വെറോണയിലെ മെത്രാനായ വിശുദ്ധ സെനോ വിശുദ്ധ അബ്രോസിന്റെ സമകാലികനാണ്. അദ്ദേഹം ഒരു വന്ദകനായിരുന്നുവെന്നും രക്തസാക്ഷിയായിരുന്നുവെന്നും അഭിപ്രായാന്തരങ്ങളുണ്ട്. മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് 362-ല്‍ സെനോ വെറോണയിലെ മെത്രാനായി. പ്രസംഗംവഴി എല്ലാ കൊല്ലവും അനേകം വിജാതീയരേയും ആര്യന്‍ പാഷണ്ഡികളേയും അദ്ദേഹം ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നു. കോണ്‍സ്റ്റന്റിയന്‍, വാലെന്‍സ് എന്നീ ചക്രവര്‍ത്തികളുടെ പിന്തുണ പാഷണ്ഡികള്‍ക്കുണ്ടായിട്ടും ബിഷപ് സെനോയ്ക്ക് അനേകരുടെ മനസ്സു തിരിക്കാന്‍ കഴിഞ്ഞു.
ദരിദ്രജീവിതംവഴി പണമുണ്ടാക്കി ദരിദ്ര സഹായത്തിന് വിനിയോഗിച്ചതും അടിമകളെ സ്വതന്ത്രരാക്കാന്‍ വെറോണയിലെ ജനങ്ങള്‍ നിര്‍ല്ലോഭം സഹായിച്ചതും ശ്രദ്ധേയമാണ്. വിശുദ്ധരുടെ കബറിടങ്ങളില്‍ നടത്തിയിരുന്ന സ്‌നേഹവിരുന്ന് അമിതമായ മദ്യപാനത്തിനും മായാസ്തുതിക്കും കാരണമാകുന്നുണ്ടെന്നു കണ്ട് സെനോ അത് നിരുത്സാഹപ്പെടുത്തി. അങ്ങനെ ആ ആചാരം ഇല്ലാതായി. അതിന് വിശുദ്ധ അഗസ്തിനോസ് സെനോയെ അത്യധികം സ്തുതിച്ചു. മരിച്ചവരുടെ ശേഷക്രിയകള്‍ നടക്കുമ്പോളുണ്ടായിരുന്ന അമിതമായ വിലാപം വിശുദ്ധ സെനോ നിര്‍ത്തലാക്കി.
വിശ്വാസ സംരക്ഷണത്തിനുവേണ്ടി വിശുദ്ധ സെനോ അനുഭവിച്ചിട്ടുള്ള സഹനങ്ങള്‍ അവര്‍ണ്ണനീയമാണ്. സ്വന്തം അനുഭവത്തെ അടിസ്ഥാനപ്പെടുത്തി ക്ഷമയെപ്പറ്റി വിശുദ്ധ സെനോ എഴുതിയിട്ടുള്ള ഈ വാക്കുകള്‍ എല്ലാ തലമുറകള്‍ക്കും അനുയോജ്യമാണ്. ‘എല്ലാ പുണ്യങ്ങളുടേയും രാജ്ഞി, ക്ഷമയേ, നിന്റെ സ്തുതികള്‍ പാടാന്‍ ഞാന്‍ എത്രമാത്രം ആഗ്രഹിക്കുന്നു വാക്കാലല്ല. എന്റെ ജീവിതത്താലും പ്രവര്‍ത്തനങ്ങളാലും അങ്ങ് കന്യാത്വത്തിന്റെ തുണയാണ്. വിധവകള്‍ക്ക് സുരക്ഷിത തുറമുഖമാണ്. വിവാഹജീവിതത്തിന് വഴികാട്ടിയും മാര്‍ഗ്ഗനിയന്താവുമാണ്. സ്‌നേഹത്തിന്റെ അടിസ്ഥാനമാണ്. അടിമത്തത്തിന്റെ ആശ്വാസവും ആനന്ദവുമാണ്, അങ്ങാണല്ലോ പലപ്പോഴും അടിമത്തത്തിനുള്ള സ്വാതന്ത്ര്യം അങ്ങുവഴി ദാരിദ്ര്യം സമാധാനത്തോടെ ആസ്വദിക്കുന്നു.’