ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപമുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടേയും മരിയായുടേയും മകനായി ജോണ്‍ ജനിച്ചു. മാതാപിതാക്കന്മാര്‍ ഭക്തരായ കര്‍ഷകരായിരുന്നു. മതാഭ്യസനം മര്‍ദ്ദന വിധേയമായിരുന്ന കാലത്താണ് ജോണ്‍ വിയാനിയുടെ ബാല്യവും യൗവ്വനവും. രാത്രിയാണ് വൈദികര്‍ ഉപദേശവും മറ്റും നല്കിയിരുന്നത്. ആഗസ്‌ററ് 1 ജോണിന് 20 വയസ്സുള്ളപ്പോള്‍ ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ അവന്‍ പഠനമാരംഭിച്ചു. ലത്തീന്‍ ജോണിന്റെ തലയില്‍ തീരെ കയറിയിരുന്നില്ല. നെപ്പോളിയന്റെ നിര്‍ബന്ധ സൈനിക സേവനത്തെ മറികടന്ന് നോവെയില്‍ ഒരു വര്‍ഷം കുട്ടികളെ പഠിപ്പിച്ചു. 1810-ല്‍ ജോണ്‍ തന്റെ കുടുംബാവകാശം സ്വസഹോദരന്‍ ഫ്രാന്‍സിസ്സിന് വിട്ടുകൊടുത്തു; ജോണിനുപകരം ഫ്രാന്‍സിസു സൈനികസേവനം നിര്‍വ്വഹിക്കാന്‍ സമ്മതിക്കുകയും ചെയ്തു. ആബെ ബെയിലിയുടെ സ്‌ക്കൂളില്‍ കുറേ നാള്‍കൂടെ പഠിച്ചതിനുശേഷം 1813-ല്‍ ജോണ്‍ സെമ്മിനാരിയില്‍ ചേര്‍ന്നു. പഠനം തൃപ്തികരമല്ലെന്നും സ്വഭാവം വിശിഷ്ടമാണെന്നും റെക്ടര്‍ ലിയോണ്‍സിലെ വികാരി ജനറാള്‍ മോണ്‍കൂര്‍ബനെ അറിയിച്ചു.
വികാരി ജനറാള്‍ റെക്ടരോട് ചോദിച്ചു: ”വിയാനി ഭക്തിപൂര്‍വ്വം കൊന്ത ചൊല്ലുമോ?” ദൈവഭക്തിയില്‍ ഒന്നാം സ്ഥാനം വിയാനിക്കാണെന്ന് റെക്ടര്‍ പറഞ്ഞു. എങ്കില്‍ വിയാനിക്ക് ഞാന്‍ പട്ടം കൊടുക്കാന്‍ പോകയാണ് . 1815 ആഗസ്‌ററ് 13-ാം തീയതി ജോണിന് പട്ടംകൊടുത്തു . രണ്ടു കൊല്ലം ബെയിലിയുടെ കീഴില്‍ അസിസ്‌ററന്റായി ജോലി ചെയ്തു. അനന്തരം ആഴ്സിലെ വികാരിയായി. കുമ്പസാരവും കുര്‍ബാനയുമില്ലാതെ ഡാന്‍സും മദ്യവും മേളവുമായി കഴിഞ്ഞിരുന്ന ആഴ്‌സ് ഒരു അനുതാപകേന്ദ്രമായി. തണുപ്പു കാലത്ത് 12 മണിക്കൂറും മറ്റു കാലങ്ങളില്‍ 18 മണിക്കൂറും ഫാദര്‍ വിയാനി കുമ്പസാരക്കൂട്ടില്‍ ചെലവഴിച്ചു പോന്നു. ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവുമായിരുന്നു. ആഴ്‌സിലെ മാനസാന്തരങ്ങള്‍ കണ്ട് പ്രകോപിതരായ പിശാചുക്കള്‍ ഫാദര്‍ ജോണിന്റെ കട്ടിലിന് തീവയ്ക്കുകയുണ്ടായി. കട്ടിലിന്റെ ഇഴകള്‍ തീകത്തിയിരിക്കുന്നത് നേരില്‍കണ്ടിട്ടുള്ള ആളാണ് ഈ വരികള്‍ എഴുതുന്നത്. ഫാദര്‍ ജോണ്‍ സന്മാര്‍ഗ്ഗ ശാസ്ത്രം പഠിച്ചിട്ടില്ലാത്ത ഒരു കപടഭക്തനാണെന്ന് ലിയോണ്‍ സിലെ മെത്രാന്‍ മുമ്പാകെ അസൂയാലുക്കളായ വൈദികരുടെ ആരോപണമുണ്ടായി. വികാരി ജനറാള്‍ നടത്തിയ പരിശോധനയില്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു.
വിയാനിക്ക് പഠനസാമര്‍ത്ഥ്യമില്ലെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും എത്രയും സുന്ദരമായിരുന്നുവെന്നു ആബെമോണില്‍ എഴുതിയിരിക്കുന്ന ജീവചരിത്രം വിശദമാക്കുന്നുണ്ട് . പ്രസംഗങ്ങള്‍ ഫലിത സമ്മിശ്രവും ഹൃദയസ്പര്‍ശകവുമാണ്. തടിച്ച ഒരു സ്ത്രീ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ എന്തു ചെയ്യണമെന്ന് ഫാദര്‍ വിയാനിയോടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ശ്രവിച്ചാലും.’ ‘രക്ഷയിലേക്കുള്ള മാര്‍ഗ്ഗം എത്രയും ഇടുങ്ങിയതും സങ്കുചിതവുമാണ്.’ 20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം പാപികള്‍ അദ്ദേഹത്തെ സമീപിച്ച് ഉപദേശം വാങ്ങിയിട്ടുണ്ട് . മെത്രാന്മാരും വൈദികരുംകൂടി അദ്ദേഹത്തിന്റെ കൂമ്പസാരക്കൂടിനെ സമീപിച്ചിരുന്നു. ഫ്രഞ്ചുഗവര്‍മെന്റ് അദ്ദേഹത്തിന് മാടമ്പി സ്ഥാനം നല്കിയിട്ടുണ്ട് . പ്രായശ്ചിത്തം കൊണ്ട് ശരീരം തീരെ മെലിഞ്ഞിരുന്നെങ്കിലും നേത്രങ്ങള്‍ അവസാനംവരെ ദൈവസ്‌നേഹത്തെ പ്രതി ബിംബിപ്പിച്ചിരുന്നു: കാര്യമായ രോഗമൊന്നും അദ്ദേഹത്തിനുണ്ടായിട്ടില്ല. ഒരാഴ്ചത്തെ ആലസ്യത്തിനുശേഷം 73-ാമത്തെ വയസ്സില്‍ 1859 ആഗസ്‌ററ് 4-ാം തീയതി അദ്ദേഹം ദിവംഗതനാകയാണുണ്ടായത്