Site icon Malabar Vision Online

ജൂണ്‍ 8: വിശുദ്ധ മെഡാര്‍ഡ് മെത്രാന്‍


ഫ്രാന്‍സില്‍ സലെന്‍സിയില്‍ ഭക്തിയും കുലീനത്വവുമുള്ള ഒരു കുടുംബത്തില്‍ മെഡാര്‍ഡ് ജനിച്ചു. ബാല്യം മുതല്‍ അവന്‍ ദരിദ്രരോട് അസാധാരണമായ അനുകമ്പ പ്രദര്‍ശിപ്പിച്ചിരുന്നു. ഒരു ദിവസം അവന്‍ തന്റെ കുപ്പായം അന്ധനായ ഒരു ഭിക്ഷുവിന് ദാനം ചെയ്തു. അതിനെപ്പറ്റി മാതാപിതാക്കന്മാര്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞതു, കഷ്ടപ്പെടുന്ന ക്രിസ്തുവിന്റെ ഒരവയവത്തിന് എന്റെ വസ്ത്രത്തിന്റെ ഒരോഹരി കൊടുക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്നാണ്.

കുട്ടികള്‍ക്ക് ആശാനി ഗ്രഹമെന്തെന്ന് അറിയാതിരുന്ന കാലത്ത് ഉപവാസമായിരുന്നു മെഡാര്‍ഡിന്റെ ആനന്ദം. അതോടൊപ്പം പ്രാര്‍ത്ഥനാ തല്‍പരതയും ഏകാന്തതാതൃഷ്ണയും. സ്വഭവനത്തിലെ ആര്‍ഭാടങ്ങള്‍ കുട്ടിയെ ലൗകികതയിലേക്ക് ആകര്‍ഷിച്ചില്ല. 33-ാം വയസ്സില്‍ മെഡാര്‍ഡ് പുരോഹിതനായി. ഹൃദയസ്പര്‍ശകമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കൂടുതല്‍ ഹൃദയഹാരിയായിരുന്നു അദ്ദേഹത്തിന്റെ മാതൃക. കഠിനമായിരുന്നു ഉപവാസം. എളിമയും ശാന്തതയും വഴി സ്വമനസ്സിനെ അദ്ദേഹം നിഗ്രഹിച്ചു പോന്നു. സന്തോഷത്തില്‍ അധികം ആഹ്‌ളാദിച്ചിരുന്നില്ല; സന്താപത്തില്‍ ആകുലനുമായിരുന്നില്ല.

530-ല്‍ ആ രാജ്യത്തെ മുപ്പതാമത്തെ മെത്രാന്‍ മരിക്കുകയും എഴുപത്തിമൂന്നുകാരനായ മെഡാര്‍ഡ് മെത്രാനായി ഏകയോഗം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പുതിയ സ്ഥാനം തപോജീവിതത്തെ ലഘുപ്പെടുത്തിയില്ല. ഹണ്‍സും വാന്റന്‍സും രൂപതയെ ആക്രമിച്ചപ്പോള്‍ മെത്രാനച്ചനു തന്റെ ഉപവി പ്രകടിപ്പിക്കാന്‍ നല്ല ഒരവസരം സിദ്ധിച്ചു. ജീവാപായമുണ്ടായിരുന്നിട്ടും വൃദ്ധനായ മെത്രാന്‍ രൂപതയുടെ എല്ലാഭാഗത്തും യാത്രചെയ്തു വന്യരായ ഗള്ളിയരേയും ഫ്രാങ്കുകളേയും ജ്ഞാനസ്‌നാനപ്പെടുത്തിക്കൊണ്ടിരുന്നു. കാട്ടാളത്തത്തെ നീക്കി എളിമയും ക്ഷമയും പരസ്‌നേഹവും വിതച്ചു; അജ്ഞതയും ഭോഷത്വവും നീക്കി സുവിശേഷ പ്രകാശംവീശി.

ഫ്രാന്‍സിലെ ക്‌ളോട്ടയര്‍ രാജാവിന്റെ ധര്‍മ്മദാനങ്ങള്‍ റാഡെഗുണ്ടസ്സു ഡീക്കണെസ്സുമാര്‍ക്കുള്ള ശിരോവസ്ത്രം 544 – ല്‍ മെഡാര്‍ഡ് മെത്രാന്റെ പക്കല്‍നിന്നു സ്വീകരിച്ചു. പിറ്റേക്കൊല്ലം 88-ാമത്തെ വയസ്സില്‍ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന മെഡാര്‍ഡ് മെത്രാന്‍ ദിവംഗതനായി.


Exit mobile version