ശിശുപ്രായം മുതല്‍ ദൈവകാര്യങ്ങളില്‍ തീക്ഷ്ണത പ്രദര്‍ശിപ്പിച്ച ഒരു ഡൊമിനിക്കന്‍ സന്യാസിനിയാണ് ടസ്‌കനിയില്‍ 1274-ല്‍ ജനിച്ച ആഗ്‌നെസ്. ബാല്യത്തില്‍ത്തന്നെ ‘കര്‍തൃജപവും’, ‘നന്മനിറഞ്ഞ മറിയമേ..’ എന്ന പ്രാര്‍ത്ഥനയും ഒരു മുറിയുടെ മൂലയില്‍ മുട്ടിന്മേല്‍നിന്ന് അവള്‍ ചൊല്ലിക്കൊണ്ടിരുന്നുവത്രെ. 9-ാമത്തെ വയസ്സില്‍ മാതാപിതാക്കന്മാര്‍ ആഗ്‌നെസ്സിനെ മോന്തെ പുള്‍ചിയാനോയിലെ ഒരു ഫ്രാന്‍സിസ്‌ക്കന്‍ മഠത്തില്‍ താമസിപ്പിച്ചു. അവള്‍ അവിടെ സുകൃതങ്ങളുടെ ഒരു മാതൃകയായിരുന്നു.
15-ാമത്തെ വയസ്സില്‍ ആഗ്‌നെസ് പ്രോസെനോയിലെ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ഉടനെ അവിടെ മഠാധിപയായി. അക്കാലത്ത് അവള്‍ നിലത്താണ് കിടന്നിരുന്നത്; തലയണ ഒരു പാറക്കല്ലും. 15 വര്‍ഷം അപ്പവും വെള്ളവും കഴിച്ചുജീവിച്ചു. അധികാരികള്‍ അവളുടെ ആരോഗ്യം പരിഗണിച്ച് ഈ പ്രായശ്ചിത്തങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. അവളുടെ നാട്ടുകാര്‍ സ്വഗ്രാമത്തില്‍ ഒരാശ്രമം പണിതുകൊണ്ട് അവളെ ആ മഠത്തിലേക്കു ക്ഷണിച്ചു.
രോഗിണിയായിത്തീര്‍ന്നിരുന്ന ആഗ്‌നെസ്സിന്റെ എളിമയും ദൈവസ്‌നേഹവും അവളെ ദൈവത്തിങ്കലേക്ക് അടുപ്പിച്ചു. അത്ഭുതങ്ങളും പ്രവചനങ്ങളും അവളുടെ വിശുദ്ധി പ്രഖ്യാതമാക്കി 1017 ഏപ്രില്‍ 20-ാം തീയതി 43-ാമത്തെ വയസ്സില്‍ ആഗ്‌നെസ് സ്വര്‍ല്ലോക പ്രാപ്തതയായി 1726-ല്‍ 13-ാം ബെനഡിക്ട് മാര്‍പാപ്പ അവളെ വിശുദ്ധയെന്നു നാമകരണം ചെയ്തു.