വിശുദ്ധ ഡൊമിനിക്കു സ്‌പെയിനില്‍ കാസ്‌ററീല്‍ എന്ന പ്രദേശത്ത് ഒരു പ്രഭു കുടുംബത്തില്‍ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചിത്തങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കു പറ്റിയ ഉത്തമ വിദ്യാഭ്യാസമാണു ഡോമിനിക്കിനു ലഭിച്ചത്. പഠനകാലത്തു 21-ാമത്തെ വയസ്സില്‍ നാട്ടില്‍ ഒരു പഞ്ഞമുണ്ടായപ്പോള്‍ സ്വന്തം പുസ്തകങ്ങളും കൂടി വിററു ഡൊമിനിക്കു ദരിദ്രരെ സഹായിച്ചു. 25-ാമത്തെ വയസ്സില്‍ ഓസ്മാ എന്ന പ്രദേശത്തെ കാനണ്‍സിന്റെ സുപ്പീരിയറായി. ഫ്രാന്‍സില്‍ തന്റെ ബിഷപ്പിന്റെ കൂടെ ഒരുയാത്ര ചെയ്തു. ആല്‍ബിജെന്‍സിയന്‍ പാഷണ്ഡത വരുത്തികൂട്ടിയിരുന്ന നാശം അദ്ദേഹം നേരില്‍ കണ്ടു. ശേഷം ജീവിതം പാഷണ്ഡികളുടെ മാനസാന്തരത്തിനും വിശ്വാസ സംരക്ഷണത്തിനുമായി അദ്ദേഹം ചെലവഴിച്ചു.
ഇതിനായി അദ്ദേഹം മൂന്നു സന്യാസസഭകള്‍ സ്ഥാപിച്ചു. ചെറിയ പെണ്‍കുട്ടികളെ പാഷണ്ഡതയില്‍നിന്നും അബദ്ധങ്ങളില്‍നിന്നും സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്കായി ഒരു സഭ ആദ്യം അദ്ദേഹം തുടങ്ങി . അക്കാലത്തു ഭക്തരായ ചിലര്‍ അദ്ദേഹത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവരെയെല്ലാം ചേര്‍ത്ത്, ‘ഫ്രയര്‍ പ്രീച്ചേഴ്‌സ്” (പ്രഭാഷക സഹോദരര്‍) എന്ന പേരില്‍ വേറൊരു സഭ ആരംഭിച്ചു. പിന്നീടു കുടുംബ ജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മൂന്നാം സഭ ആരംഭിച്ചു. ദൈവം പുതിയ സഭയെ ആശീര്‍വ്വദിച്ചു. അത് അതിവേഗം ഫ്രാന്‍സ്, ഇററലി, ഇംഗ്ലണ്ട്, സ്‌പെയിന്‍ മുതലായ രാജ്യങ്ങളില്‍ പരന്നു.
1208-ല്‍ പ്രൗവില്‍ (Proville) എന്ന സ്ഥലത്തുണ്ടായിരുന്ന ദൈവമാതൃ ദൈവാലയത്തില്‍ മുട്ടുകുത്തി തിരുസ്സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൈവമാതാവു പ്രത്യക്ഷപ്പെട്ടു ജപമാല നല്കിക്കൊണ്ട് അതു പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. പാഷണ്ഡികള്‍ അദ്ദേഹത്തെ വധിക്കാന്‍പോലും പരിശ്രമിച്ചെങ്കിലും അവസാനം പാഷണ്ഡത തകര്‍ന്നു. രാത്രി പ്രാര്‍ത്ഥനയിലാണ് അദ്ദേഹം ചെലവഴിച്ചിരുന്നത് . രാവിലെ എഴുന്നേററു രക്തം പൊടിയുന്നതുവരെ സ്വശരീരത്തില്‍ ചമ്മട്ടികൊണ്ട് അടിച്ചിരുന്നുവെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട് . ജപമാല ഭക്തിയും എരിയുന്ന വാഗ്വിലാസവും ജീവിത വിശുദ്ധിയുമാണ് പാഷണ്ഡികളുടെ മാനസാന്തരത്തിന് വഴി തെളിച്ചത്. ക്ഷീണിതനായി 1221 ആഗസ്റ്റ് 6 ന് വിശുദ്ധ ഡോമിനിക് അന്തരിച്ചു.