അര്‍മേനിയായില്‍ സെബാസ്റ്റെ നഗരത്തില്‍ 320-ാം ആണ്ടിലാണ് നാല്‍പതു പടയാളികള്‍ രക്തസാക്ഷിത്വം വരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുറുചുറുക്കുള്ള സുമുഖരായ ഒരു ഗണമായിരുന്നു ഇവരുടേത്.
ചക്രവര്‍ത്തി ലിസീനിയൂസിന്റെ ആജ്ഞപ്രകാരം എല്ലാ പടയാളികളും ദേവന്മാര്‍ക്ക് ബലിചെയ്യണമെന്ന് ഗവര്‍ണര്‍ ഉത്തരവിട്ടു. നാല്‍പതുപേരും ഗവര്‍ണറുടെ അടുക്കല്‍ ചെന്ന് പറഞ്ഞു, ”ഞങ്ങള്‍ ക്രിസ്ത്യാനികളാണ്. യാതൊരു മര്‍ദ്ദനവും ഞങ്ങളുടെ പരിശുദ്ധമതം ഉപേക്ഷിക്കുവാന്‍ ഞങ്ങളെ പ്രേരിപ്പിക്കില്ല.” ഗവര്‍ണര്‍ അവരെ ചമ്മട്ടികൊണ്ടടിപ്പിച്ചു. വയറുകീറി. അനന്തരം അവരെയെല്ലാം ചങ്ങലകൊണ്ടു ബന്ധിച്ച് ജയിലിലാക്കി.
ഏതാനും ദിവസങ്ങള്‍ക്കു ശേഷം രണ്ടാമതും വിചാരണ ചെയ്തു. വാഗ്ദാനങ്ങള്‍ ഏറെ നല്‍കിയെങ്കിലും പിന്മാറാതായപ്പോള്‍ ഈ വിമതരെ നഗ്നരാക്കി മഞ്ഞില്‍ കിടത്തി. ക്രിസ്തുവിനെ നിഷേധിക്കുന്നവരെ രക്ഷിക്കാന്‍ അരികില്‍ ഒരു കുളത്തില്‍ ചൂളുവെള്ളം ശേഖരിച്ചിരുന്നു. മാലാഖമാര്‍ 39 കിരീടങ്ങളുമായി ഇറങ്ങിവരുന്നത് കാവല്‍ ഭടന്മാര്‍ കണ്ടു. അപ്പോള്‍ നഷ്ടധൈര്യനായി ഒരാള്‍ കൂട്ടംവിട്ടോടി. ഇതു കണ്ടുനിന്ന കാവല്‍ഭടന്മാരില്‍ ഒരാള്‍ ഭീരുവായി ഓടിപ്പോയവന്റെ സ്ഥാനം പിടിച്ചു. അങ്ങെനെ വീണ്ടും നാല്‍പതു തികഞ്ഞു.
തണുത്തുവിറങ്ങലിച്ചവരുടെ മൃതദേഹം ചിതയിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഒരാള്‍ ശ്വസിക്കുന്നതായി കണ്ടു. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പ്രസ്താവിച്ചപ്പോള്‍ രക്തസാക്ഷിത്വ കിരീടം നഷ്ടപ്പെടുത്തേണ്ട എന്ന് അദ്ദേഹത്തിന്റെ ധീരയായ അമ്മ പ്രസ്താവിച്ചു. സഹോദരന്മാരുടെ ശരീരത്തോടൊപ്പം അദ്ദേഹത്തിന്റെ ശരീരവും തീയിലിടപ്പെട്ടു.