പൂഞ്ഞാറില്‍ വൈദികനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അസി. വികാരി ഫാ. ജോസഫ് ആറ്റുചാലിനെയാണ് അക്രമി സംഘം കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പള്ളിയില്‍ ആരാധന നടക്കുന്ന സമയത്ത് പള്ളിമുറ്റത്തേക്ക് ബൈക്കിലും കാറിലുമായി അതിക്രമിച്ച് കയറി ആരാധന തടസ്സപ്പെടുത്തന്ന വിധത്തില്‍ വാഹനങ്ങള്‍ റേസ് ചെയ്തു. ഇതു ചോദ്യം ചെയ്യാനെത്തിയ ഫാ. ജോസഫ് ആറ്റുചാലിനെ അക്രമി സംഘം കാറുപയോഗിച്ച് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഫാ. ജോസഫ് ഇപ്പോള്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ചികിത്സയിലാണ്. വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കേരളത്തിലെ മതമൈത്രി തകര്‍ക്കുന്ന തീവ്രവാദം അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ തുറുങ്കിലടയ്ക്കണമെന്നും താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മതമൈത്രിയും മതസ്വാതന്ത്ര്യവും തകര്‍ക്കുന്ന പ്രവൃത്തിയാണ് നടന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം, മനപ്പൂര്‍വ്വമായ നരഹത്യാശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാതൃകാപരമായ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവഹികള്‍ മുന്നറിയിപ്പു നല്‍കി.
ഇത് വേദനാജനകം: പി. സി. ജോര്‍ജ്
”വളരെ പ്രസിദ്ധമായ പള്ളിയാണ് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളി. പള്ളിയുടെ ഗ്രൗണ്ടില്‍ ഈരാറ്റുപേട്ടക്കാരായ ചെറുപ്പക്കാര്‍ കാറിലും ബൈക്കിലുമായി എത്തിയാണ് അക്രമണം നടത്തിയത്. ഇവിടുത്തെ ജനങ്ങളുടെ വികാരം വളരെ വലുതാണ്. കാരണം ഇത്രയും നല്ലൊരു വൈദികനോടാണ് ഇവര്‍ നെറികേട് കാണിച്ചത്. എന്തു വൃത്തികേടും ചെയ്യാം എന്ന നിലയായി. ഇപ്പോള്‍ പോലീസ് ഉണര്‍ന്നിട്ടുണ്ട്. പോലീസ് ഉണര്‍ന്ന് തന്നെ ഇരിക്കണം. ഇല്ലെങ്കില്‍ കുഴപ്പമുണ്ടാകും. അല്ലെങ്കില്‍ ഈരാറ്റുപേട്ട റൗഡിസത്തിനെതിരെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കും. അതുണ്ടാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈ ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഈ സമൂഹത്തിന്റെ ശത്രുക്കളാണ്.” – പി. സി. ജോര്‍ജ് പറഞ്ഞു.
ഇടിച്ചിട്ടത് രണ്ടു കാറുകള്‍: ദൃക്‌സാക്ഷി
”കുരിശിന്‍തൊട്ടിയിലേക്ക് ഇറങ്ങിയപ്പോള്‍ എട്ടോളം കാറുകള്‍ പാഞ്ഞ് വന്ന് വരിവരിയായി നിര്‍ത്തി. പുറകെ അഞ്ച് ബൈക്കുകള്‍ വന്നു. അതില്‍ നീല നിറമുള്ള കാറ് കുരിശിന്‍തൊട്ടിയില്‍ വലിയ രീതിയില്‍ റേസ് ചെയ്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.
ഇത് ചോദ്യം ചെയ്ത ജോസഫ് അച്ചനെ ചുമന്ന കാര്‍ ആദ്യം ഇടിച്ചിട്ടു. രണ്ടാമത് വന്ന കാറാണ് അച്ചനെ ഇടിച്ച് വീഴ്ത്തിയത്. അച്ചന്‍ റോഡിനു പുറത്തേക്കാണ് വീണത്. അല്ലായിരുന്നെങ്കില്‍ അച്ചന്റെ ദേഹത്തുകൂടി കാര്‍ കയറിയിറങ്ങുമായിരുന്നു. 55 പേരോളം അടങ്ങിയ സംഘമാണ് എത്തിയത്. ഉടന്‍ തന്നെ അവര്‍ രക്ഷപ്പെട്ടുകളഞ്ഞു. അച്ചനെ ആശുപത്രിയിലാക്കിയ ശേഷം പള്ളിയില്‍ കൂട്ടമണിയടിച്ച് പ്രതിഷേധ പ്രകടനത്തിന് ഇറങ്ങുകയായിരുന്നു. ഇതിനു മുമ്പും ഇത്തരത്തിലുള്ളവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേദപാഠത്തിനെത്തുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.” – സംഭവം കണ്ടു നിന്ന ദൃക്‌സാക്ഷി പറയുന്നു.
ഇതിനു മുമ്പും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, അപായപ്പെടുത്താനുള്ള ശ്രമം ആദ്യം: വികാരി ഫാ. മാത്യു കടൂക്കുന്നേല്‍
”പള്ളിയിലെ ആരാധനയ്ക്ക് തടസ്സം സൃഷ്ടിച്ച് വാഹനം ഇരപ്പിച്ചവരോട് പള്ളി കോംമ്പൗണ്ടില്‍ നിന്ന് പുറത്തു പോകുവാന്‍ ഫാ. ജോസഫ് ആവശ്യപ്പെട്ടു. അവര്‍ക്ക് അത് പ്രകോപനമായി തോന്നി. അപ്പോഴാണ് അവര്‍ വണ്ടി ഇടിച്ച് അച്ചനെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനു മുമ്പും വാഹനങ്ങള്‍ ഇവിടെ കൊണ്ടുവന്ന് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പുറത്തു പോകുവാന്‍ പറയുമ്പോള്‍ പോയിരുന്നു. അപായ ശ്രമം ഇതാദ്യമായാണ്. പള്ളിയുടെ പ്രധാന വ്യക്തിയെ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ ശക്തമായ വിഷമം ഞങ്ങള്‍ക്കുണ്ടായി. അതിലുള്ള പ്രതിഷേധം അറിയിക്കുന്നു.” വികാരി ഫാ. മാത്യു കടൂക്കുന്നേല്‍ പറഞ്ഞു.