മെയ് 26: വിശുദ്ധ ഫിലിപ്പു നേരി


എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്‌തോലനുമായ ഫിലിപ്പുനേരി 1515-ല്‍ ഫ്‌ളോറെന്‍സില്‍ ഒരു കുലീന കുടുംബത്തില്‍ ജാതനായി. അഞ്ചു വയസ്സുമുതല്‍ യാതൊരു കാര്യത്തിലും ഫിലിപ്പു മാതാപിതാക്കന്മാരെ അനുസരിക്കാതിരുന്നിട്ടില്ല. വ്യാകരണവും സാഹിത്യ പഠനവും കഴിഞ്ഞു ഫിലിപ്പിനെ മോന്തെകസീനോയിലുള്ള ചിറ്റപ്പന്റെ അടുക്കലേക്ക് പിതാവ് അയച്ചു. അന്നു ഫിലിപ്പിന് 18 വയസ്സുപ്രായമേ ഉണ്ടായിരുന്നുള്ളൂ . ചിറ്റപ്പന്റെ അവകാശിയായി സസുഖം ജിവിക്കാമായിരുന്നെങ്കിലും പൗരോഹിത്യത്തെ ഉന്നം വച്ചിരുന്ന ഫിലിപ്പു റോമില്‍ പോയി ഒരു ഫ്‌ളൊറെന്റെയിന്‍ പ്രഭുവിന്റെ വീട്ടില്‍ താമസിച്ചു കുട്ടികളെ പഠിപ്പിക്കുകയും ഉപരിപഠനം നടത്തുകയും ചെയ്തു. അവിടെ താമസിക്കുമ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ റോമിലും ഫ്‌ളോറെന്‍സിലും പരന്നു. എല്ലാവരും അദ്ദേഹത്തോടു സംസാരിക്കുവാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും ഫിലിപ്പു വ്യര്‍ത്ഥഭാഷണത്തിന്റെ ദോഷങ്ങളെപ്പറ്റി ബോധവാനായിരുന്നു. പ്രാര്‍ത്ഥനയും ഉപവാസവും ഇന്ദ്രിയനിഗ്രഹവും വഴിയാണ് തന്റെ കന്യാത്വം അഭംഗമായി പാലിച്ചത്. ദൈവാലയ സന്ദര്‍ശനവും ആശുപത്രി സന്ദര്‍ശനവുമായിരുന്നു അദ്ദേഹത്തിന്റെ വ്യായാമം. ഒരു യുവ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ തെരുവീഥികളില്‍ നിന്ന് ആത്മാക്കളെ ദൈവത്തിനു നേടുന്നതിനു പരിശ്രമിച്ചിരുന്നു

1550-ലെ ജൂബിലി വര്‍ഷത്തില്‍ ഫിലിപ്പ് ആരംഭിച്ച ആശുപത്രി ഇന്നും റോമയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുന്നു. ഫിലിപ്പും രോഗികളെ ശുശ്രൂഷിച്ചിരുന്നു. തീര്‍ത്ഥകരുടെ പാദങ്ങള്‍ കഴുകിയിരുന്നു.

ഒരു അല്‍മേനിയെന്ന നിലയില്‍ ദൈവത്തെ ശുശ്രൂഷിക്കാന്‍ എളിമ ഫിലിപ്പിനെ പ്രേരിപ്പിച്ചുവെങ്കിലും 36-ാമത്തെ വയസ്സില്‍ ആത്മീയ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം വൈദികനായി അദ്ദേഹത്തോടുകൂടെ താമസിച്ചു. അത് അദ്ദേഹം സ്ഥാപിച്ച ഓററ്റോറിയന്‍ സഭയുടെ അടിസ്ഥാനമായി . വി.കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ അദ്ദേഹം കരഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും സമാധി ഉണ്ടായിരുന്നതിനാല്‍ കുര്‍ബാനയ്ക്കു രണ്ടു മണിക്കൂര്‍ എടുത്തിരുന്നു. തന്നിമിത്തം സ്വകാര്യമായിട്ടാണ് അദ്ദേഹം കുര്‍ബാന ചൊല്ലിയിരുന്നത്.

1564-ല്‍ ഓററ്റോറിയന്‍ സഭ രൂപം പ്രാപിച്ചു. ചരിത്രകാരനായ കാര്‍ഡിനല്‍ ബരോണിയൂസ് അതിലെ അംഗമായിരുന്നു. ചരിത്രമെഴുതാന്‍ ഫാദര്‍ ഫിലിപ്പ് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. മരണം വരെ ഫാദര്‍ ഫിലിപ്പുത ന്നെയായിരുന്നു ഓററ്ററിയുടെ ജനറല്‍. താന്‍ ഒരു പുണ്യവാനാണെന്നു ജനസംസാരം ഉണ്ടായപ്പോള്‍ തെരുവീഥിയില്‍നിന്ന് ബിയര്‍ കുടിച്ചുകൊണ്ട് ഒരു പാപിയാണെന്ന് ഭാവിച്ചിരുന്നു. ഒരിക്കല്‍ ദൈവമാതാവു ഫാദര്‍ ഫിലിപ്പിനു പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ അദ്ദേഹം വിളിച്ചുപറഞ്ഞു: ‘അങ്ങ് എന്റെ അടുക്കല്‍ വരാന്‍ ഞാനെന്തു ചെയ്തു?’ മുറിയിലുണ്ടായിരുന്ന ഭിഷഗ്വരന്മാരും മറ്റും ദൈവമാതാവിനെ കണ്ടില്ലെന്നു മനസ്സിലായപ്പോള്‍ ഈ സംഗതി ആരോടും പറയരുതെന്ന് അവരോടഭ്യര്‍ത്ഥിച്ചു. കാര്‍ഡിനല്‍ ബരോണിയസു തിരുപാഥേയം കൊണ്ടുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: ”കണ്ടാലും എന്റെ സ്‌നേഹമേ, കണ്ടാലും എന്റെ സ്‌നേഹമേ, എന്റെ ആത്മാവിന്റെ ഏകാനന്ദം ഇതാ വരുന്നു. എന്റെ സ്‌നേഹം എനിക്കു വേഗം തരിക.’ ലൂഥറിന്റെ വിപ്ലവം വരുത്തിയ നാശം പരിഹരിക്കാന്‍ വളരെയേറെ പ്രവര്‍ത്തിച്ച ഈ വിശുദ്ധന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നതുപോലെ 1585 മേയ് 26-ാം തീയതി സൂര്യോദയത്തിനു മുമ്പു ദിവംഗതനായി.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version