Site icon Malabar Vision Online

മാര്‍ച്ച് 23: മോഗ്രോവേയോയിലെ ടൂറീബിയൂസ് മെത്രാന്‍


സ്‌പെയിനില്‍ മോഗ്രോവേയോ എന്ന സ്ഥലത്ത് 1538 നവംബര്‍ ആറിന് ടൂറീബിയൂസ് ജനിച്ചു. ഭക്തകൃത്യങ്ങള്‍ പാരമ്പര്യമെന്നവണ്ണം അനുഷ്ഠിച്ചു വന്നിരുന്ന കുടുംബത്തില്‍ വളര്‍ന്നു വന്ന ബാലന്‍ സകലര്‍ക്കും ഒരു മാതൃകയായിരുന്നു. ഒഴിവുസമയമെല്ലാം അവന്‍ ഭക്തകൃത്യങ്ങള്‍ക്കോ ദരിദ്രസേവനത്തിനോ ആണ് വിനിയോഗിച്ചിരുന്നത്. അനുപമമായിരുന്നു ജീവിത തപസ്സ്, കാല്‍നടയായി വിദൂരതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ഈ തപോജീവിതത്തിനിടയ്ക്ക് ടൂറീബിയൂസ് സിവില്‍ നിയമങ്ങളും സഭാനിയമങ്ങളും പഠിച്ചു പ്രാവീണ്യം നേടിയിരുന്നു. ഇതു മനസ്സിലാക്കിയ ഭൂപതി ഫിലിപ്പ് വിതീയന്‍ അദ്ദേഹത്തെ ഗ്രാനഡായിലെ ന്യായാധിപനായി നിയമിച്ചു. പ്രസ്തുത ജോലിയിലിരിക്കുമ്പോഴാണ് അദ്ദേഹത്തെ തെക്കെഅമേരിക്കയില്‍ പെറു സംസ്ഥാനത്തിന്റെ തലസ്ഥാനമായ ലീമായിലെ ആര്‍ച്ചു ബിഷപ്പായി നിയമിച്ചത്. ഈ ബഹുമതി ഉപേക്ഷിക്കാന്‍ അദ്ദേഹം വളരെ ഉത്സാഹിച്ചുവെങ്കിലും പരിശുദ്ധപിതാവ് അദ്ദേഹത്തോട് പട്ടവും മെത്രാഭിഷേകവും സ്വീകരിക്കാന്‍ ആജ്ഞാപിച്ചു. 1587-ല്‍ ടൂറീബിയൂസു ലിമായിലെത്തി ആര്‍ച്ചുബിഷപ്പിന്റെ ജോലികള്‍ ഏറ്റെടുത്തു.

ലീമാ നിവാസികള്‍ക്ക് പുതിയ ആര്‍ച്ചുബിഷപ് പുണ്യത്തിന്റെ ഒരു മാതൃകയായിരുന്നു. ദീര്‍ഘമായ ധ്യാനപ്രാര്‍ത്ഥനയ്ക്കുശേഷമാണ് അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചിരുന്നത്. ദിവസംതോറും പാപസങ്കീര്‍ത്തനം കഴിച്ചിരുന്നു. രൂപതയുടെ എല്ലാ ഭാഗങ്ങളും അദ്ദേഹം മൂന്നുപ്രാവശ്യം സന്ദര്‍ശിച്ചു ഒരു ലക്ഷത്തോളം കിലോമീറ്റര്‍ അദ്ദേഹം യാത്രചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. അനേകരെ ജ്ഞാനസ്നാനപ്പെടുത്താനും അനേകര്‍ക്ക് സ്ഥൈര്യലേപനം നല്‍കാനും ഈ യാത്രകള്‍ ഉപകരിച്ചു.

ദരിദ്രര്‍ക്ക് ധര്‍മ്മം നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഭക്താഭ്യാസം രൂപതയില്‍ മൂന്നാമതു സന്ദര്‍ശനം നടത്തുമ്പോഴാണ് മരണകരമായ രോഗം പിടിപെട്ട് 1606 മാര്‍ച്ച് 23-ന് അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.


Exit mobile version