വിശുദ്ധ യൗസേപ്പിന്റെ സഹോദരനായ ക്ലെയോഫാസിന്റെയും കന്യകാംബികയുടെ സഹോദരിയായ മറിയത്തിന്റെയും മകനാണ് വിശുദ്ധ ശിമയോന്‍. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും രക്തസാക്ഷിത്വത്തിന് ശേഷം ജറുസലേം ഉടനെ റോമാക്കാര്‍ ആക്രമിക്കുമെന്നും അതിനാല്‍ എല്ലാവരും സ്ഥലം വിടണമെന്നും ക്രിസ്ത്യാനികള്‍ക്കു ദൈവത്തില്‍ നിന്നൊരു വെളിപാടുണ്ടായി. ബിഷപ് ശിമയോന്‍ തന്റെ ജനങ്ങളെ ജോര്‍ദാന്‍ കടത്തി പെല്ലാ എന്ന നഗരത്തില്‍ താമസിച്ചു. വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയുടെ ജറുസലേം അക്രമണത്തിനു ശേഷം ക്രിസ്ത്യാനികള്‍ ശിമയോന്റെ നേതൃത്വത്തില്‍ തന്നെ ജെറുസലേമിലേക്ക് മടങ്ങി. വെസ്‌പേഷ്യന്‍ ചക്രവര്‍ത്തിയും ഡാമീഷ്യന്‍ ചക്രവര്‍ത്തിയും ദാവീദിന്റെ വംശം മുഴുവനും കൊന്നൊടുക്കണമെന്ന് ആജ്ഞാപിച്ചിരുന്നു. യഹൂദന്മാര്‍ ഈ തക്കം നോക്കി ശിമയോന്‍ ദാവീദിന്റെ വംശജനാണെന്നും ഒരു ക്രൈസ്തവനാണെന്നും റോമന്‍ ഗവര്‍ണര്‍ അറ്റിക്കൂസിനെ അറിയിച്ചു. അദ്ദേഹം ശിമയോനെ കുരിശില്‍ തറയ്ക്കാന്‍ വിധിക്കുകയും ചെയ്തു. പതിവുള്ള മര്‍ദ്ദനങ്ങള്‍ക്ക് ശേഷം ശിമയോന്‍ കുരിശില്‍ തറയ്ക്കപ്പെട്ടു.