‘നിങ്ങളുടെ വാളും എന്റെ രക്തം കൊണ്ട് മലിനമാക്കിക്കൊള്ളുക; എന്നാല്‍ ക്രിസ്തുവിന് പ്രതിഷ്ഠിതമായ എന്റെ ശരീരത്തെ നിങ്ങള്‍ക്ക് മലിനമാക്കാന്‍ കഴിയുകയില്ല’ എന്ന് ധീരതയോടെ പ്രഖ്യാപിച്ച അഗ്നസ് റോമില്‍ ജനിച്ചു. കുഞ്ഞാട് എന്നാണ് ആഗ്നസ് എന്ന പേരിന്റെ അര്‍ത്ഥം. ഈ കൊച്ചുസുന്ദരിയെ പാണിഗ്രഹണം ചെയ്യാന്‍ റോമന്‍ യുവാക്കള്‍ അതിയായി ആഗ്രഹിച്ചു. ഒരു സ്വര്‍ഗ്ഗീയ മണവാളനു തന്റെ കന്യാത്വം നേര്‍ന്നിരിക്കുന്നുവെന്നായിരുന്നു അവളുടെ മറുപടി.
മധുരവചസുകളോ നേര്‍ച്ചകളോ അവളുടെ നിശ്ചയത്തിന് വ്യത്യാസം വരുത്തിയില്ല. ഭഗ്നാശരായ കാമുകന്മാര്‍ അവള്‍ ക്രിസ്ത്യാനിയാണെന്ന് ആരോപിച്ച് റോമന്‍ ന്യായാധിപന്‍ അവളോട് ജൂപ്പിറ്ററിനെ ദേവനെ ആരാധിക്കാന്‍ ആജ്ഞാപിച്ചു. അവള്‍ വഴിപ്പെടുന്നില്ലെന്ന് കണ്ടപ്പോള്‍ പല മര്‍ദ്ദനമുറകളും പ്രയോഗിച്ചു. ബിംബത്തിന്റെ അടുക്കലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ധൂപം കൈകൊണ്ട് എടുക്കാന്‍ നിര്‍ബന്ധിച്ചു. എന്നിട്ടും ബിംബത്തെ ആരാധിക്കുകയില്ലെന്ന് കണ്ടപ്പോള്‍ വേശ്യാഗ്രഹത്തില്‍ ആര്‍ക്കും ഉപയോഗിക്കുവാന്‍ നിയോഗിക്കുവാന്‍ കല്‍പ്പിച്ചു.
ഈശോ തന്റെ സ്വന്തമായവരെ സംരക്ഷിച്ചുകൊള്ളും എന്നായിരുന്നു അവളുടെ മറുപടി. അവസാനം മരണവിധി പ്രഖ്യാപിക്കപ്പെട്ടു. ഒരു നിമിഷം മുട്ടുകുത്തി പ്രാര്‍ത്ഥിച്ച ശേഷം വാളിന് അവള്‍ കഴുത്തുകാണിച്ചുകൊടുത്തു. ‘കന്യാത്വത്തിന്റെ മഹത്വത്തെ അവള്‍ രക്തസാക്ഷിത്വം കൊണ്ട് മകുടം ചാര്‍ത്തി’ എന്ന് വിശുദ്ധ ജെറോം പറയുന്നു.