ബെര്‍ണബൈറ്റ്‌സ് എന്ന സഭയുടെ സ്ഥാപകനായ ഫാ. ആന്റണി മരിയാ സക്കറിയ ഇറ്റലിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ അമ്മ 18 വയസ്സില്‍ വിധവയായതിനാല്‍ മകന്റെ വിദ്യാഭ്യാസത്തിന് അവള്‍ തന്നെത്തന്നെ പൂര്‍ണ്ണമായി ഉഴിഞ്ഞു വച്ചു. 22-ാമത്തെ വയസ്സില്‍ ഒരു ഭിഷഗ്വര പരീക്ഷ ജയിച്ചു മോണയില്‍ ദരിദ്രരുടെ ഇടയില്‍ ജോലി ചെയ്തുകൊണ്ടി രിക്കുമ്പോള്‍ വൈദികപഠനം നടത്തി. 28-ാമത്തെ വയസ്സില്‍ വൈദികനായി.
ഫാ. ആന്റണി മിലാനിലേക്കു പോകുകയും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഓരോ സഭ സ്ഥാപിക്കാന്‍ തുടങ്ങുകയും ചെയ്തു. വൈദികരുടേയും സന്യാസികളുടേയും ജീവിതനവീകരണമായിരുന്നു ലക്ഷ്യം. അന്നു ലൂഥറിന്റെ മതവിപ്ലവം തിളച്ചു പൊങ്ങുന്ന കാലമായിരുന്നു.
പള്ളിയകത്തും തെരുവീഥിയിലും അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരുന്നു. പരസ്യ പ്രായശ്ചിത്തം ചെയ്യാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല.
അല്‍മായ പ്രേഷിതത്വം, അടുത്തടുത്തുള്ള ദിവ്യകാരുണ്യ സ്വീകരണം, 40 മണി ആരാധന, പീഡാനുഭവസ്മരണയ്ക്കായി വെള്ളിയാഴ്ച ദിവസങ്ങളില്‍ മൂന്നു മണിക്കു പള്ളിയില്‍ മണി അടിക്കുക മുതലായ കാര്യങ്ങള്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ശത്രുക്കള്‍ അദ്ദേഹത്തിന്റെ രണ്ടു സഭകളേയും കുററപ്പെടുത്തിയതുകൊണ്ട് അവ രണ്ടും ഔദ്യോഗിക സന്ദര്‍ശനത്തിനു വിധേയമായി. രണ്ടു പ്രാവശ്യവും കുറ്റമില്ലെന്നു തെളിഞ്ഞു.
ഒരു ധ്യാനത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ രോഗിയായി ഫാ. ആന്റണി സ്വഭവനത്തിലേക്ക് ആനയിക്കപ്പെട്ടു. അവിടെ അമ്മയുടെ ശുശ്രൂഷകള്‍ സ്വീകരിച്ച് 36-ാം വയസ്സില്‍ അദ്ദേഹം ദിവംഗതനായി.
മിലാന്റെ അപ്പസ്‌തോലനായിട്ടാണു ഫാദര്‍ ആന്റണി അറിയപ്പെട്ടിരുന്നത്. ഒരു കുരിശുരൂപം കൈയില്‍ പിടിച്ചു കൊണ്ടു കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റിയും അനുതാ പത്തിന്റെ ആവശ്യകതയെപ്പറ്റിയും തെരുവീഥികളില്‍ ചുററി നടന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. ആഞ്ചെലിക്കന്‍സു ഓഫ് സെന്റ് പോള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സന്യാസിനീ വിഭാഗം സ്ത്രീകളുടെ സന്മാര്‍ഗ്ഗനിലവാരം വളരെയേറെ ഉയര്‍ത്തി.