മാഹിയിലെ സെന്റ് തെരേസാസ് ദേവാലയത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബസലിക്കയായി ഉയര്‍ത്തി. ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് കോഴിക്കോട് നവജ്യോതി റിന്യൂവല്‍ സെന്ററില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോട് രൂപതാ ബിഷപ്പ് മാര്‍ വര്‍ഗീസ് ചക്കാലക്കാലാണ് ബസലിക്ക പ്രഖ്യാപനം നടത്തിയത്.
മലബാറിലെ ആദ്യത്തെ ബസലിക്കയാണ് മാഹി സെന്റ് തെരേസാസ് പള്ളി. മാര്‍പ്പാപ്പയുടെ ഇറ്റാലിയന്‍ ഭാഷയിലുള്ള ഡിക്രി മാഹി പള്ളി വികാരി ഫാ.വിന്‍സന്റ് പുളിക്കല്‍ വായിച്ചു. മലയാളം തര്‍ജ്ജിമ ഫാ. സജി വര്‍ഗീസും വായിച്ചു.
രാജ്യത്തെ ചരിത്രപ്രസിദ്ധമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നാണ് മയ്യഴിയിലെ അമ്മത്രേസ്യയുടെ ദൈവാലയം. മാഹിയില്‍ 1736-ല്‍ സ്ഥാപിക്കപ്പെട്ട ആരാധനാലയമാണിത്. 1736-ല്‍ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ യുദ്ധത്തില്‍ ദേവാലയത്തിനു കേടുപാടു സംഭവിച്ചു. 1788-ല്‍ ആബി ദുഷേനിന്‍ ദേവാലയം പുതുക്കിപ്പണിതു. 1855-ല്‍ പണിതീര്‍ത്ത മണിമാളികയില്‍ ഫ്രഞ്ച് മറീനുകള്‍ ഒരു ക്ലോക്ക് സ്ഥാപിച്ചു. 1956-ല്‍ ദൈവാലയം പുതുക്കിപ്പണിയുകയുണ്ടായി. 2010-ല്‍ തീര്‍ഥാടനകേന്ദ്രത്തില്‍ വിപുലമായ രീതിയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
ദേവായത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ആവിലായിലെ വിശുദ്ധ തെരേസയുടെ തിരുസ്വരൂപം കൊണ്ടുവന്ന പോര്‍ച്ചുഗീസ് കപ്പല്‍ മാഹി തീരത്ത് എത്തിയപ്പോള്‍ നിശ്ചലമായെന്നും അവിടെ രൂപം ഇറക്കണമെന്ന ദര്‍ശനമുണ്ടായെന്നുമാണ് പാരമ്പര്യം.
ബസിലിക്കയായി ഉയര്‍ത്തപ്പെട്ട മാഹിയിലെ അമ്മ ത്രേസ്യായുടെ തീര്‍ഥാടനകേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ പൂര്‍ണ്ണദണ്ഡവിമോചനം സ്വീകരിക്കാന്‍ കഴിയും. ബസിലിക്കയുടെ മധ്യസ്ഥയായ അമ്മ ത്രേസ്യയുടെ തിരുനാള്‍ ദിവസം, വിശുദ്ധരായ പത്രോസ്- പൗലോസ് അപ്പസ്‌തോലന്മാരുടെ തിരുനാള്‍ ദിനം, ബസിലിക്കയായി ഉയര്‍ത്തപ്പെട്ട വാര്‍ഷിക ദിനം എന്നീ ദിവസങ്ങളില്‍ ദണ്ഡവിമോചനം അനുവദിക്കും.