കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. പട്ടാരം വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും കപ്പൂച്ചിന്‍ സന്യാസ ശ്രേഷ്ഠനുമായിരുന്ന ഫാ. ആര്‍മണ്ട് മാധവത്ത് മലബാറില്‍നിന്നുള്ള സീറോ മലബാര്‍ സഭയുടെ ആദ്യത്തെ ദൈവദാസനാണ്. റോമിലെ വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയം ഫാ. ആര്‍മണ്ടിന്റെ ദൈവദാസ പദവി അംഗീകരിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് ഇന്നലെ വൈകുന്നേരം തലശ്ശേരി അതിരൂപതാ കാര്യാലയത്തില്‍ ലഭിച്ചു.
ദൈവദാസപദവി പ്രഖ്യാപനവും തുടര്‍നടപടികളും പിന്നീട് നിശ്ചയിക്കുമെന്ന് തലശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ ഫാ. ജിതിന്‍ ആനിക്കുഴിയിലും അറിയിച്ചു.
1930 നവംബര്‍ 25ന് പാലാ രൂപതയിലെ മരങ്ങാട്ടുപള്ളി ഇടവകയില്‍ മാധവത്ത് പ്രാഞ്ചി-റോസ ദമ്പതികളുടെ എട്ട് മക്കളില്‍ നാലാമനായി ആര്‍മണ്ട് ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആര്‍മണ്ട് അജ്മീര്‍ മിഷനില്‍ വൈദികനാകാന്‍ പഠനമാരംഭിച്ചു. എന്നാല്‍ അസീസിയിലെ ഫ്രാന്‍സിസിന്റെ ആധ്യാത്മികതയോടുള്ള ആകര്‍ഷണം അദ്ദേഹത്തെ കപ്പൂച്ചിന്‍ സഭയില്‍ എത്തിച്ചു.
കപ്പൂച്ചിന്‍ സഭയില്‍ നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കി 1954 മെയ് 13-ന് പ്രഥമ വ്രതവാഗ്ദാനം നടത്തി. കൊല്ലത്തുള്ള കപ്പൂച്ചിന്‍ സെമിനാരിയില്‍ തത്വശാസ്ത്രവും കോട്ടഗിരിയിലുള്ള ഫ്രയറിയില്‍ ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം 1960 മെയ് 25-ന് ഊട്ടി രൂപത മെത്രാനായിരുന്ന മാര്‍ ആന്റണി പടിയറ പിതാവില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
വയനാട്ടിലേക്ക് കുടിയേറിയ കുടുംബക്കാരോടൊപ്പം നടവയലില്‍വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ദിവ്യബലി. എറണാകുളത്തിനടുത്തുള്ള പൊന്നുരുന്നി ആശ്രമത്തിലും ആലുവയിലെ നസറത്ത് ആശ്രമത്തിലും മംഗലാപുരത്തുള്ള നൊവിഷ്യേറ്റിലും മൂവാറ്റുപുഴ ആശ്രമത്തിലും ഭരണങ്ങാനം സെമിനാരിയിലുമായിരുന്നു ആര്‍മണ്ടച്ചന്‍ തന്റെ ആദ്യഘട്ട ശുശ്രൂഷകള്‍ നിര്‍വഹിച്ചിരുന്നത്. ഫ്രാന്‍സിസ്‌കന്‍ അല്മായസഭയുടെ ഡയറക്ടറായി പാലാ രൂപതയില്‍ പ്രവര്‍ത്തിച്ചു. ഭരണങ്ങാനത്തുള്ള അഗതിമന്ദിരത്തിന്റെ ചുമതലക്കാരനായും സേവനം ചെയ്തു.
1976 ജനുവരിയില്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ നടന്ന ആദ്യ കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു. ‘അരൂപിയിലുള്ള ജനനം’ അനുഭവിച്ചറിഞ്ഞ അച്ചന്‍ കൂടുതല്‍ ആനന്ദമുള്ളവനും സംതൃപ്തനും ആയിത്തീരുകയും ‘താന്‍ ഒരു ദൈവപൈതല്‍’ എന്ന അവബോധത്തില്‍ ജീവിക്കാനാരംഭിക്കുകയും ചെയ്തു.
കരിസ്മാറ്റിക് ധ്യാനത്തിലൂടെ താന്‍ അനുഭവിച്ച ആത്മീയനിറവ് ഏവര്‍ക്കും ലഭ്യമാക്കണമെന്ന് ആഗ്രഹിച്ച ആര്‍മണ്ടച്ചന്‍ ഫാ. എ.കെ. ജോണ്‍, ഫാ. ഗ്രേഷ്യന്‍ എന്നിവരുടെയും ഏതാനും അല്മായ പ്രേഷിതരുടെയും സഹായത്തോടെ മലയാളത്തില്‍ ആദ്യ കരിസ്മാറ്റിക് ധ്യാനം 1976 സെപ്റ്റംബര്‍ 24 മുതല്‍ ഭരണങ്ങാനം അസീസിയില്‍ സംഘടിപ്പിച്ചു.
കണ്‍വന്‍ഷനുകള്‍, ഇടവക ധ്യാനങ്ങള്‍ തുടങ്ങിയവയിലൂടെ കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കാന്‍ അച്ചന്‍ കഠിനപ്രയത്നം നടത്തി. 1996-ല്‍ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയ്ക്കടുത്ത് വിമലഗിരി ധ്യാനമന്ദിരം ആരംഭിച്ചു. എഴുപതാം വയസില്‍ പെട്ടെന്ന് രോഗബാധിതനായിത്തീരുകയും 2001 ജനുവരി 12-ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌ക്കരിച്ചത് വിമലഗിരി ആശ്രമത്തോടനുബന്ധിച്ചായിരുന്നു.
അച്ചന്റെ ആത്മീയ സന്താനങ്ങളും അയല്‍ക്കാരും സഹസന്യാസിനികളുമായിരുന്നു കബറിടത്തിങ്കല്‍ മാധ്യസ്ഥംതേടി ആദ്യമെത്തിയത്. പിന്നീട് ധ്യാനിക്കാന്‍ വന്നവരും അറിഞ്ഞുകേട്ട് വന്നവരും ബന്ധുമിത്രാദികളും നാനാജാതി മതസ്ഥരും പ്രാര്‍ത്ഥിക്കുവാനായി കബറിടത്തിങ്കലേക്ക് വന്നുതുടങ്ങി. ആര്‍മണ്ടച്ചന്റെ കബറിടത്തിങ്കല്‍വന്ന് സ്ഥിരമായി പ്രാര്‍ത്ഥിച്ചുപോകുന്നവരും മണിക്കൂറുകള്‍ ചെലവഴിക്കുന്നവരും ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാനായി കടന്നുവരുന്നവരുമൊക്കെ ഇന്ന് നിത്യകാഴ്ചയാണ്. 2019 ജനുവരി 23നാണ് നാമകരണ നടപടി ആരംഭിച്ചത്.