പോളണ്ടിലെ രാജാവായിരുന്ന കാസിമീര്‍ തൃതീയന്റെയും ഓസ്ട്രിയായിലെ എലിസബത്തുരാജകുമാരിയുടെയും 13 മക്കളില്‍ മൂന്നാമത്തെ ആളാണ് കാസിമീര്‍ രാജകുമാരന്‍. കുമാരനെ പഠിപ്പിച്ചിരുന്ന കാനണ്‍ ജോണ്‍ പുഗ്‌ളോസാ ബാലനില്‍ ദൈവഭക്തിയും പ്രാര്‍ത്ഥനാശീലവും പ്രായശ്ചിത്ത തീഷ്ണതയും വളര്‍ത്തി.
കൊട്ടാരത്തിലെ സുഖജീവിതം പരിത്യജിച്ച് പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും കാസിമീര്‍ ആനന്ദം കൊണ്ടു. ശയ്യ തറയില്‍ തന്നെ. രാത്രി കുറേയേറെ സമയം പ്രാര്‍ത്ഥനയിലും പീഡാനുഭവ ധ്യാനത്തിലുമാണ് ചെലവഴിച്ചിരുന്നത്. രാവിലെ ദൈവാലയത്തില്‍ സന്യാസികളുടെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു.
പീഡാനുഭവധ്യാനം അദ്ദേഹത്തിന്റെ കണ്ണുകളെ നനയ്ക്കുക പതിവായിരുന്നു. ദൈവമാതാവിനോടുള്ള അദ്ദേഹത്തിന്റെ ഭക്തി അന്യാദൃശ്യമായിരുന്നു. പല വിവാഹാലോചനകള്‍ ഉണ്ടായെങ്കിലും അദ്ദേഹം ബ്രഹ്മചാരിയായിത്തന്നെ തുടര്‍ന്നു. അചിരേണ ക്ഷയരോഗം പിടിപ്പെടുകയും 25-ാമത്തെ വയസില്‍ മരിക്കുകയും ചെയ്തു. നീര്‍പോള പോലെയുള്ള ലോക സന്തോഷങ്ങള്‍ വെട്ടിത്തിളങ്ങും. അവ മായയാണെന്ന് മനസിലാക്കുവാന്‍ കഴിയുന്നവര്‍ ആദ്ധ്യാത്മിക ജീവിതത്തില്‍ പുരോഗമിക്കുന്നു.