ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ‘ജീവിതം എന്റെ കഥ ചരിത്രത്തിലൂടെ’ 2024 മാര്‍ച്ചില്‍ പുറത്തിറങ്ങും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥാപരമായ പുസ്തകം ‘ജീവിതം, എന്റെ കഥ ചരിത്രത്തിലൂടെ’ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഹാര്‍പര്‍കോളിന്‍സാണു പ്രസാധകര്‍. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും 2024 മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി പുസ്തകം പുറത്തിറങ്ങും. കഴിഞ്ഞ 80 വര്‍ഷങ്ങള്‍ക്കിടെ മനുഷ്യവംശം കടന്നുപോയ സുപ്രധാന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ തന്റെ ജീവിതകഥ പറയുന്നതായിരിക്കും പുസ്തകമെന്നു പ്രസാധകര്‍ മുഖേന പുറത്തുവിട്ട പ്രസ്താവനയില്‍ മാര്‍പാപ്പ പറഞ്ഞു.

പൊതുഭവനമായ ഭൂമി അഭിമുഖീകരിച്ച കാര്യങ്ങളെക്കുറിച്ച് ഒരു വയോധികനില്‍ നിന്നും കേള്‍ക്കാനും കഴിഞ്ഞകാലത്തിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും യുവജനങ്ങള്‍ക്ക് ഇടയാക്കുന്ന രീതിയിലാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. വത്തിക്കാന്‍ പത്രപ്രവര്‍ത്തകനായ ഫാബിയോ മര്‍ച്ചീസ് രഗോനയുമായി ചേര്‍ന്നാണ് പുസ്തകം രചിച്ചിരിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധം, നാസികളുടെ ജൂതവംശഹത്യ, ഹിരോഷിമായിലെയും നാഗസാക്കിയിലെയും ആണവസ്ഫോടനങ്ങള്‍, ഇരട്ടഗോപുരങ്ങളുടെ തകര്‍ച്ച, 2008 ലെ സാമ്പത്തിക മാന്ദ്യം, ബെനഡിക്ട് പതിനാറമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗം, കോവിഡ് 19 പകര്‍ച്ചവ്യാധി തുടങ്ങിയ സംഭവങ്ങള്‍ മാര്‍പാപ്പയുടെ ആത്മകഥയുടെ ഭാഗമാകും. ഭ്രൂണഹത്യ, വംശീയത, കാലാവസ്ഥാവ്യത്യാനം, ആണവായുദ്ധങ്ങള്‍, യുദ്ധം, സാമൂഹികാസമത്വങ്ങള്‍ തുടങ്ങിയ സമകാലിക വിഷയങ്ങളും പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടും.

Exit mobile version