിഭാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മിന്നും പ്രകടനമോടെ താമരശ്ശേരി രൂപതയുടെ അഭിമാനമായി ലിയ ട്രീസ സുനില്‍ കേഴപ്ലാക്കല്‍. ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം ലിയ ട്രീസയ്ക്കാണ്. ആറ് കാറ്റഗറിയിലെയും ഒന്നാം സ്ഥാനക്കാരാണ് ലോഗോസ് പ്രതിഭാ മത്സരത്തില്‍ മാറ്റുരച്ചത്. 1.2 മാര്‍ക്കിന്റെ നേരിയ വ്യത്യാസത്തിലാണ് ലിയയ്ക്ക് പ്രതിഭ പട്ടം നഷ്ടമായത്. ലോഗോസ് പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഇരിഞ്ഞാലക്കുട രൂപതയുടെ അമല ഷിന്റോ 75.3 മാര്‍ക്ക് നേടിയപ്പോള്‍ 74.1 മാര്‍ക്കോടെയാണ് ലിയ ട്രീസ ശക്തമായ മത്സരം കാഴ്ചവച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണവും 15,000 രൂപയും ലിയയ്ക്ക് സമ്മാനമായി ലഭിച്ചു.
കൂരോട്ടുപാറ ഇടവകാംഗമായ കേഴപ്ലാക്കല്‍ സുനില്‍ – ഷീന ദമ്പതികളുടെ മകളാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിയ. അഞ്ചാം ക്ലാസ് മുതല്‍ ലോഗോസ് ക്വിസില്‍ പങ്കെടുക്കുന്ന ലിയ കഴിഞ്ഞ തവണ പിഒസിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തിരുന്നു. സ്‌കൂള്‍ പഠനത്തോടൊപ്പം ലോഗോസ് പഠനത്തിനും പ്രാധാന്യം നല്‍കിയിരുന്നെന്ന് ഈ കൊച്ചുമിടുക്കി പറയുന്നു.
ആറു കാറ്റഗറികളിലായി ഇത്തവണ 4,75,000 പേരാണ് ലോഗോസ് ക്വിസ് മത്സരത്തില്‍ പങ്കെടുത്തത്. കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജെയിംസ് ആനാപറമ്പില്‍, കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോജു കോക്കാട്ട് എന്നിവര്‍ ലോഗോസ് പ്രതിഭാ മത്സരത്തിന് നേതൃത്വം നല്‍കി.