വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായിരിക്കെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപത. വന്യമൃഗങ്ങളില്‍ നിന്നു കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നും ഇത് സാംസ്‌ക്കാരിക കേരളമാണെന്നു പറയാന്‍ ലജ്ജ തോന്നുന്നുവെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രതികരിച്ചു. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകന്‍ പാലാട്ടില്‍ അബ്രാഹം മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബിഷപ്.
‘മലയോരങ്ങളിലെല്ലാം ആന, കടുവ, കാട്ടുപോത്ത്, പുലി, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ ശല്യം അതി രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ കുട്ടികളെ എങ്ങനെ സ്‌കൂളിലേക്ക് പറഞ്ഞു വിടും? കൃഷിയിടത്തില്‍ എന്തു ധൈര്യത്തിലാണ് ജോലി ചെയ്യുക? മനുഷ്യ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയേ മതിയാകൂ.” – ബിഷപ് പറഞ്ഞു.