ഡിസംബര്‍ 20: വിശുദ്ധ ഫിലെഗോണിയൂസ്

318-ല്‍ അന്തിയോക്യായിലെ മെത്രാനായി നിയമിക്കപ്പെട്ട ഫിലൊഗോണിയൂസ് അഭിഭാഷകനാകാനാണ് പഠിച്ചത്. തികഞ്ഞവാഗ്മിയായിരുന്നതുകൊണ്ട് അഭിഭാഷക ജോലിയില്‍ അദേഹം പ്രശോഭിച്ചു. പെരുമാറ്റ ശൈലിയും ജീവിത വിശുദ്ധിയും അദേഹത്തിന് കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തു. തന്നിമിത്തം അന്ത്യോക്യായിലെ വിത്താലീസ് മെത്രാന്‍ അന്തിരച്ചപ്പോള്‍ ഫിലെഗോണിയൂസിനെ മെത്രാനായി വാഴിച്ചു.

വിശുദ്ധ ഫിലൊഗോണിയൂസ് ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു ഹൃദയത്തിന്റെ ദുരാശകളെ ക്രൂശിച്ചു ക്രിസ്തുനാഥനെ അനുകരിക്കാന്‍ ഉത്സാഹിച്ചുകൊണ്ടിരുന്നതിനാല്‍ വിശുദ്ധിയില്‍ മുന്നേറി. മാക്‌സിമിയന്‍ ദ്വിതീയനും ലിസിനിയൂസും തിരുസഭയ്‌ക്കെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളെ ഫിലോഗോണിയൂസ് ചെറുത്തുനിന്ന് തന്റെ വിശ്വാസദാര്‍ഢ്യം വ്യക്തമാക്കി. ”വിവേകപൂര്‍വ്വമായ മൗനം സ്‌നേഹരഹിതമായ സത്യഭാഷണത്തേക്കാള്‍ മെച്ചമാണ്” എന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകള്‍ ഫിലോഗോണിയൂസിന്റെ ജീവിതത്തില്‍ തികച്ചും അനുയോജ്യമാണ്.

386 ഡിസംബര്‍ 20-ാം തിയതി അദേഹത്തിന്റെ തിരുന്നാള്‍ അന്ത്യോക്യായില്‍ അഘോഷിച്ചപ്പോള്‍ വിശുദ്ധ ക്രിസോസ്‌റ്റോമാണ് അദേഹത്തിന്റെ സുകൃത ജീവിതത്തെ കുറിച്ച് പ്രസംഗിച്ചത്.

പ്രോ ലൈഫ് സ്‌നേഹ ഭവന്‍ താക്കോല്‍ ദാനവും വെഞ്ചിരിപ്പും നടത്തി

ജീവന്റെ സമൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താമരശേരി രൂപതയിലെ പ്രോ ലൈഫ് സമിതി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വിനോദ് വെട്ടത്ത് സംഭാവനയായി നല്‍കിയ സ്ഥലത്ത് ഷെറിന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിച്ചത്.

രൂപതയിലെ വലിയ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രോലൈഫ് സമിതി ചെയ്തു വരുന്ന വിവിധ പദ്ധതികളില്‍ ഒന്നാണ് ഭവന നിര്‍മ്മാണം. വീടില്ലാത്ത 5 മക്കളടങ്ങുന്ന ഒരു കുടുംബത്തിനാണ് ഇപ്പോള്‍ വീട് നല്‍കിയിരിക്കുന്നത്.

സ്ഥലം സംഭാവന നല്‍കിയ വിനോദ് വെട്ടത്ത്, സമയ ബന്ധിതമായി പണി പൂര്‍ത്തീകരിച്ച പി. ജെ. ജൂഡ്‌സണ്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നിര്‍മ്മാണത്തിനാവശ്യമായ പണം സംഭാവന നല്‍കിയ ഷെറിന്‍ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബെന്നി പുളിക്കേക്കര, ഷെറിന്‍ ബെന്നി എന്നിവരെ ബിഷപ് അഭിനന്ദിച്ചു.

പ്രോ-ലൈഫ് സമിതി രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോസ് പെണ്ണാപറമ്പില്‍, തിരുവമ്പാടി ഫെറോന വികാരി ഫാ തോമസ് നാഗ പറമ്പില്‍, രൂപതാ പ്രസിഡന്റ് സജീവ് പുരയിടം എന്നിവര്‍ പ്രസംഗിച്ചു. തോമാച്ചന്‍ പുത്തന്‍പുരക്കല്‍, ബൈജു കുന്നുംപുറം, പ്രിന്‍സ് തിനംപറമ്പില്‍, തങ്കച്ചന്‍ പുരയിടത്തില്‍, മനോജ് കുഴിമണ്ണില്‍, സിസ്റ്റര്‍ റോസ് മരിയ സി.എം.സി, സിസ്റ്റര്‍ ഡാനി സി.എം.സി എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version