പരിശുദ്ധാത്മാവിനെ സ്വീകരിച്ച ശേഷം പത്രോസ് കുറേനാള്‍ പലസ്തീനായില്‍ത്തന്നെ ചെലവഴിച്ചു. അതിനു ശേഷം അന്തിയോക്യയിലേക്കു പോയി. അവിടെ നിന്ന് പൗലോസിനോടൊപ്പം റോമയില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇരുവരും നീറോ ചക്രവര്‍ത്തിയുടെ കാലത്ത് ഒരേ ദിവസം രക്തസാക്ഷിത്വം വരിച്ചുവെന്നും വിശ്വസിക്കുന്നു.
രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഇറനേവൂസ് പറയുന്നു: രണ്ടു മഹാ അപ്പസ്‌തോലന്മാരായ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ മേല്‍ സ്ഥാപിതമായിരിക്കുന്ന എത്രയും ശ്രേഷ്ഠവും മഹത്തുമായ സഭയാണ് റോമാ സഭ. ഈ തിരുനാള്‍ ദിവസം പത്രോസിന്റെ ഇന്നത്തെ പിന്‍ഗാമിക്കുവേണ്ടി തീഷ്ണമായി പ്രാര്‍ത്ഥിക്കുവാന്‍ നാം കടപ്പെട്ടിരിക്കുന്നു. യോഗ്യന്മാരായ അജപാലകന്മാരെ അയച്ചുതരാന്‍ നാം അപേക്ഷിക്കുകയും വേണം.