ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ സി.എസ്.ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ചെറുപുഷ്പ സന്യാസ സമൂഹം സെന്റ് തോമസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ. ജോണ്‍സണ്‍ വരകപറമ്പില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജിനോ പെരിംഞ്ചേരിലാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. ഫാ. ജോഷി വാളിപ്ലാക്കല്‍, ഫാ. സിജോയ് കരിങ്ങാലിച്ചിറ, ഫാ. ബിജു കൊല്ലകൊമ്പില്‍ എന്നിവരാണ് പുതിയ കൗണ്‍സിലര്‍മാര്‍. ഫാ. ജോസഫ് കൈതകുളത്തില്‍ ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നാമത് ഓഡിനറി പ്രൊവിന്‍ഷ്യല്‍ സിനാക്‌സിസിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഫെബ്രുവരി 29: വിശുദ്ധ ഓസ്‌വാള്‍ഡ് മെത്രാന്‍

കാന്റര്‍ബറി ആര്‍ച്ച് ബിഷപ് വിശുദ്ധ ഓഡോയുടെ സഹോദര പുത്രനാണ് വിശുദ്ധ ഓസ്‌വാള്‍ഡ്. ഓഡോ അദ്ദേഹത്തെ പഠിപ്പിച്ച് വിഞ്ചെസ്റ്ററിയിലെ വികാരിയാക്കി. എന്നാല്‍ അദ്ദേഹം ആ സ്ഥാനം ഉപേക്ഷിച്ച് ഫ്രാന്‍സിലെ ഫ്‌ളോരിയില്‍ സന്യാസം ആരംഭിച്ചു. അധിക കാലം അങ്ങനെ തുടരാന്‍ സാധിച്ചില്ല. 974-ല്‍ ഓസ്‌വാള്‍ഡ് യോര്‍ക്കിലെ ആര്‍ച്ചു ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. അതിരൂപതയില്‍ ചുറ്റിനടന്ന് പ്രസംഗിക്കുന്നതിലും തെറ്റുകള്‍ തിരുത്തുന്നതിലുമാണ് ആര്‍ച്ച് ബിഷപ്പിന്റെ ശ്രദ്ധ പതിഞ്ഞത്.

എളിമയും പരസ്‌നേഹവും അഭ്യസിക്കാന്‍വേണ്ടി ഭക്ഷണമേശയില്‍ 12 ദരിദ്രരെ ഒപ്പമിരുത്തിയാണ് അദ്ദേഹം ആഹാരം കഴിച്ചിരുന്നത്. പലപ്പോഴും അവര്‍ക്ക് ആഹാരം വിളമ്പിക്കൊടുക്കുകയും അവരുടെ പാദങ്ങള്‍ കഴുകി മുത്തുകയും ചെയ്തിരുന്നു. വിശുദ്ധ ഓസ് വാള്‍ഡ്അത്യധികം പ്രാധാന്യം കല്‍പ്പിച്ചിരുന്ന വിശുദ്ധ ബെനഡിക്റ്റിന്റെ ഒരു ഉപദേശ ശകലമുണ്ട്. ‘ദൈവത്തിനു സ്വയം സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എല്ലാ ഭൗമീക വസ്തുക്കളെയും ചവിട്ടിതേക്കണം. ദൈവത്തിന് ഇഷ്ടമല്ലാത്തവ ഉപേക്ഷിക്കണം. ഭൗമീക സ്‌നേഹങ്ങള്‍ വര്‍ജ്ജിക്കണം. സ്വന്തം ഇഷ്ടം വര്‍ജ്ജിക്കുന്നവര്‍ മാത്രമേ ദൈവസ്‌നേഹത്തില്‍ പുരോഗമിക്കുകയുള്ളൂ.’

സ്വയം പരിത്യജിച്ചും സ്വന്തം ഇഷ്ടം നിഷേധിക്കാന്‍ നിരന്തരം പരിശ്രമിച്ചുമാണ് ഓസ്‌വാള്‍ഡ് പുണ്യപരിപൂര്‍ണ്ണത നേടിയത്.

Exit mobile version