മെയ് 16: വിശുദ്ധ ജോണ്‍ നെപ്പോമുസെന്‍


കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍വേണ്ടി ജീവന്‍ ത്യജിച്ച ജോണ്‍ നെപ്പോമുസെന്‍ ബൊഹീമിയയില്‍ നെപ്പോമുക്കില്‍ ജനിച്ചു. ജനിച്ചയുടനെ ഉണ്ടായ മാരകമായ രോഗത്തില്‍ നിന്നു ദൈവമാതാവിന്റെ സഹായത്താല്‍ സുഖം പ്രാപിച്ചതിനു കൃതജ്ഞതയായി ജോണിനെ ദൈവശുശ്രൂഷയ്ക്കു പ്രതിഷ്ഠിച്ച് നല്ല വിദ്യാഭ്യാസം നല്കി. യുവാവായ ജോണ്‍ ശാന്തത, ശാലീനത, ദൈവഭക്തി, പഠനസാമര്‍ത്ഥ്യം മുതലായ ഗുണങ്ങളുള്ളവനായിരുന്നു. രാവിലെ അടുത്തുള്ള ആശ്രമത്തിലെത്തി കുര്‍ബാന കൂടും, ശേഷം സമയം പഠിക്കും. താമസിയാതെ ദൈവശാസ്ത്രത്തിലും സഭാനിയമത്തിലും ബിരുദം നേടി വൈദികപട്ടം സ്വീകരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ സുമധുരമായിരുന്നതിനാല്‍ യുവജനങ്ങള്‍ അവ കേള്‍ക്കാന്‍ തടിച്ചുകൂടിയിരുന്നു.

1376-ല്‍ പതിനാറാമത്തെ വയസ്സില്‍ വെഞ്ചസ്ലാസു ബൊഹീമിയാ രാജാവായി. യൗവനത്തില്‍ ലഭിച്ച അധികാരവും പ്രൗഢിയും രാജാവിനെ മദ്യപാനിയും അലസനുമാക്കി. എങ്കിലും ഫാ. ജോണിനെ അദ്ദേഹം കൊട്ടാരത്തിലേക്കു നോമ്പുകാല പ്രസംഗത്തിനു ക്ഷണിച്ചു. സംതൃപ്തനായ രാജാവ് അദ്ദേഹത്തിനു മെത്രാന്‍ സ്ഥാനവും ചാന്‍സലര്‍ സ്ഥാനവും വച്ചു നീട്ടി; അദ്ദേഹം അവയെല്ലാം പരിത്യജിച്ചു ദരിദ്രസേവനത്തില്‍ കഴിഞ്ഞു.

വെഞ്ചസ്ലാസു രാജാവു വിവാഹം കഴിച്ചതു ബവേരിയാ രാജാവ് ആള്‍ബെര്‍ട്ടിന്റെ മകള്‍ ജെയിനെയാണ്. രാജാവ് രാജ്ഞിയെ സ്‌നേഹിച്ചിരുന്നെങ്കിലും രാജ്ഞിയുടെ വിശുദ്ധ ജീവിതം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. തന്നോടു പ്രദര്‍ശിപ്പിച്ചിരുന്ന ആര്‍ദ്രതപോലും രാജാവ് സംശയിച്ചു. രാജ്ഞിയുടെ കുമ്പസാരക്കാരനായിരുന്ന ഫാ. ജോണില്‍ നിന്ന് അവരുടെ കുമ്പസാര ത്തിന്റെ സംക്ഷേപം പിടിച്ചെടുക്കാന്‍ രാജാവു ശ്രമിച്ചുതുടങ്ങി. നേരിട്ടു കുമ്പസാരത്തെപ്പറ്റി അദ്ദേഹത്തോടു ചോദിച്ചു; മര്‍ദ്ദനമാരംഭിച്ചു; ശൃംഖലകള്‍കൊണ്ടു ബന്ധിച്ചു. ജയിലിലടച്ചു. മര്‍ദ്ദനയന്ത്രത്തില്‍ കിടത്തി. എന്നിട്ടും കുമ്പസാരരഹസ്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. കോപിഷ്ഠനായ രാജാവ് ആജ്ഞാപിച്ചു: ‘ഈ മനുഷ്യനെ ഇരുട്ടാകുമ്പോള്‍ പുഴയിലെറിയുക; ജനങ്ങള്‍ അറിയരുത്.’ കൈകാലുകള്‍ ബന്ധിച്ചു പ്രേഗില്‍ക്കൂടി ഒഴുകുന്ന മുള്‍ഡാ നദിയില്‍ 1383 മേയ് 16-ന് ആരാച്ചാരന്മാര്‍ അദ്ദേഹത്തെ വലിച്ചെറിഞ്ഞു. നദീതീരത്തു കണ്ട വിളക്കുകളെപ്പറ്റി ചക്രവര്‍ത്തിനി അന്വേഷണം നടത്തി. ആരാച്ചാരന്മാര്‍ വിവരം രഹസ്യമായി പാലിച്ചില്ല. സംഗതി ഗ്രഹിച്ച കാനന്മാരും ജനങ്ങളും ചേര്‍ന്ന് ഫാ. ജോണിനെ ഭക്തിപൂര്‍വ്വം സംസ്‌ക്കരിച്ചു.

ഫാ. ജോണിന്റെ ശവകുടീരത്തിലെ ശിലാലിഖിതം ഇപ്രകാരമാണ്: ‘ഡോക്ടറും ഈ പള്ളിയിലെ കാനനും ചക്രവര്‍ത്തിനിയുടെ കുമ്പസാരക്കാരനും അത്ഭുതപ്രവര്‍ത്തകനുമായ ജോണ്‍ നെപ്പോമുസെന്‍ കുമ്പസാര രഹസ്യം അഭംഗമായി പാലിച്ചതു നിമിത്തം ചാള്‍സു നാലാമന്റെ മകന്‍ ബൊഹീമിയന്‍ രാജാവും ചക്രവര്‍ത്തിയുമായ വെഞ്ചസ്ലാസു ചതുര്‍ത്ഥഥന്റെ ആജ്ഞപ്രകാരം മര്‍ദ്ദിക്കപ്പെടുകയും പ്രേഗുപാലത്തില്‍നിന്നു മുള്‍ഡാ നദിയിലേക്ക് എറിയപ്പെടുകയും ചെയ്തു.”


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version