ജൂലൈ 1: വിശുദ്ധ ഒലിവെര്‍ പ്ലങ്കെറ്റ് മെത്രാന്‍


ഒലിവെര്‍ പ്ലങ്കെറ്റ് അയര്‍ലന്റില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ഫാ. പാട്രിക്ക് പ്ലങ്കെറ്റിന്റെ കീഴില്‍ ലത്തീനും ഗ്രീക്കും മറ്റും പഠിച്ചു. ഐറിഷ് ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം ആഹ്വാനം നല്‍കിയിരുന്ന ഫാ. പീറ്റര്‍ സ്‌ക്രാമ്പിയോടുകൂടെ അദ്ദേഹം റോമയും ബെല്‍ജിയവും സന്ദര്‍ശിച്ചു. റോമയില്‍വച്ച് വീണ്ടും ലത്തീന്‍ പഠിച്ചു.

എട്ടു കൊല്ലത്തെ ദൈവശാസ്ത്രപഠനത്തിനുശേഷം 1654-ല്‍ വൈദികപട്ടം സ്വീകരിച്ചു. 15 വര്‍ഷവും കൂടി ഫാ. സ്‌ക്രാമ്പിയുടെ കീഴില്‍ ഓററ്റോറിയന്‍ വൈദികരുടെ കൂടെ പാര്‍ത്ത് പ്രൊപ്പഗാന്താ കോളജില്‍ സന്മാര്‍ഗ്ഗദൈവശാസ്ത്രം പഠിപ്പിച്ചുകൊണ്ടിരുന്നു.

1669-ല്‍ ഒലിവെര്‍ പ്ലങ്കെറ്റ് ആര്‍ മാഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെടുകയും നവംബര്‍ 30-ന് ബെല്‍ജിയത്തില്‍വച്ച് അഭിഷി ക്തനാകയും ചെയ്തു. ക്ലേശകരമായ യാത്രയ്ക്കുശേഷം 1670 മാര്‍ച്ചില്‍ അതിരൂപതാഭരണം ഏറ്റെടുത്തു. ജൂണ്‍ മാസത്തില്‍ ഐറിഷു മെത്രാന്മാരുടെ സമ്മേളനം ആര്‍ച്ചുബിഷപ്പു പ്ലങ്കെറ്റിന്റെ അധ്യക്ഷതയില്‍ ഡബ്ലിനില്‍ നടന്നു.

1672 വരെ സമാധാനത്തില്‍ കാര്യങ്ങള്‍ നീങ്ങി. അക്കൊല്ലം ആര്‍ഥര്‍ കാപ്പന്‍ വൈസ്റോയി ആയി. സഭാമര്‍ദ്ദനം വീണ്ടും ആരംഭിച്ചു. സ്‌കൂളുകളെല്ലാം അടച്ചു. മെത്രാന്മാര്‍ വനവാസമായി . അവര്‍ക്കു പരസ്യമായി യാത്രചെയ്യാനോ ദിവ്യകര്‍മ്മങ്ങള്‍ നടത്താനോ പാടില്ലായിരുന്നു. അക്കാലത്ത് ഉണങ്ങിയ റൊട്ടി പോലും കിട്ടുക ദുസ്സാധമായിരുന്നു.

ആര്‍ച്ചു ബിഷപ്പ് പ്ലങ്കെറ്റും വാട്ടര്‍ഫോര്‍ഡു ബിഷപ് ഡോക്ടര്‍ ബെന്നനും താമസിച്ചിരുന്ന വീട് വയ്‌ക്കോല്‍ മേഞ്ഞതും നക്ഷത്രങ്ങള്‍ വീട്ടിനകത്തുനിന്നു കാണാവുന്നതുമായിരുന്നു. എങ്കിലും അവര്‍ അജഗണത്തെ ഉപേക്ഷിച്ചു പോയില്ല. കത്തോലിക്കാ സഭാ സ്വാതന്ത്ര്യത്തിനുവേണ്ടി 1678-ല്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു വിപ്‌ളവത്തോടെ ഐറിഷു മര്‍ദ്ദനത്തിനു മൂര്‍ച്ചകൂടി. 1679-ല്‍ ഡബ്ലിന്‍ ആര്‍ച്ചു ബിഷപ്പ് ഡോക്ടര്‍ ടാല്‍ബ്ലൂട്ടും മീത്തിലെ ബിഷപ് പേട്രിക്കു പ്ലങ്കെറ്റും അറസ്റ്റുചെയ്യപ്പെട്ടു.

ആര്‍ച്ചുബിഷപ്പു പ്ലങ്കറ്റ് എഴുപതിനായിരം ഫ്രഞ്ചു യോദ്ധാക്കളെ വരുത്തി സ്വാതന്ത്ര്യസമരം നടത്താന്‍ പോകയാണെന്ന് ചിലര്‍ പറഞ്ഞു പരത്തി. ഈ ചാര്‍ജിന്മേല്‍ ആര്‍ച്ചുബിഷപ്പ് പ്‌ളങ്കെറ്റിനെ വധിക്കാന്‍ തീരുമാനമുണ്ടായി. അമ്പതാം സങ്കീര്‍ത്തനം ചൊല്ലി ആര്‍ച്ച് ബിഷപ് മരണം കൈവരിച്ചു. 1975-ല്‍ ആറാം പൗലോസു മാര്‍പാപ്പാ അദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപനം ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version