ജൂലൈ 26: വിശുദ്ധ അന്നായും ജൊവാക്കിമും


കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാള്‍ പ്രാചീനകാലം മുതല്‍ക്കും അന്നാമ്മയുടെ തിരുനാള്‍ നാലാം ശതാബ്ദം മുതല്‍ക്കും പൗരസ്ത്യസഭയില്‍ ആഘോഷിച്ചിരുന്നു. പാശ്ചാത്യസഭയില്‍ 15-ാം ശതാബ്ദം മുതല്‍ രണ്ടുപേരുടേയും തിരുനാളുകള്‍ ആഘോഷിച്ചു തുടങ്ങി.

തങ്ങളുടെ അസാധാരണ പുത്രിയുടെ സംസര്‍ഗ്ഗത്തില്‍ ജൊവാക്കിമും അന്നായും അത്യധികം ആദ്ധ്യാത്മികാനന്ദം അനുഭവിച്ചു. തന്റെ കുഞ്ഞ് ഉത്ഭവ പാപരഹിതയും സര്‍വ്വഥാ നിര്‍മ്മലയുമാണെന്നുള്ളതും മാതാപി താക്കന്മാര്‍ക്ക് ആനന്ദകാരണമായിരിക്കുമല്ലോ. മകള്‍ ദൈവമാതാവായി തിരഞ്ഞെടുക്കപ്പെട്ടത് അറിഞ്ഞ നാള്‍ മുതല്‍ അവരുടെ സന്തോഷം എത്ര വര്‍ദ്ധിച്ചിരിക്കും!

ദൈവമാതാവിന്റെ അമ്മയായ അന്നാ എത്രയും വത്സലയാണ്; പേരിന്റെ അര്‍ത്ഥം തന്നെ അനുഗ്രഹദായക എന്നത്രെ. അവളുടെ വാര്‍ധക്യത്തിലാണ് മറിയം ജനിച്ചത്; തന്നിമിത്തം എത്രയും വാത്സല്യത്തോടെയാണ് ഈ ശിശുവിനെ വളര്‍ത്തിയതെന്ന് ഊഹിക്കാമല്ലോ. അമലോത്ഭവയായ ശിശുവിന്റെ ഓരോ കാല്‍വയ്പും അന്നായ്ക്ക് വളരെ കൗതുകമായിരുന്നിരിക്കണം.

യഹൂദശിശുക്കള്‍ ദൈവാലയത്തില്‍ പുരോഹിതന്മാരുടെ മേല്‍നോട്ടത്തില്‍ ശിശുഗൃഹത്തില്‍ താമസിക്കുന്ന ഒരു പതിവുണ്ടായിരുന്നുവെന്നു പറയുന്നുണ്ട്. തദനുസാരം അന്നാ തന്റെ ശിശുവിനു മൂന്നു വയസ്സുള്ളപ്പോള്‍ ദൈവാലയത്തില്‍ കാഴ്ചവെച്ചുവെന്ന് ഒരു പാരമ്പര്യമുണ്ട്. അതിനാല്‍ തന്റെ നിര്‍മ്മല ശിശുവിന്റെ സഹവാസത്തില്‍നിന്നു ലഭിക്കാമായിരുന്ന ആനന്ദം അന്നാ ബലിചെയ്തു.

ക്രിസ്തീയ കുടുംബങ്ങളുടെ മദ്ധ്യസ്ഥയാണ് അന്നാമ്മ. അവള്‍ നമുക്ക് അമ്മാമ്മയാണല്ലോ. അമ്മാമ്മയുടെ മാധ്യസ്ഥ്യം തേടിയിട്ടുള്ളവര്‍ക്കെല്ലാം അസാധ്യമായ അനുഗ്രഹങ്ങള്‍ സിദ്ധിച്ചിട്ടുണ്ടെന്നു ക്രിസ്തീയ സാഹിത്യം സാക്ഷ്യപ്പെടുത്തുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തി 550-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിശുദ്ധ അന്നാമ്മയുടെ ബഹുമാനാര്‍ത്ഥം ഒരു ദൈവാലയം പണി ചെയ്യുകയുണ്ടായി. 705-ല്‍ വേറൊന്നു ജസ്റ്റീനിയന്‍ ദ്വിതീയന്‍ നിര്‍മ്മിച്ചു. അന്നാമ്മയുടെപേര്‍ക്കു ഒമ്പതു ചൊവ്വാഴ്ച ഭക്തി ഇന്നും അയര്‍ലന്റില്‍ പ്രചാരത്തിലുണ്ട്. അന്നാമ്മയുടെ ശ്രേഷ്ഠത മറിയത്തിന്റെ അമ്മയായതുകൊണ്ട് മാത്രമല്ല, തന്റെ വത്സല പുത്രിയെ ദൈവത്തിനു കാഴ്ച വച്ചത് ദൈവസ്‌നേഹത്തിന്റെ പാരമ്യമല്ലേ?


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version