ജൂലൈ 3: വിശുദ്ധ തോമാശ്ലീഹ


ഗലീലിയിലെ മീന്‍പിടിത്തക്കാരില്‍ നിന്ന് അപ്പസ്‌തോല സ്ഥാനത്തേക്കു വിളിക്കപ്പെട്ട ഒരു ധീരപുരുഷനാണു തോമസ് അഥവാ ദിദിമോസ്. സമാന്തര സുവിശേഷങ്ങളില്‍ അപ്പ സ്‌തോലന്മാരുടെ ലിസ്റ്റില്‍ ഏഴോ, എട്ടോ സ്ഥാനത്താണ് ശ്ലീഹായുടെ പേര് പരാമര്‍ശിക്കുന്നത്. വിശുദ്ധ യോഹന്നാന്‍ സുവിശേഷത്തില്‍ ശ്ലീഹായെ സംബന്ധിക്കുന്ന മൂന്നു സംഗതികള്‍ വിവരിച്ചിരിക്കുന്നതു കാണാം.

ലാസറിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഈശോ ബഥനിയില്‍ പോയി ലാസറിനെ കാണാമെന്നു പറഞ്ഞു. അവിടെ ജനങ്ങള്‍ യേശുവിനെ കല്ലെറിയാന്‍ ഒരുങ്ങുകയാണെന്ന കാര്യം ഇതര ശ്ലീഹന്മാര്‍ അനുസ്മരിപ്പിച്ചപ്പോള്‍ തോമാശ്ലീഹാ ‘നമുക്കും അവിടുത്തോടുകൂടെ പോയി മരിക്കാം’ (യോഹ 11. 16) എന്നാണു പറഞ്ഞത്. ആ ധീരമായ വാക്കുകള്‍ മദ്രാസിനടുത്തുള്ള ചിന്നമലയില്‍വച്ചു നിറവേറി.

ഈശോ തന്റെ പിതാവിന്റെ ഭവനത്തില്‍ സ്ഥലമൊരുക്കാന്‍ പോകയാണെന്നും താന്‍ പോകുന്ന വഴി ശ്ലീഹാന്മാര്‍ക്ക് അറിയാമെന്നും പറഞ്ഞപ്പോള്‍ തോമാശ്ലീഹാ പ്രസ്താവിച്ചു: ‘കര്‍ത്താവേ, അങ്ങ് എവിടേക്കാണ് പോകുന്നതെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ; പിന്നെ വഴി എങ്ങനെ അറിയാനാണ്?’ (യോഹ. 1:4, 36). ഈശോ അദ്ദേഹത്തിനു നല്‍കിയ ഉത്തരം സര്‍വ്വലോകരും അറിഞ്ഞിരിക്കേണ്ടതാണ്. ‘ഞാനാകുന്നു വഴിയും സത്യവും ജീവനും. ഞാന്‍ വഴിയല്ലാതെ ആരും പിതാവിന്റെ അടുക്കലെത്തുന്നില്ല’.

പുനരുത്ഥാനത്തില്‍ സംശയിച്ച ശ്ലീഹാ അവിടുത്തെ കണ്ടശേഷം ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!’ (യോഹ 20, 29) എന്നു വിളിച്ചു പറഞ്ഞ് തന്റെ വിശ്വാസം പ്രഘോഷിച്ചു.

പന്തക്കൂസ്തയ്ക്കു ശേഷം പാര്‍ത്ഥ്യാ, മേഡിയാ, പേഴ്‌സ്യാ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ച ശേഷം 52 നവംബര്‍ 21-ാം തീയതി മുസിരിസ് എന്നു വിളിച്ചിരുന്ന കൊടുങ്ങല്ലൂര്‍ വന്നുചേര്‍ന്നു. പാലയൂര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍, കോക്കമംഗലം, കൊല്ലം, നിരണം, ചായല്‍ എന്നീ ഏഴു സ്ഥലങ്ങളില്‍ കുരിശുകള്‍ സ്ഥാപിച്ചശേഷം 72 ജൂലൈ 3-ന് ചിന്നമലയില്‍വച്ച് ഒരു എമ്പ്രാന്തിരിയുടെ കുത്തേറ്റു മരിച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരം മൈലാപ്പൂരു കടല്‍ത്തീരത്തു സംസ്‌കരിച്ചുവെന്നും അവിടെനിന്നു നാലാം നൂറ്റാണ്ടില്‍ ശ്ലീഹായുടെ ശരീരം എദേസ്സായിലേക്കു കൊണ്ടുപോയെന്നും പിന്നീട് ഇറ്റലിയില്‍ ഒര്‍ത്തോണാ എന്ന സ്ഥലത്തേക്കു മാറ്റിയെന്നും പാരമ്പര്യമുണ്ട്. 1972-ല്‍ ശ്ലീഹായുടെ 19-ാം ചരമശതാബ്ദി ആഘോഷിച്ചപ്പോള്‍ ആറാം പൗലോസ് മാര്‍പാപ്പാ ശ്ലീഹായെ ഭാരത അപ്പസ്‌തോലന്‍ എന്നു വിളിച്ചു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version