മേയ് 22: കാഷ്യായിലെ വിശുദ്ധ റീത്താ


മര്‍ഗരീത്താ എന്നായിരുന്ന ജ്ഞാനസ്‌നാന നാമം ലോപിച്ച് പുണ്യവതിയുടെ പേര് റീത്താ എന്നായത്. അബ്രിയായിലെ അപ്പിനയിന്‍ പര്‍വതത്തിലെ കര്‍ഷകരായിരുന്നു അവളുടെ മാതാപിതാക്കന്മാര്‍. യേശുക്രിസ്തുവിന്റെ സമാധാനപാലകര്‍ എന്നാണ് അയല്‍ക്കാര്‍ അവരെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് ജനിച്ച ഏകപുത്രി റീത്താ ഏകാന്തതയെ ഉന്നംവച്ചു കാഷിയായിലെ അഗുസ്തീനിയന്‍ മഠത്തില്‍ ചേരാന്‍ തുടങ്ങിയതാണ്. എന്നാല്‍ മാതാപിതാക്കന്മാര്‍ അജ്ഞാതമായ ഏതോ കാരണത്താല്‍ അവളെ ഭയങ്കരനും മുന്‍കോപിയുമായ പോള്‍ ഫെര്‍ഡിനന്റിന് വിവാഹം കഴിച്ചുകൊടുത്തു. അവരുടെ ഇഷ്ടം ദൈവതിരുമനസായി റീത്താ സ്വീകരിച്ചു.

ഭര്‍ത്താവിന് റീത്തയുടെ ഭക്തി ഇഷ്ടപ്പെട്ടില്ല. കുടിച്ചു മദോന്മത്തനായി വരുമ്പോള്‍ അവളെ അവന്‍ കഠിനമായി ദ്രോഹിച്ചിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ അവര്‍ക്കുണ്ടായി. അവര്‍ ദിനംപ്രതി അമ്മയോടുകൂടെ ദിവ്യപൂജ കണ്ടിരുന്നു. അവളുടെ പ്രാര്‍ത്ഥനകളും പ്രായശ്ചിത്തങ്ങളും ദരിദ്രസന്ദര്‍ശനങ്ങളും അവസാനം പൂവണിഞ്ഞു, ഭര്‍ത്താവ് മാനസാന്തരപ്പെട്ടു. എന്നാല്‍ താമസിയാതെ ഒരു വനത്തില്‍വച്ച് ആരോ അയാളെ വധിച്ചു. റീത്താ ഘാതകരോട് ക്ഷമിച്ചു; എന്നാല്‍ മക്കള്‍ പ്രതികാരം ചെയ്യണമെന്ന് ദൃഢവ്രതരായിരുന്നു. അവര്‍ ആ കൊലപാതകം നടത്തുന്നതിനു മുമ്പ് മരിച്ചാല്‍ മതിയെന്ന് റീത്താ പ്രാര്‍ത്ഥിച്ചു; ആ വര്‍ഷംതന്നെ രണ്ടുമക്കളും പിതൃഘാതകരോടു ക്ഷമിച്ചുകൊണ്ടു മരിച്ചു.

അന്ന് റീത്തയ്ക്ക് മുപ്പതുവയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. കാഷിയായിലെ അഗുസ്റ്റീനിയന്‍ മഠത്തില്‍ ചേരാന്‍ അനുമതി ചോദിച്ചു. മൂന്നു പ്രാവശ്യം അനുമതി നിഷേധിക്കപ്പെട്ടു. 1417-ല്‍ ഒരു രാത്രി വിശുദ്ധ അഗുസ്റ്റിനും സ്നാപകയോഹന്നാനും ടൊളെന്റിനോയിലെ വിശുദ്ധ നിക്കൊളാസും വന്ന് റീത്തായെ കൂട്ടിക്കൊണ്ടു മഠം കപ്പേളയിലാക്കി രാവിലെ സഹോദരിമാര്‍ റീത്തയെ കണ്ടപ്പോള്‍ വിസ്മയിച്ചുപോയി വാതില്‍ അതുവരെ ആരും തുറന്നിരുന്നുമില്ല. റീത്തയുടെ വാക്കുകള്‍ മഠാധിപ സ്വീകരിച്ച് അവളെ മഠത്തില്‍ ചേര്‍ത്തു. നൊവീഷ്യേറ്റുമുതല്‍ റീത്താ വിശുദ്ധിയില്‍ പിന്നെയും വളര്‍ന്നുകൊണ്ടിരുന്നു.

1442-ല്‍ കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചുകൊണ്ടിരിക്കു മ്പോള്‍ മഠത്തിന്റെ ഭിത്തിയിലുണ്ടായിരുന്ന കര്‍തൃ രൂപത്തിലെ മുള്‍മുടിയില്‍ നിന്ന് പ്രകാശം ചിന്തുന്ന കുറെ രശ്മികള്‍ അവളുടെ നെറ്റിയില്‍ പതിച്ചു. ഒരു മുള്ള് അവളുടെ നെറ്റിയില്‍ പതിഞ്ഞു. ആ മുറിവ് ഉണങ്ങാത്തതിനാല്‍ അവളുടെ കൊച്ചുമുറിയില്‍ 8 വര്‍ഷം ഏകാകിനിയായി താമസിച്ചു. മുറിവ് പഴുത്തു ദുര്‍ഗ്ഗന്ധം പുറപ്പെട്ടിരുന്നു. 1450-ല്‍ വിശുദ്ധവത്സരത്തില്‍ സീയെന്നായിലെ ബര്‍ണര്‍ഡിന്റെ നാമകരണത്തിന് റോമയില്‍ പോകാന്‍ ആഗ്രഹിച്ചു. ഉടനടി വ്രണം സുഖപ്പെട്ടു. 144 കിലോമീറ്റര്‍ നടന്ന് അവള്‍ റോമയിലെത്തി നാമകരണ ചടങ്ങില്‍ പങ്കുകൊണ്ടു. ഏഴാം വര്‍ഷം റീത്ത മരിച്ചു. അസാധാരണ കാര്യങ്ങളുടെ മധ്യസ്ഥ എന്നാണ് സ്‌പെയിന്‍കാര്‍ റീത്തയെ സംബോധന ചെയ്യുന്നത്.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version