കോണ്‍സ്റ്റന്റിയിന്‍ ചക്രവര്‍ത്തിയുടെ 313-ലെ വിളംബരം വഴി സ്വാതന്ത്ര്യം പ്രാപിച്ച തിരുസഭയുടെ പ്രഥമ മാര്‍പാപ്പയായ സില്‍വെസ്റ്റര്‍ ഒരു റോമാക്കാരനായിരുന്നു. അമ്മ യുസ്ത മകനെ ദൈവഭയത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു. കരീനിയൂസ് എന്ന ഒരു വിദഗ്ദ വൈദികന്റെ ശിക്ഷണത്തിനു ശേഷം മര്‍സെല്ലിനൂസ് പാപ്പാ ആ യുവാവിന് പട്ടം കൊടുത്തു.
ഡിയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പുരോഹിത ശുശ്രൂഷ വളരെ ദുഷ്‌ക്കരമായിരുന്നെങ്കിലും ഫാ. സില്‍വെസ്റ്റര്‍ പലരുടെയും പ്രശംസാപാത്രമായി തീര്‍ന്നു. 314-ല്‍ മെല്‍ക്കിയാദെസു പാപ്പാ അന്തരിച്ചപ്പോള്‍ സില്‍വെസ്റ്ററിനെ മാര്‍പാപ്പയായി തിരെഞ്ഞെടുത്തു. 314-ല്‍ ആര്‍സില്‍ നടത്തിയ സുനഹദോസില്‍ തന്റെ പ്രതിനിധകളെ അയച്ച് ഡൊണാറ്റിസ്റ്റ് ശീശ്മ അവസാനിപ്പിച്ചു.
65 മെത്രാന്മാരെയും 42 വൈദികരെയും 25 ഡീക്കന്മാരെയും അദ്ദേഹം വാഴിച്ചിട്ടുണ്ട്. എല്ലാ ചുമതലകളും കൃത്യനിഷ്ഠയോടെ നിര്‍വഹിച്ച് സില്‍വെസ്റ്റര്‍ പാപ്പാ 335 സിസംബര്‍ 31-ന് കാലം ചെയ്തു. 21 കൊല്ലവും 11 മാസവും അദ്ദേഹം പാപ്പാ സ്ഥാനം അലങ്കരിച്ചു.