ഭക്തനും മുടന്തനുമെന്നുകൂടി അറിയപ്പെടുന്ന ഹെന്റി ദ്വിതീയന്‍ ബവേറിയായിലെ ഹെന്റി രാജാവിന്റെ മകനാണ്. റാറ്റിസ്ബണിലെ ബിഷപ്പ് വിശുദ്ധ വുള്‍ഫ്ഗാത്തിന്റെ ശിക്ഷണത്തില്‍ ഹെന്റിക്ക് ഉത്തമ ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. 1002-ല്‍ ഹെന്റി ജര്‍മ്മനിയുടെ രാജാവും വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയുമായി.
അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കുള്ള അപകടങ്ങളെപ്പറ്റി അദ്ദേഹം ബോധവാ നായിരുന്നു. പ്രാര്‍ത്ഥനയും ധ്യാനവും എളിയ വ്യാപാരവും വഴി അധികാരത്തിന്റെ ഉന്മത്തതയെ നിയന്ത്രിച്ചുപോന്നു. ദൈവത്തിന്റെ മഹത്വവും തിരുസ്സഭയുടെ പുകഴ്ചയും ജനങ്ങളുടെ വിശുദ്ധിയും സമാധാനവും അദ്ദേഹം സദാ ലക്ഷ്യംവച്ചു.
വിവേകപൂര്‍വ്വകമായ ധീരതയും കാരുണ്യവും വഴി രക്തം ചിന്താതെ പല കലഹങ്ങളും അവസാനിപ്പിച്ചുപോന്നു ജനങ്ങളുടെ രക്ഷ ആവശ്യപ്പെട്ടിരുന്നപ്പോള്‍ മാത്രം ചക്രവര്‍ത്തി യുദ്ധം ചെയ്തിരുന്നു.
എട്ടാം ബെനഡിക്ട് മാര്‍പ്പാപ്പാ 1014-ല്‍ ഹെന്റി ചക്രവര്‍ത്തി കിരീടം നല്കി. റോമായുടെ ഭരണാധികാരം പല ചക്രവര്‍ത്തിമാരും ചെയ്തിട്ടുള്ളതുപോലെ അദ്ദേഹവും മാര്‍പാപ്പായ്ക്ക് വിട്ടുകൊടുത്തു. യാത്രാമദ്ധ്യേ കണ്ടിരുന്ന ആശ്രമങ്ങള്‍ക്കെല്ലാം ചക്രവര്‍ത്തി ഓരോ കാഴ്ച നല്കിക്കൊണ്ടിരുന്നു. ചക്രവര്‍ത്തി ഒരു സ്ഥലത്തു പോയാല്‍ അവിടെ ദൈവമാതാവിന്റെ സ്തുതിക്കായി സ്ഥാപിച്ചിരുന്ന കപ്പേളകളിലൊക്കെ പ്രാര്‍ത്ഥിച്ചിരുന്നു. സെന്റ് മേരി മേജര്‍ ദൈവാലയത്തില്‍ വച്ച് ഈശോ ദിവ്യബലി സമര്‍പ്പിക്കുന്ന ഒരു കാഴ്ച ഉണ്ടായിട്ടുണ്ടത്രേ.
വിശുദ്ധ ലോറന്‍സ് ആറാം പട്ടക്കാരനും വിശുദ്ധ വിന്‍സെന്റ് അഞ്ചാം പട്ടക്കാരനുമായിരുന്നു. സുവിശേഷ വായനയ്ക്കുശേഷം സുവിശേഷഗ്രന്ഥം ചുംബിക്കാന്‍ ചക്രവര്‍ത്തിക്ക് നല്‍കുകയുണ്ടായിപോലും. അവിടെവച്ച് ഒരു മാലാഖാ തുടയില്‍ പതുക്കെ തൊട്ടുകൊണ്ട് പറഞ്ഞു: ‘നിന്റെ വിരക്തിക്കും നീതിക്കും സമ്മാനമായി ഇത് സ്വീകരിക്കുക.’ അതിനുശേഷം ചക്രവര്‍ത്തി മുടന്തനായി കാണപ്പെട്ടു. പിന്നീട് വിരക്തിക്കെതിരായ പരീക്ഷകള്‍ അദ്ദേഹത്തിനുണ്ടായിട്ടില്ല. 1024 ല്‍ തന്റെ 52-ാമത്തെ വയസ്സില്‍ ഹെന്റി തന്റെ ഭാര്യ കുനെഗുണ്ടയെ കന്യകയായിത്തന്നെ മാതാപിതാക്കന്മാര്‍ക്ക് ഏല്പിച്ചുകൊടുത്തു; സ്വന്തം ആത്മാവിനെ വിശുദ്ധമായി ദൈവതൃക്കരങ്ങളില്‍ സമര്‍പ്പിച്ചു.