ഫെബ്രുവരി 10: വിശുദ്ധ സ്‌കൊളാസ്റ്റിക്കാ കന്യക

വിശുദ്ധ ബെനഡിക്റ്റിന്റെ സഹോദരിയാണ് സ്‌കൊളസ്റ്റിക്ക. കുലീനമായ ഒരു ഇറ്റാലിയന്‍ കുടുംബത്തിലാണ് അവളുടെ ജനനം. പിന്നീട് ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമജീവിതത്തിനിടയില്‍ അനേകം സ്ത്രീജനങ്ങളെ സുകൃതജീവിതത്തിലേക്ക് അവള്‍ ആനയിച്ചുവെന്ന് സുപ്പീരിയറായ വിശുദ്ധ ബെര്‍ത്താദിയൂസ് പറയുന്നു. വിശുദ്ധ ബെനഡിക്റ്റിന്റെ നിയമാവലിയും മാര്‍ഗനിര്‍ദേശങ്ങളും സ്വീകരിച്ച് സ്‌കൊളസ്റ്റിക്ക മഠാധിപയുടെ ജോലി നിര്‍വഹിച്ചു വന്നു.

വര്‍ഷത്തിലൊരിക്കല്‍ സഹോദരനെ സന്ദര്‍ശിച്ച് ഉപദേശവും സ്വീകരിച്ചിരുന്നു. അന്തിമ സന്ദര്‍ശന ദിവസം സായ്ഹ്നമായപ്പോള്‍ സ്‌കൊളാസ്റ്റിക്ക തന്റെ സഹോദരനോട് ആ രാത്രി അവളുടെ ആശ്രമത്തില്‍ താമസിക്കാനാവശ്യപ്പെട്ടു. കുറേക്കൂടി ആത്മീയകാര്യങ്ങള്‍ സംസാരിക്കുകയായിരുന്നു ഉദ്ദേശ്യം. ആശ്രമത്തിനു പുറത്ത് രാത്രി കഴിയരുതെന്ന നിയമം ഉള്ളതിനാല്‍ ബെനഡിക്റ്റ് അത് നിഷേധിച്ചു. സ്‌കൊളസ്റ്റിക്ക കൈക്കൂപ്പി സ്വല്‍പ്പനേരം പ്രാര്‍ത്ഥിച്ചു. ഉടനടി ഭയങ്കര ഇടിയും കാറ്റും മഴയും ഉണ്ടായി. ബെനഡിക്റ്റിനു കൂടെയുണ്ടായിരുന്ന സന്യാസികള്‍ക്കും പുറത്തിറങ്ങാന്‍ വയ്യാതായി. എന്താണ് പെങ്ങള്‍ ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ”ഞാന്‍ ആങ്ങളയോട് ഒരനുഗ്രഹം ചോദിച്ചു; അവിടുന്ന് തന്നു” എന്നാണ് അവള്‍ പ്രതികരിച്ചത്. മൂന്നാം ദിവസം സ്‌കൊളസ്റ്റിക്ക മരിച്ചു. ദൈവം തന്നെ സ്‌നേഹിക്കുന്നവരുടെ ബാലിശമായ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാറുണ്ടെന്ന് ഈ വിശുദ്ധയുടെ ജീവചരിത്രം ഓര്‍മിപ്പിക്കുന്നു.

ഫെബ്രുവരി 9: വിശുദ്ധ അപ്പൊളോണിയ

ക്രിസ്ത്യാനികള്‍ രാജ്യത്തിനു ഭയങ്കര നാശമായിരിക്കുമെന്ന് അലെക്‌സാന്‍ഡ്രിയായിലെ ഒരു കവി പ്രവചിച്ചു. തല്‍ഫലമായി ഈജിപ്ഷ്യന്‍ ജനത ക്രിസ്ത്യനികള്‍ക്കെതിരെ ഒരു ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. മെത്രാസ് എന്നൊരു വൃദ്ധന്റെ കണ്ണുകുത്തിക്കളഞ്ഞ ശേഷം കല്ലെറിഞ്ഞ് അയാളെ കൊന്നു. ക്രൈസ്തവ ഭവനങ്ങള്‍ വിജാതീയര്‍ കവര്‍ച്ച ചെയ്തു. അന്നത്തെ മതപീഡനത്തില്‍ ഏറ്റവും ശ്രദ്ധേയമായൊരു രക്തസാക്ഷിയാണ് വൃദ്ധകന്യകയായ അപ്പോളോണിയ. അവളുടെ പല്ല് അവര്‍ തല്ലിക്കളഞ്ഞു. നഗരത്തിനു പുറത്ത് ഒരു ചിതയുണ്ടാക്കി അവളോടു പറഞ്ഞു ക്രിസ്തുവിനെ നിഷേധിക്കുക. അല്ലെങ്കില്‍ നിന്നെ ജീവനോടെ ദഹിപ്പിച്ചുക്കളയും. ഏതാനും നിമിഷം മൗനം അവലംബിച്ച ശേഷം അവള്‍ ചിതയിലേക്ക് ചാടി. ആരാച്ചാരന്മാര്‍ തന്നെ ചുമന്ന് തീയിലിടണ്ടാ എന്ന നിശ്ചയത്താല്‍ ഈശോയോടുള്ള സ്‌നേഹത്തെ പ്രതിയാണ് അവള്‍ അങ്ങനെ ചെയ്തത്. വിശുദ്ധ അപ്പോളോണിയായെപ്പോലെ ധീരതയോടെ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച് നമുക്കും ദൈവത്തെ സ്‌നേഹിക്കാന്‍ പരിശ്രമിക്കാം.

Exit mobile version