മെയ് 20: സീയെന്നായിലെ വിശുദ്ധ ബെര്‍ണര്‍ഡീന്‍


വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഒരുത്തമ ശിഷ്യനും ഒരു പ്രശസ്ത വാഗ്മിയും കര്‍ശന നിയമാനുഷ്ഠാക്കളായ ഫ്രാന്‍സിസ്‌കന്‍ സഭാവിഭാഗത്തിന്റെ സ്ഥാപകനുമായ ബെര്‍ണര്‍ദീന്‍ സീയെന്നായില്‍ മാസ്സാ എന്ന പ്രദേശത്ത് ഒരു കുലീന കുടുംബത്തില്‍ 1380-ല്‍ ജനിച്ചു. മൂന്നു വയസ്സില്‍ അമ്മയും ഏഴു വയസ്സില്‍ അച്ഛനും മരിച്ചു. ഡിയാനാ എന്ന അമ്മായിയാണ് ബെര്‍ണര്‍ദീനെ ദൈവത്തോടും ദൈവമാതാവിനോടുമുള്ള ഭക്തിയില്‍ വളര്‍ത്തിക്കൊണ്ടുവന്നത്. കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ എല്ലാ ശനിയാഴ്ചയും ദൈവമാതാവിനെക്കുറിച്ച് അവന്‍ ഉപവസിച്ചിരുന്നു. ഒരു ഭിക്ഷുവിന് ഒന്നും നല്കാതെ വിടേണ്ടിവന്നപ്പോള്‍ കുട്ടി അമ്മായിയോടു പറഞ്ഞു: ”ദൈവത്തെപ്രതി ഈ സാധുമനുഷ്യന് വല്ലതും നല്കണം: അല്ലെങ്കില്‍ ഇന്നു ഞാന്‍ ഭക്ഷിക്കുകയില്ല. എനിക്കു ഭക്ഷണം ലഭിക്കുന്നതിനേക്കാള്‍ കൂടുതലായി ഞാന്‍ ഇച്ഛിക്കുന്നത് ദരിദ്രന് ഭക്ഷണം ലഭിക്കുകയാണ്’.

11-ാമത്തെ വയസ്സില്‍ ചിറ്റപ്പന്‍ മാര്‍ ബെര്‍ണര്‍ദീന് ഉത്തമമായ വിദ്യാഭ്യാസം നല്കുന്നതിന് ഏര്‍പ്പാടു തുടങ്ങി. സദ്യേതരമായ ഒരു വാക്ക് അവന്‍ ഉരിയാടിയിരുന്നില്ല. 17-ാമത്തെ വയസ്സില്‍ ദൈവമാതാവിന്റെ സൊഡാലിറ്റിയില്‍ അവന്‍ ചേര്‍ന്നു. 1400-ലെ വസന്തയില്‍ സീയെന്നായിലെ ആശുപത്രിയില്‍ ദിനംപ്രതി പത്തും ഇരുപതും പേര്‍ മരിച്ചിരുന്നു. അന്ന് ആശുപത്രിയിലെ എത്രയും ഹീനമായ ജോലികള്‍പോലും ബെര്‍ണര്‍ദീന്‍ നിര്‍വഹിക്കുകയുണ്ടായി. നാലുമാസം നീണ്ടുനിന്ന ഈ വസന്തയില്‍ ആശുപത്രിയിലെ ക്രമം പാലിച്ചത് ബെര്‍ണര്‍ദീനാണ്. അവസാനംവരെ വസന്ത അദ്ദേഹത്തെ ബാധിച്ചുമില്ല

22-ാമത്തെ വയസ്സില്‍ ബെര്‍ണര്‍ദീന്‍ കര്‍ശനാനുഷ്ഠാനമുളള ഫ്രാന്‍സിസ്‌കന്‍ സഭയില്‍ ചേര്‍ന്നു. 1404 സെപ്റ്റംബര്‍ 8-ന് വ്രതവാഗ്ദാനം ചെയ്തു. അന്നുമുതല്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങള്‍ കൂടുതല്‍ മാനസാന്തരങ്ങള്‍ ഉളവാക്കി. ‘എങ്ങനെയാണ് പ്രസംഗത്തിനൊരുങ്ങുക?’ എന്ന് ചോദിക്കുന്നവരോട് അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു: ‘നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും ദൈവരാജ്യത്തേയും ദൈവമഹത്വത്തേയും അന്വേഷിക്കുക. സര്‍വവും ദൈവസ്തുതിക്കായി നിര്‍മ്മലമായി ചെയ്യുക. മറ്റുളളവര്‍ ചെയ്യണമെന്നാഗ്രഹിക്കുന്നതെല്ലാം സ്വയം അഭ്യസിക്കുക’.

ബെര്‍ണര്‍ദീന്‍ പുതിയ ഫ്രാന്‍സിസ്‌കന്‍ വിഭാഗത്തില്‍ ചേര്‍ന്നപ്പോള്‍ അതില്‍ 300 അംഗങ്ങളാണുണ്ടായിരുന്നത്; മരിക്കുമ്പോള്‍ ആ കര്‍ശനാ നുഷ്ഠാന വിഭാഗത്തിനു 4000 അംഗങ്ങളുണ്ടായി. വീണ്ടും പ്രസംഗിക്കാന്‍ അദ്ദേഹം ഇറങ്ങി. പനിപിടിച്ച് യാത്രയില്‍ 64-ാമത്തെ വയസ്സില്‍ അദ്ദേഹം മരിച്ചു

ബെര്‍ണര്‍ദീന്റെ പ്രധാന ഭക്തി ഈശോയുടെ തിരുനാമത്തോടുളളതായിരുന്നു അദ്ദേഹമാണ് IHS എന്ന ചിഹ്നം പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഈശോയുടെ തിരുനാമം ഗ്രീക്കിലെഴുതുമ്പോള്‍ ഉപയോഗിക്കുന്ന ആദ്യത്തെ മൂന്നക്ഷരമാണിവ. ദൈവമാതാവിനോടുള്ള ഭക്തിയും തീവ്രമായിരുന്നു ഇവതന്നെയാണ് മിക്ക വിശുദ്ധരുടെയും പ്രധാന ഭക്തികള്‍.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version