കുലീനരും ഭക്തരുമായ മാതാപിതാക്കന്മാരില്‍ നിന്നും ജനിച്ച സാബാസ് പിന്നീട് പാലസ്തീനായില്‍ സന്യാസികളുടെ പേട്രിയാര്‍ക്കുമാരില്‍ ഏറെ പ്രസിദ്ധനായിത്തീര്‍ന്നു. സൈനിക ഉദ്യോഗസ്ഥനായിരുന്നു സാബാസിന്റെ പിതാവ്. ജോലിക്കുവേണ്ടി വീടുവിട്ടു പോകേണ്ടി വന്നപ്പോള്‍ മകന്റെ സംരക്ഷണം പിതൃസഹോദരനെ അദ്ദേഹം ഏല്‍പ്പിച്ചു. എന്നാല്‍ കുട്ടിയെ വളര്‍ത്തുന്നതിന് പ്രതിഫലമായി അയാള്‍ സഹോദരനോട് സ്വത്ത് ആവശ്യപ്പെടുകയും അത് തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. അതുകണ്ട സാബാസിന് സമ്പത്തിന്റെ മായാസ്വഭാവം ബോധ്യമായി. തന്നിമിത്തം അദേഹം പ്ലാവിയന്‍ ആശ്രമത്തിലേക്ക് പോയി.
ആശ്രമത്തില്‍ എളിമയിലും ആശാനിഗ്രഹത്തിലും പ്രാര്‍ത്ഥനയിലും മറ്റുള്ളവരെ സാബാസ് അതിശയിപ്പിച്ചു. 10 കൊല്ലം ആശ്രമത്തില്‍ ജീവിച്ച ശേഷം വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ ജറുസലേമിലേക്ക് പോയി. അവിടെ ഒരാശ്രമത്തില്‍ താമസിച്ചു. എന്നാല്‍ ആ ആശ്രമം സുഖലോലുപതയിലേക്ക് നീങ്ങുന്നത് കണ്ടപ്പോള്‍ സാബാസ് സെദ്രോണ്‍ നദീതീരത്തുള്ള മരുഭൂമിയിലെ ഒരു ഗുഹയില്‍ താമസിക്കാന്‍ തുടങ്ങി. അവിടെ അഞ്ച് കൊല്ലം അദേഹം ഏകാന്തതയില്‍ പാര്‍ക്കുകയും തന്നെ അനുകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരാശ്രമം സ്ഥാപിക്കുകയും ചെയ്തു.
അദേഹത്തിന്റെ വിശുദ്ധിയെപ്പറ്റി കേട്ടറിഞ്ഞ ജറുസലേം പേട്രിയാര്‍ക്ക് അദേഹത്തെ പാലസ്തീനായിലെ സന്യാസികളുടെ സുപ്പീരിയര്‍ ജനറലായി നിയോഗിച്ചു. 532 ഡിസംബര്‍ അഞ്ചിന് അദേഹം നിത്യസമ്മാനത്തിനായി സ്വര്‍ഗ്ഗീയവസതിയിലേക്ക് യാത്രയായി.