താമരശ്ശേരി രൂപതയുടെ ദൈവശാസ്ത്ര ബൈബിള്‍ പഠന കേന്ദ്രമായ പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയ 2022-23 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ക്രിസ്തുവിനെയും സഭയെയും കൂടുതല്‍ ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ വിവിധ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നതെന്നും കൂടുതല്‍ അറിയുന്നതിലൂടെ ക്രിസ്തുവിനെയും സഭയേയും കൂടുതല്‍ സ്‌നേഹിക്കാന്‍ കഴിയുമെന്നും ബിഷപ് പറഞ്ഞു. അജ്ഞത തെറ്റിലേക്ക് നയിക്കും. ജ്ഞാനത്തെ അന്വേഷിക്കുമ്പോഴാണ് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ ലഭിക്കുക, ബിഷപ് കൂട്ടിച്ചേര്‍ത്തു.
പോപ്പ് ബനഡിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ റവ. ഡോ. ബിനു കുളത്തിങ്കല്‍, പി.എം.ഒ.സി ഡയറക്ടര്‍ റവ. ഡോ. കുര്യന്‍ പുരമഠം, സിസ്റ്റര്‍ ആഞ്ചല എസ്.എഫ്.എന്‍, സിസ്റ്റര്‍ സ്‌നേഹ മെറിന്‍ സി.എം.സി, വി. ഒ. വര്‍ക്കി, ഡോ. ഷാന്റി ജോസ് എന്നിവര്‍ പ്രസംഗിച്ചു. 45 പേരാണ് ഏകവത്സര ദൈവശാസ്ത്ര കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിയത്.
തറവാട് സീനിയര്‍ സിറ്റിസണ്‍ ഹോം അംഗങ്ങളും, ചക്കിട്ടപ്പാറ ഇടവകാംഗമായ അലക്സിയ കാതറിനും വിവിധ കലാപരിപാടികൾ ഇതോടൊപ്പം അവതരിപ്പിച്ചു.