Site icon Malabar Vision Online

മെയ് 19: വിശുദ്ധ പീറ്റര്‍ സെലസ്റ്റിന്‍


എളിമയുടെ ആധിക്യത്താല്‍ പാപ്പാസ്ഥാനം രാജിവച്ച ഒരു മാര്‍പ്പാപ്പായാണു സെലസ്റ്റിന്‍ .അദ്ദേഹം 1221-ല്‍ ഇറ്റലിയില്‍ അപ്പൂലിയാ എന്ന പ്രദേശത്തു ഭക്തരായ മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. പന്ത്രണ്ടു മക്കളില്‍ ഒരാളായിരുന്നു പീറ്റര്‍. പീറ്ററിന്റെ പിതാവ് ചെറുപ്പത്തില്‍ മരിച്ചെങ്കിലും അമ്മ മകന് ഉത്തമമായ വിദ്യാഭ്യാസം നല്കി. ഇരുപതാമത്തെ വയസ്സു മുതല്‍ ഒരു ഗുഹയിലെ ഏകാന്തത്തില്‍ മൂന്നുവര്‍ഷം കഴിച്ചു. ഏകാന്തതയില്‍ കഴിയുകയായിരുന്നെങ്കിലും ജനങ്ങള്‍ അദ്ദേഹത്തെ കണ്ടു പിടിച്ച് അദ്ദേഹത്തിനു പൗരോഹിത്യം നല്കിച്ചു. 1246-ല്‍ മൊറോനി പര്‍വ്വതനിരയില്‍ ഒരു ഗുഹയില്‍ താമസമാക്കി. പരീക്ഷകള്‍ ഏകാന്തത്തിലും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നെങ്കിലും ദൈവസഹായത്താല്‍ അവയെ വിജയിച്ചു. മൊറാനി പര്‍വ്വതത്തിലെ മരങ്ങള്‍ വെട്ടിനീക്കിയപ്പോള്‍ അദ്ദേഹം മജെല്ലാ മലയിലേക്കു താമസം മാറ്റി പകല്‍ ജോലി ചെയ്തു വന്നു: പുസ്തകങ്ങള്‍ പകര്‍ത്തിക്കൊണ്ടുമിരുന്നു രാത്രി ദീര്‍ഘനേരം കണ്ണീരോടെ പ്രാര്‍ത്ഥിച്ചുപോന്നു.

ഞായറാഴ്ച ദിവസമൊഴികെ മറ്റെല്ലാദിവസവും പീറ്റര്‍ ഉപവസിച്ചു പോന്നു. ഉപവാസ ദിവസങ്ങളില്‍ റൊട്ടിയും വെള്ളവും മാത്രമാണു കഴിച്ചിരുന്നത്. മറ്റു ദിവസങ്ങളിലും അദ്ദേഹം മാംസം ഭക്ഷിച്ചിരുന്നില്ല. ഒരു പലകയായിരുന്നു അദ്ദേഹത്തിന്റെ ശയ്യ: പാറക്കല്ലായിരുന്നു തലയിണ. പല ശിഷ്യന്മാരും അദ്ദേഹത്തിനുണ്ടായി. വി. ബെനഡിക്ടിന്റെ പൂര്‍വ്വനിയമമനുസരിച്ച് അദ്ദേഹം ആരംഭിച്ച സഭയ്ക്കു 1274-ല്‍ അംഗീകാരം സിദ്ധിച്ചു. അദ്ദേഹം മരിക്കുന്നതിനുമുമ്പു 36 ആശ്രമങ്ങളുമുണ്ടായി.

നിക്കൊളാസു ചതുര്‍ത്ഥന്‍ പാപ്പായുടെ ദേഹവിയോഗത്തില്‍ ഫാദര്‍ പീറ്റര്‍ മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അവസാനം മെത്രാഭിഷേകം സ്വീകരിക്കുകയും അഞ്ചാം സെലസ്റ്റിന്‍ എന്ന പേരില്‍ 1294 ആഗസ്റ്റ് 29-ാം തീയതി മാര്‍പ്പാപ്പയായി സ്ഥാനാരോഹണം ചെയ്യുകയും ചെയ്തു. അരമനയില്‍ത്തന്നെ പലകകള്‍കൊണ്ട് ഒരു പര്‍ണ്ണശാലയുണ്ടാക്കി അതില്‍ താമസമാക്കി. താന്‍ വേണ്ടപോലെ തന്റെ ജോലി നിര്‍വ്വഹിക്കുന്നില്ലെന്നു ഭയന്നു നാലു മാസത്തെ ഭരണ ത്തിനു ശേഷം പാപ്പാസ്ഥാനം രാജിവച്ചു വീണ്ടും ഏകാന്തതയിലേക്കു തിരിച്ചു.

പിന്‍ഗാമിയായി വന്നതു ബോനിഫസ്സു പാപ്പായാണ്. രാജിവച്ചയാളെ വല്ലവരും തിരിച്ചുകൊണ്ടുവന്നെങ്കിലോ എന്നു ഭയന്ന് അദ്ദേഹത്തെ ഒരു തടവുകാരനെപ്പോലെയാണ് സൂക്ഷിച്ചിരുന്നത്. സഹനം ഏകാന്തത്തിന്റെ വിശുദ്ധിക്കു മാറ്റുകൂട്ടി. 1296 മേയ് 19-ാം തീയതി ശനിയാഴ്ച ‘എല്ലാ ആത്മാക്കളും കര്‍ത്താവിനെ സ്തുതിക്കട്ടെ’ എന്ന സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ടിരിക്കുമ്പോള്‍ മുന്‍കൂട്ടി സൂചിപ്പിച്ചിരുന്നതുപോലെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.


Exit mobile version